

മുറിവേറ്റവനെ വീണിടത്തു നിന്ന് എഴുന്നേൽപിച്ചത് കാരുണ്യം, അവന് അവശ്യം വേണ്ട ശുശ്രൂഷകൾ അമാന്തം കൂടാതെ നൽകിയത് കാരുണ്യം, അവനെ കഴുതപ്പുറത്തേറ്റി സത്രത്തിലെത്തിച്ചത് കാരുണ്യം, സത്രം സൂക്ഷിപ്പുകാരന് തന്റെ കൈയിലുള്ളതൊക്കെ കൊടുത്തതും കാരുണ്യം. എന്നിട്ടും കരുണയുടെ ഉറവ വറ്റാതെ മുറിവേറ്റവന്റെ ‘നാളെ’കളിലേക്ക്, “അധിക ചിലവ് വരുന്നത് തിരികെ വരുമ്പോൾ തരാം” എന്നുപറഞ്ഞ് കാരുണ്യം കാണിച്ചു കടക്കാരനായവൻ നല്ല
സമരിയാക്കാരൻ.
ഇന്ന് കാരുണ്യപ്രവൃത്തികൾ കേവലം ഒരു ദിവസത്തെ ആഘോഷമാണ്. പത്രത്തിലും സോഷ്യൽ മീഡിയയിലും വാർത്ത, ഫ്ലെക്സ് അടിച്ച് കഴിയുന്നിടത്തൊക്കെ വച്ച് പരസ്യം, ‘കാരുണ്യം’ ഏറ്റുവാങ്ങിയവനുമൊത്ത് ഒരു സെൽഫി, ഏറ്റുവാങ്ങിയവന്റെ ‘നാളെ’കളെക്കുറിച്ച് ആകുലതയില്ലാതെ, ഒടുവിൽ കാരുണ്യം കാട്ടിയവരൊക്കെ ചേർന്ന് രാത്രിവിരുന്ന്.
കനിവ് യാചിച്ചവന് കരുതലോടെ കടക്കാരനായ നല്ല ശമരിയാക്കാരനെപ്പോലെ അപരന്റെ ജീവിതത്തിന് തുണപോകുന്ന കാരുണ്യത്തിന്റെ കൈത്താങ്ങാവാൻ കഴിയുമ്പോഴാണ് നമ്മുടെ കാരുണ്യപ്രവൃത്തികൾ അർഥവത്താകുന്നത്. “നീ ധർമ്മദാനം ചെയ്യുമ്പോൾ അത് രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ” (മത്തായി 6: 3).
പരിക്കേറ്റവനെ സത്രത്തിലാക്കി കൂടുതൽ പരിചരണം ഉറപ്പാക്കി സത്രക്കാരനെ ഏൽപിച്ച് യാത്രയാകുന്ന രംഗം വളരെ വികാരനിർഭരമാണ്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ ആ യാത്ര പുറംലോകത്തിന് ഒരു വലിയ സന്ദേശം നൽകുന്നു. താൻ വീണ്ടും വരുമ്പോൾ, മുറിവേറ്റവർക്കായി നാം ചെയ്യുന്ന അധിക നന്മകൾക്ക് (കൂടുതലായി ചെലവാകുന്നത്) പ്രതിഫലം നൽകും എന്ന വാഗ്ദാനമാണിത്.
ജീവിതസത്രത്തിന്റെ ഏതോ ഒരു മുറിയിൽ, പൊറുക്കാത്ത മുറിവുകളുടെ നീറ്റലുമായി ഇന്നും ചിലർ കിടക്കുന്നു. അവർക്ക് ഒരു സുവിശേഷമുണ്ട്. നിന്റെ മുറിവിന്റെ ആഴം നിനക്കു പോലും അറിയാതിരിക്കാം. പക്ഷേ, അതറിഞ്ഞ ഒരുവനുണ്ട്. നല്ല സമറായനായ ക്രിസ്തു. അവൻ മടങ്ങിവരും. മാറാനാത്ത…
ജിൻസി സന്തോഷ്




