
കാനഡയിൽ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മതവിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 2025-ൽ 18 ശതമാനം കുറവുണ്ടായതായി കനേഡിയൻ ഗവൺമെന്റിന്റെ പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. രാജ്യത്ത് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകളിലാണ് (Police Reported Crime Statistics 2025) ഈ വിവരമുള്ളത്.
2024-ൽ 4,841 ആയിരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ 2025-ൽ 4,708 ആയി കുറഞ്ഞു (3% കുറവ്). 1,00,000 ആളുകളിൽ കണക്കാക്കുന്ന നിരക്ക് അടിസ്ഥാനമാക്കിയാൽ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 4 ശതമാനത്തിന്റെ കുറവുണ്ടായി. 2018 മുതൽ 2024 വരെയുള്ള കാലയളവിൽ കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി (+166%) വർധിച്ചിരുന്നു. ഈ കുതിച്ചുചാട്ടത്തിന് ശേഷമാണ് 2025-ൽ ആദ്യമായി കുറവ് രേഖപ്പെടുത്തുന്നത്.
മതപരമായ വിദ്വേഷം മൂലമുണ്ടായ കുറ്റകൃത്യങ്ങളിൽ ഉണ്ടായ ഇടിവാണ് മൊത്തത്തിലുള്ള കണക്കുകളിൽ പ്രതിഫലിച്ചത്. കത്തോലിക്കരോടും കത്തോലിക്കാ വിശ്വാസത്തോടും ഉള്ള വിദ്വെഷ പ്രവർത്തനങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ചു 2025 ൽ 36% കുറവുണ്ടായതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ജെ.എൻ.എസ് (JNS) നൽകുന്ന വിശകലന റിപ്പോർട്ട് അനുസരിച്ച്, കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങളിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ജൂതസമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും ഉയർന്ന തോതിൽ തുടരുന്നു. കാനഡയിലെ മൊത്തം ജനസംഖ്യയുടെ 1 ശതമാനം മാത്രമാണ് ജൂതസമൂഹം. എന്നാൽ 2025-ൽ ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടു നടന്ന മൊത്തം വിദ്വേഷ കുറ്റകൃത്യങ്ങളിൽ 70.7 ശതമാനവും ജൂതസമൂഹത്തിന് നേരെയായിരുന്നു.




