
എത്യോപ്യയിലെ ഒറോമിയ മേഖലയിലുണ്ടായ ആയുധധാരികളുടെ അതിക്രൂരമായ ആക്രമണത്തിൽ 34 ഓർത്തഡോക്സ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച റോബ് ജില്ലയിലെ എൻഡാറ്റോ ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും വീടുകളും കടകളും തകർക്കപ്പെടുകയും ചെയ്തു. മൂന്നാഴ്ചയ്ക്കുള്ളിൽ നടന്ന വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട വിശ്വാസികളുടെ എണ്ണം ഇതോടെ 94 ആയി ഉയർന്നിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയും അക്രമികൾ വെടിയുതിർത്തു. ഒക്ടോബർ 20, 24 തീയതികളിൽ മെർട്ടി, ഷിർക്ക എന്നീ മേഖലകളിൽ നടന്ന ആക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെട്ടിരുന്നതായി സഭ വ്യക്തമാക്കി. ആക്രമണങ്ങളെ ശക്തമായി അപലപിച്ച സഭാനേതൃത്വം വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുപതോളം പ്രതികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും വീണ്ടും ആക്രമണമുണ്ടായത് ജനങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. മൂന്നു കോടിയിലധികം വിശ്വാസികളുള്ള എത്യോപ്യൻ ഓർത്തഡോക്സ് തവാഹെഡോ സഭയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.




