
യേശുക്രിസ്തുവിന്റെ മാമോദീസയുടെ രണ്ടായിരാമാണ്ട് വാർഷികത്തിന് മുന്നോടിയായിട്ടുള്ള തയ്യാറെടുപ്പുകൾക്കായി ജോർദാനിലെ സിവിൽ-മതനേതാക്കൾ ഒന്നിക്കുന്നു. സ്നാപകയോഹന്നാനിൽ നിന്ന് യേശുക്രിസ്തു മാമോദീസ സ്വീകരിച്ചതിന്റെ 2,000 വർഷങ്ങൾ 2030 ൽ തികയുകയാണ്. നിലവിൽ ജോർദാനിലെ ‘അൽ-മഗ്താസ്’ (Al-Maghtas) എന്ന സ്ഥലത്തുവച്ചാണ് ഈശോയുടെ മാമോദീസ നടന്നതെന്നാണ് കരുതപ്പെടുന്നത്.
ഓഗസ്റ്റ് 10 തിങ്കളാഴ്ച, യേശുക്രിസ്തുവിന്റെ മാമോദീസയുടെ രണ്ടാം സഹസ്രാബ്ദം ആഘോഷത്തിനായുള്ള ദേശീയ സമിതിയുടെ ആദ്യ യോഗത്തിന് ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാർ, മത-സാമൂഹികനേതാക്കൾ, പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് ഈ സമിതി. ചരിത്രപരമായ ഈ ചടങ്ങിന്റെ തയ്യാറെടുപ്പുകൾക്കും മേൽനോട്ടത്തിനുമുള്ള പ്രധാന ദേശീയകേന്ദ്രമായി ഈ സമിതി പ്രവർത്തിക്കും.
അബ്ദുള്ള രണ്ടാമൻ രാജാവിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ടും ജോർദാനിലെ കൗൺസിൽ ഓഫ് ചർച്ച് ലീഡേഴ്സ് മുന്നോട്ടുവച്ച ആശയത്തെ പിന്തുണച്ചുകൊണ്ടും തയ്യാറെടുപ്പുകൾ ഉടനടി ആരംഭിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഹസ്സൻ യോഗത്തിൽ ഊന്നിപ്പറഞ്ഞു. യേശുക്രിസ്തുവിന്റെ മാമോദീസയുടെ രണ്ടാം സഹസ്രാബ്ദം ആചരിക്കുന്നത് ജോർദാന്റെ ചരിത്രപരവും മതപരവുമായ പ്രാധാന്യത്തെയും ക്രിസ്തീയ തീർഥാടനത്തിനായുള്ള ആഗോള കേന്ദ്രമെന്ന നിലയിലുള്ള അതിന്റെ പങ്കിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം സഹവർത്തിത്വം, പരസ്പര ബഹുമാനം, സമാധാനം, സ്നേഹം, മാനവിക സാഹോദര്യം എന്നിവയുടെ സന്ദേശവും ഇത് ഉയർത്തിക്കാട്ടുന്നു.
ജോർദാനെ ഒരു മതപാരമ്പര്യ ഭൂമിയായും ക്രിസ്ത്യൻ തീർഥാടകരുടെ ആഗോള കേന്ദ്രമായും ശക്തിപ്പെടുത്താനുള്ള അവസരമാണിതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഈ അവസരത്തെ പിന്തുണയ്ക്കാൻ സർക്കാർ ലഭ്യമായ എല്ലാ വിഭവങ്ങളും ഏകോപിപ്പിക്കുകയാണെന്നും വ്യക്തമാക്കി.
മാമോദീസ സ്ഥലത്തിന് സമീപമുള്ള സ്ഥലങ്ങളുടെ വികസനത്തിനായുള്ള, ഫൗണ്ടേഷൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ അവലോകനവും യോഗത്തിൽ നടന്നു. ക്രിസ്ത്യൻ തീർഥാടകർക്കും സന്ദർശകർക്കുമായി സംയോജിത ഗ്രാമം (Integrated Village), യേശുക്രിസ്തുവിന്റെ മാമോദീസയ്ക്കായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയം, ഹരിത ഇടനാഴി (Green Corridor), പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ചടങ്ങിന്റെ പ്രാധാന്യത്തിന് അനുയോജ്യമായ രീതിയിൽ, വിദഗ്ധരുടെയും വിദഗ്ധ സ്ഥാപനങ്ങളുടെയും പിന്തുണയോടെ പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രത്യേക ഉപസമിതികൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. 2030-ലെ ആഘോഷങ്ങൾക്കായുള്ള ഈ ദേശീയ സമിതിയുടെ അധ്യക്ഷൻ ജോർദാൻ പ്രധാനമന്ത്രിയാണ്. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ, ആഭ്യന്തരം, ഡിജിറ്റൽ എക്കണോമി ആന്റ് എന്റർപ്രണർഷിപ്പ്, ടൂറിസം ആന്റ് ആന്റിക്വിറ്റീസ് എന്നീ വകുപ്പുകളുടെ മന്ത്രിമാർ സമിതിയിൽ അംഗങ്ങളാണ്.
ഇവർക്ക് പുറമെ ജോർദാനിലെ ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫോറോസ് അതല്ല, ലത്തീൻ പാത്രിയാർക്കൽ വികാരി ആർച്ച്ബിഷപ്പ് ഡോ. ഇയാദ് ത്വൽ, ആംഗ്ലിക്കൻ ആർച്ച്ബിഷപ്പ് ഹൊസാം നൗം, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചിന്റെ മുൻ ബിഷപ്പ് മുനീബ് യൂനാൻ, ബാപ്റ്റിസം സൈറ്റ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർപേഴ്‌സൺ, ബാപ്റ്റിസം സൈറ്റ് കമ്മീഷൻ ഡയറക്ടർ ജനറൽ, ജോർദാൻ ടൂറിസം ബോർഡ് ഡയറക്ടർ ജനറൽ, നദീം അൽ-മവാഷർ, ഒസാമ ഇംസീഹ്, ബസെം ഫറജ് എന്നിവരും ഈ സമിതിയിലെ അംഗങ്ങളാണ്.




