വാഴ്ത്തപ്പെട്ട ഹാസിന്തോ വേര: ഉറുഗ്വേ സഭയ്ക്ക് മാതൃകയായി ലെയോ പാപ്പ ചൂണ്ടിക്കാണിച്ച മാതൃകാപുരുഷൻ

ഉറുഗ്വേ തലസ്ഥാനമായ മൊന്തെവീദിയോയിലെ മെട്രോപൊളീറ്റൻ കത്തീഡ്രലിൽ നടന്ന സന്ധ്യാപ്രാർഥനയ്ക്കിടെ (Vespers), ഉറുഗ്വേ ബിഷപ്പുമാർക്കും വൈദികർക്കും സന്ന്യാസിമാർക്കും സെമിനാരി വിദ്യാർഥികൾക്കുമായി ലെയോ പതിനാലാമൻ മാർപാപ്പ വാഴ്ത്തപ്പെട്ട ഹാസിന്തോ വേരയെ ഒരു മഹത്തായ മാതൃകയായി ഉയർത്തിക്കാട്ടി. “അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നുള്ള ഒരു വാക്ക് കേൾക്കുന്നതിനു മുൻപുതന്നെ, അദ്ദേഹത്തെ സമീപിച്ചവർ ക്രിസ്തുവിന്റെ നന്മയെ അനുഭവിച്ചറിഞ്ഞു,” വാഴ്ത്തപ്പെട്ട ഹാസിന്തോ വേരയെ സ്മരിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു.

2023 മേയ് ആറിന് മൊന്തെവീദിയോയിലെ ചരിത്രപ്രസിദ്ധമായ സെന്റെനാരിയോ സ്റ്റേഡിയത്തിൽ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ഹാസിന്തോ വേരയുടെ ഭൗതികശരീരം ഈ കത്തീഡ്രലിലെ പേടകത്തിലാണ് അടക്കം ചെയ്തിരിക്കുന്നത്.

ആരായിരുന്നു വാഴ്ത്തപ്പെട്ട ഹാസിന്തോ വേര?

ഉറുഗ്വേയുടെ ആദ്യ ബിഷപ്പായിരുന്നു വാഴ്ത്തപ്പെട്ട ഹാസിന്തോ വേര യ ദുരാൻ (Jacinto Vera y Durán). 1813 ജൂലൈ മൂന്നിന് സ്പെയിനിലെ കാനറി ദ്വീപുകളിൽ നിന്ന് ഉറുഗ്വേയിലേക്ക് കുടിയേറിയ കുടുംബത്തിൽ, അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു കപ്പലിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പത്തിൽ ഗ്രാമീണമേഖലകളിൽ ജോലിചെയ്ത അദ്ദേഹം 19-ാം വയസ്സിൽ പൗരോഹിത്യത്തിലേക്ക് ആകൃഷ്ടനായി. ബ്യൂണസ് ഐറീസിൽ പരിശീലനം പൂർത്തിയാക്കി 1841 ജൂൺ അഞ്ചിന് വൈദികനായി.

1842 മുതൽ 1859 വരെയുള്ള 17 വർഷം ഇടവക വികാരിയായിരുന്നു അദ്ദേഹം. 1859 ൽ മൊന്തെവീദിയോയിലെ അപ്പസ്തോലിക് വികാരിയായി നിയമിതനായി. സഭയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരുമായി പോരാടിയതിന്റെ പേരിൽ 1862 മുതൽ 1863 വരെ ബ്യൂണസ് ഐറീസിലേക്ക് നാടുകടത്തപ്പെട്ടു.

1864 ൽ മെഗാറയുടെ ബിഷപ്പായി അഭിഷിക്തനായ അദ്ദേഹം ഒന്നാം വത്തിക്കാൻ കൗൺസിലിലും (1869-1870) പങ്കെടുത്തു. ഉറുഗ്വേയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം രാജ്യത്തെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചു. 1875 ജനുവരിയിൽ ഉറുഗ്വേയെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചു. 1878 ൽ മൊന്തെവീദിയോ രൂപത നിലവിൽ വന്നപ്പോൾ അതിന്റെ ആദ്യ ബിഷപ്പായി അദ്ദേഹം നിയമിതനായി.

1881 ഏപ്രിൽ 28 ന് പാൻ ഡി അസുക്കാറിലേക്കുള്ള (Pan de Azúcar) മിഷൻ യാത്രയ്ക്കിടെ കഠിനമായ കാലാവസ്ഥ കാരണം രോഗബാധിതനാവുകയും മേയ് ആറിന് മരണപ്പെടുകയും ചെയ്തു. 1936 ൽ ഒരു പെൺകുട്ടിക്ക് ലഭിച്ച അദ്ഭുത രോഗശാന്തി അംഗീകരിച്ച് 2022 ഡിസംബറിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 2023 മേയ് ആറിനാണ് അദ്ദേഹം വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.