റവ. ഡോ. സാജു പിണക്കാട്ട് സൗത്ത് വാർക്ക് അതിരൂപതയുടെ ചാപ്റ്റർ കാനൻ

ബ്രിട്ടനിലെ സൗത്ത് വാർക്ക് കത്തോലിക്കാ അതിരൂപത വൈദികനായ റവ. ഡോ. സാജു പിണക്കാട്ട് ചാപ്റ്റർ കാനനായി (മോൺസിഞ്ഞോറിനു തുല്യപദവി) നിയമിതനായി. അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ജോൺ വിൽസണാണ് നിയമനം നടത്തിയത്. ബ്രോംലിയിലെ സെന്റ് ജോസഫ് ആൻഡ് സെന്റ് സ്വിതുൻ ഇടവക വികാരിയും ബ്രോംലി ഫൊറോനയുടെ ഡീനുമാണ് അദ്ദേഹം.

അതിരൂപതയിലെ വൈദികർ, സമർപ്പിതർ, വിശ്വാസികൾ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ്പ് ജോൺ വിൽസൺ അദ്ദേഹത്തെ ഔദ്യോഗികമായി ചാപ്റ്റർ കാനനായി സ്ഥാനാരോഹണം ചെയ്തു. ബിഷപ്പ് പോൾ ഹെൻഡ്രിക്സ്, ബിഷപ്പ് ജെറാർഡ് ബ്രാഡ്ലി, കാനൻ വിക്ടർ, കത്തീഡ്രൽ ഡീൻ മൈക്കിൾ ബ്രാഞ്ച്, പ്രോവോസ്റ്റ് കാനൻ ജിം ക്രോണിൻ എന്നിവർ സഹകാർമ്മികരായി.

അതിരൂപതയുടെ ആത്മീയവും ആരാധനാക്രമപരവും അജപാലനപരവുമായ ദൗത്യങ്ങളിൽ ആർച്ച്ബിഷപ്പിനെ സഹായിക്കുന്ന സമിതിയിലെ അംഗമാണ് ചാപ്റ്റർ കാനൻ. അതിരൂപതയുടെ പ്രധാന ആരാധനാഘോഷങ്ങളിൽ പങ്കുചേരുക, സഭാനേതൃത്വത്തിന് ആവശ്യമായ ഉപദേശങ്ങളും പിന്തുണയും നൽകുക, വൈദികരും അൽമായരും തമ്മിലുള്ള ഐക്യം വളർത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഈ പദവിയുടെ ഭാഗമാണ്. ഇടവക ശുശ്രൂഷകൾ തുടർന്നുകൊണ്ടു തന്നെയാണ് അദ്ദേഹം പുതിയ ഉത്തരവാദിത്വവും നിർവഹിക്കുക.

റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് വിശുദ്ധ ഗ്രന്ഥ ശാസ്ത്രത്തിൽ ലൈസൻഷ്യേറ്റ് നേടിയ റവ. ഡോ. സാജു പിണക്കാട്ട് 2008 ലാണ് യുകെയിലെത്തിയത്. അജപാലന ശുശ്രൂഷകൾക്കൊപ്പം ലണ്ടനിലെ ഹെയ്ത്രോപ് കോളേജിൽ നിന്ന് ബൈബിൾ പഠനത്തിൽ ഡോക്ടറേറ്റും നേടി. 2014 മുതൽ 2021 വരെ വോണർഷിലെ സെന്റ് ജോൺസ് സെമിനാരിയിൽ വിശുദ്ധ ഗ്രന്ഥ ശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു.

യുകെയിലെ സീറോമലബാർ വിശ്വാസികളുടെ അജപാലന, ആത്മീയ, മതബോധന ശുശ്രൂഷകളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമാകുന്നതിനു മുൻപു തന്നെ ഈ മേഖലയിലെ ശുശ്രൂഷകളിൽ സജീവമായിരുന്ന അദ്ദേഹം 2018 മുതൽ 2024 വരെ സീറോമലബാർ മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു.

കപ്പുച്ചിൻ സന്ന്യാസ സമൂഹാംഗമായിരുന്ന റവ. ഡോ. സാജു പിണക്കാട്ട് തലശേരി അതിരൂപതയിലെ കുടിയാന്മല ഫാത്തിമ മാതാ ഇടവകാംഗവും തോമസ് പിണക്കാട്ടിന്റെയും പരേതയായ മേരി അറക്കപ്പറമ്പിലിന്റെയും മകനാണ്.

സീറോമലബാർ സഭയ്ക്കും യുകെയിലെ മലയാളി കത്തോലിക്കാ വിശ്വാസി സമൂഹത്തിനും അഭിമാനകരമായ നേട്ടമാണ് അദ്ദേഹത്തിന് ലഭിച്ച ഈ നിയമനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.