2027-ലെ ആഗോള യുവജന സംഗമത്തിന്റെ ഔദ്യോഗിക വേദികൾ പ്രഖ്യാപിച്ചു: സമാപന ദിവ്യബലിയിൽ പത്തുലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷ

2027 ൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കുന്ന ആഗോള യുവജന സംഗമത്തിന്റെ ഔദ്യോഗിക വേദികൾ സംഘാടകർ പ്രഖ്യാപിച്ചു. 2027 ആഗസ്റ്റ് മൂന്നു മുതൽ എട്ടു വരെയാണ് ആഗോള യുവജന സംഗമം നടക്കുന്നത്. ഇതിന്റെ സമാപന ദിവസത്തെ ദിവ്യബലിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം പത്തുലക്ഷത്തോളം തീർഥാടകർ പങ്കെടുക്കുമെന്ന പ്രതീക്ഷയും സംഘാടകർ പങ്കുവയ്ക്കുന്നുണ്ട്.

ഉദ്ഘാടന ദിവ്യബലി, മാർപാപ്പയെ സ്വീകരിക്കുന്ന ചടങ്ങ്, കുരിശിന്റെ വഴി എന്നിവയ്ക്ക് സിയോൾ വേൾഡ് കപ്പ് സ്റ്റേഡിയം വേദിയാകും. തലസ്ഥാനത്തിന് തൊട്ടടുത്തുള്ള സോങ്നാമിലെ സിയോൾ എയർപോർട്ടിലാണ് ജാഗരണ പ്രാർഥനയും സമാപന ദിവ്യബലിയും നടക്കുക. 190 രാജ്യങ്ങളിൽ നിന്നുള്ള നാലുലക്ഷം അന്താരാഷ്ട്ര തീർഥാടകർ ഉൾപ്പെടെ ഏകദേശം അഞ്ചുലക്ഷം പേർ രജിസ്റ്റർ ചെയ്യുമെന്നണ് സംഘാടകർ കരുതുന്നത്.

തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കാനും വ്യത്യാസങ്ങൾക്കപ്പുറം പരസ്പരം കണ്ടുമുട്ടാനും ഈ സംഗമം ചെറുപ്പക്കാർക്ക് പ്രചോദനമാകുമെന്ന് സിയോൾ ആർച്ചുബിഷപ്പ് പീറ്റർ ചുങ് സൂൺ-ടൈക്ക് പറഞ്ഞു. ആഗോള യുവജന സംഗമത്തിന് ദക്ഷിണ കൊറിയൻ സർക്കാരിന്റെ ഭാഗത്തു നിന്നും പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നതെന്നും കത്തോലിക്കാ സംഘാടകർ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയൻ സർക്കാരും പാർലമെന്റും കത്തോലിക്കാ സഭയും സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. ഒക്ടോബർ 31-ന് സിയോളിലെ നാഷണൽ അസംബ്ലി മെമ്പേഴ്സ് ഓഫീസ് കെട്ടിടത്തിൽ വെച്ചായിരുന്നു ഈ കരാർ ഒപ്പിടൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.