മാർപാപ്പമാർക്കായി വാഹനം നിർമ്മിക്കുന്നതിന്റെ ദീർഘകാല ചരിത്രം അനുസ്മരിച്ച് മെഴ്‌സിഡസ് ബെൻസ്

മാർപാപ്പയുടെ ഔദ്യോഗിക വാഹനമായ ‘പോപ്പ് മൊബൈൽ’ (Popemobile) നിർമ്മിക്കുന്നതിന്റെ നൂറാം വാർഷികം ആഘോഷിച്ച് പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ്. ഈ ചരിത്രനിമിഷത്തിന്റെ ഭാഗമായി ബുധനാഴ്ച മെഴ്‌സിഡസ് ബെൻസ് എക്സിക്യൂട്ടീവുകളുമായി ലെയോ പതിനാലാമൻ മാർപാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേദിവസം തന്നെ വത്തിക്കാൻ മ്യൂസിയത്തിൽ ‘പോപ്പ് മൊബൈലിന്റെ ഒരു നൂറ്റാണ്ട്’ (A Century of the Popemobile) എന്ന പേരിലുള്ള പ്രത്യേക പ്രദർശനത്തിനും തുടക്കമായി.

1930-ൽ പീയൂസ് പതിനൊന്നാമൻ മാർപാപ്പയ്ക്ക് സമ്മാനിച്ച ആദ്യത്തെ പോപ്പ് മൊബൈലും, 1981 മേയ് 13-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് നേരെ വെടിവയ്പ്പുണ്ടായ സമയത്ത് ഉപയോഗിച്ചിരുന്ന വാഹനവും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെഴ്‌സിഡസ് ബെൻസ് അധികൃതരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ, വത്തിക്കാനുമായുള്ള കമ്പനിയുടെ ദീർഘകാല പങ്കാളിത്തത്തെ മാർപാപ്പ പ്രശംസിക്കുകയും, വിശുദ്ധ പത്രോസിന്റെ കാലം മുതൽ ഇന്നു വരെയുള്ള മാർപാപ്പമാരുടെ യാത്രാരീതികളിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അനുസ്മരിക്കുകയും ചെയ്തു.

“പതിറ്റാണ്ടുകളായി മാർപാപ്പയ്ക്ക് വിശ്വാസികളുമായി നേരിട്ട് ബന്ധപ്പെടാനുള്ള ഒരു ഉപാധിയായി മാറിയിരിക്കുകയാണ് പോപ്പ് മൊബൈൽ . ഇടയസന്ദർശനങ്ങളിലും പൊതുചടങ്ങുകളിലും വിശ്വാസികളോട് കൂടുതൽ അടുത്തായിരിക്കാൻ ഇത് മാർപാപ്പയെ സഹായിക്കുന്നു. ഇത്തരത്തിൽ, ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശം ലോകത്തിന് മുന്നിൽ എത്തിക്കാനുമുള്ള തിരുസഭയുടെ ദൗത്യത്തിന് നിങ്ങളുടെ പ്രവൃത്തി വലിയൊരു പിന്തുണയായി മാറിയിട്ടുണ്ട്”- പാപ്പ പറഞ്ഞു.

സാങ്കേതിക മുന്നേറ്റങ്ങളെ മാനവികതയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും പൊതുനന്മയുടെയും സേവനത്തിനായി വിനിയോഗിച്ചുകൊണ്ട്, കൂടുതൽ സുസ്ഥിരമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിലേക്ക് തങ്ങളുടെ നവീകരണങ്ങളെ തിരിച്ചുവിടാൻ മാർപാപ്പ മെഴ്‌സിഡസ് ബെൻസിന്റെ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

1859-ൽ വാഴ്ത്തപ്പെട്ട പീയൂസ് ഒൻപതാമൻ മാർപാപ്പയാണ് ആദ്യമായി പേപ്പൽ ട്രെയിൻ (Papal Train) ഉപയോഗിച്ചത്. 1930-ൽ പീയൂസ് പതിനൊന്നാമൻ മാർപാപ്പയ്ക്ക് മെഴ്‌സിഡസ് ബെൻസ് സമ്മാനിച്ച ‘ന്യൂബർഗ് 460 പുൾമാൻ’ (Nürburg 460 Pullman) ആണ് മാർപാപ്പയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച ആദ്യത്തെ മോട്ടോർ വാഹനം (Automobile).

1965-ൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ അമേരിക്കൻ സന്ദർശനത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ലിങ്കൺ കോണ്ടിനെന്റൽ’ (Lincoln Continental) വാഹനത്തെ വിശേഷിപ്പിക്കാനാണ് ‘പോപ്പ് മൊബൈൽ’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ശേഷമുള്ള മാർപാപ്പമാരെല്ലാം പോപ്പ് മൊബൈൽ ഉപയോഗിച്ചു വരുന്നു. 1981-ൽ ജോൺ പോൾ രണ്ടാമന് നേരെ വെടിയുതിർത്ത സംഭവത്തിന് ശേഷം, പിന്നീടുള്ള മോഡലുകളിൽ എല്ലാം സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടാണ് മെഴ്‌സിഡസ് ബെൻസ് പോപ്പ് മൊബൈലുകൾ നിർമ്മിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.