
രാവിലെ കൂട്ടുകാർ സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ, 11 വയസ്സുകാരി ഹസ്ന ജാബർ ആളൊഴിഞ്ഞ പാടങ്ങളിലൂടെ നടക്കുകയായിരുന്നു; പുസ്തകങ്ങളുമായിട്ടായിരുന്നില്ല, ആളുകൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കാൻ. ഒരു വ്യാഴവട്ടത്തിലേറെയായി തുടരുന്ന യുദ്ധം തകർത്ത യെമനിലെ തെരുവുകളിൽ ദിവസവും കാണുന്ന ഹൃദയഭേദകമായ കാഴ്ചയാണിത്. അക്ഷരങ്ങൾ പഠിച്ച് വളരേണ്ട പ്രായത്തിൽ, കുടുംബത്തിന്റെ പട്ടിണി മാറ്റാൻ തൊഴിലിടങ്ങളിലേക്ക് ഇറങ്ങാൻ വിധിക്കപ്പെട്ടവരാണ് യെമനിലെ ഒരു വലിയ വിഭാഗം കുട്ടികൾ.
വിശപ്പിനു മുന്നിൽ തോറ്റുപോയ സ്വപ്നങ്ങൾ
“എനിക്കൊരു അധ്യാപികയാകണം എന്നാണ് ആഗ്രഹം. മൂന്നാം ക്ലാസ് വരെ ഞാൻ പഠിച്ചു. പിന്നെ അച്ഛനെ സഹായിക്കാൻ വേണ്ടി ഞാനും എന്റെ രണ്ട് ജ്യേഷ്ഠന്മാരും പഠനം നിർത്തി,” ഹസ്നയുടെ വാക്കുകളിൽ നിറയുന്നത് അകാലത്തിൽ കരിഞ്ഞുപോയ സ്വപ്നങ്ങളുടെ നോവാണ്. ദിവസവും കുപ്പികൾ പെറുക്കി വിറ്റാൽ അവൾക്ക് കിട്ടുന്നത് 1,500 യെമൻ റിയാൽ മാത്രമാണ്. ആ ചെറിയ തുക കൊണ്ടാണ് ആ കുടുംബം വിശപ്പടക്കുന്നത്.
ഹസ്നയുടെ അച്ഛൻ 35 കാരനായ ജാബർ അലിയുടെ വാക്കുകൾ ഏതൊരു മാതാപിതാക്കളുടെയും നെഞ്ചകം തകർക്കുന്നതാണ്. “എനിക്ക് രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ മക്കളെ സ്കൂളിൽ അയച്ചിട്ട് അവർ പട്ടിണി കിടക്കുന്നത് നോക്കിനിൽക്കുക, അല്ലെങ്കിൽ ജീവൻ നിലനിർത്തുന്നതിനായി ജോലി ചെയ്യാൻ അവരോട് ആവശ്യപ്പെടുക. എനിക്ക് രണ്ടാമത്തെ വഴി തിരഞ്ഞെടുക്കേണ്ടിവന്നു. കാരണം, ഇപ്പോൾ ഞങ്ങൾക്ക് വിദ്യാഭ്യാസമല്ല, അന്നമാണ് പ്രധാനം.”
കണക്കുകൾക്കപ്പുറത്തെ കണ്ണുനീർ
ഹസ്ന ഒറ്റപ്പെട്ട ഒരു ഉദാഹരണമല്ല. യുണിസെഫിന്റെ കണക്കുകൾ പ്രകാരം ഈ വർഷം യെമനിൽ 32 ലക്ഷം കുട്ടികളാണ് ദാരിദ്ര്യം മൂലം പഠനം ഉപേക്ഷിച്ചിരിക്കുന്നത്. 2015 ൽ യുദ്ധം തുടങ്ങിയ സമയത്ത് ഇത് 18 ലക്ഷമായിരുന്നു. യുഎൻ ഏജൻസിയായ ഒസിഎച്ച്എയുടെ (OCHA) 2026 ലെ റിപ്പോർട്ട് പ്രകാരം, ഏകദേശം 66 ലക്ഷം കുട്ടികൾക്കാണ് യെമനിൽ വിദ്യാഭ്യാസ സഹായം ആവശ്യമായുള്ളത്.
‘സേവ് ദി ചിൽഡ്രൻ’ അടുത്തിടെ നടത്തിയ സർവേയിൽ പറയുന്നതനുസരിച്ച്, 92% കുടുംബങ്ങൾക്കും തങ്ങളുടെ ഒരുനേരത്തെ ആഹാരം എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയില്ല. കുട്ടികൾക്ക് യൂണിഫോമോ, പുസ്തകങ്ങളോ വാങ്ങാൻ 84% പേർക്കും സാമ്പത്തിശേഷിയുമില്ല. യുദ്ധവും സാമ്പത്തിക തകർച്ചയും മൂലം സ്കൂളിൽ പോകാതെ ബാലവേല ചെയ്യേണ്ടിവരുന്ന കുരുന്നുകളുടെ എണ്ണം യെമനിൽ ദിനംപ്രതി വർധിക്കുകയാണ്.
കുടുംബത്തിന്റെ അത്താണിയായ കുരുന്നുകൾ
പഠനം ഉപേക്ഷിച്ച് കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയ 13 വയസ്സുകാരനായ അഹമ്മദ് അബ്ദുല്ലയുടെ അവസ്ഥ ഇതിലും സങ്കടകരമാണ്. കാൻസർ വന്ന് അച്ഛൻ മരിച്ചതോടെ, ചികിത്സയ്ക്കായി സമ്പാദ്യമെല്ലാം തീർന്ന ആ കുടുംബത്തിന്റെ ഏക ആശ്രയമായി അവൻ മാറി. തന്റെ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് അവൻ ഒരു പലചരക്ക് കടയിൽ ജോലിക്കു കയറി.
“എന്റെ അച്ഛൻ ഞങ്ങൾക്ക് എല്ലാം നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഞങ്ങളെ സഹായിക്കാൻ ആരുമില്ല. എന്റെ അമ്മ കഷ്ടപ്പെടുന്നത് എനിക്ക് കണ്ടുനിൽക്കാൻ കഴിയില്ല,” അഹമ്മദ് പറയുന്നു. തനിക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസം സ്വന്തം അനിയന്മാർക്കെങ്കിലും ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് ആ കൊച്ചുകുട്ടി ദിവസവും വിയർപ്പൊഴുക്കുന്നത്. തനിക്കിനി സ്കൂളിലേക്ക് മടങ്ങാൻ കഴിയില്ല എന്ന് അറിയാമെങ്കിലും, സ്വന്തം കുടുംബം ആരോടും യാചിക്കാതെ ജീവിക്കുന്നതിൽ അവൻ അഭിമാനിക്കുന്നു. ഒരു പലചരക്ക് കടക്കാരനായി മാറി കുടുംബം നോക്കാനാണ് അവൻ ഇപ്പോൾ ആഗ്രഹിക്കുന്നത്.
യെമനിലെ തെരുവുകളിൽ ഇത്തരത്തിൽ ആയിരക്കണക്കിന് കുട്ടികളുടെ സ്വപ്നങ്ങളാണ് ഒരുപിടി അന്നത്തിനു വേണ്ടി കരിഞ്ഞുണങ്ങുന്നത്. പട്ടിണി മാറ്റാൻ വേണ്ടി സ്കൂളിന്റെ പടിയിറങ്ങി തൊഴിലിടങ്ങളിലേക്കു പോകുന്ന ഈ കുരുന്നുകൾ, യുദ്ധം മനുഷ്യത്വത്തിനു നേരെ നടത്തുന്ന ഏറ്റവും വലിയ ക്രൂരതയുടെ ജീവിക്കുന്ന സങ്കടക്കാഴ്ചകളാണ്. പട്ടിണി മാറുമ്പോൾ കുട്ടികൾ തിരികെ സ്കൂളിലെത്തുമെന്ന് അധികാരികൾ പറയുമ്പോഴും, അവർക്കായി സ്കൂൾ മുറ്റങ്ങൾ എന്ന് തുറക്കും എന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു.




