നിർമ്മിതബുദ്ധിയിൽ ധാർമ്മിക അതിർവരമ്പുകൾ വേണമെന്ന് കത്തോലിക്കാ സാങ്കേതിക വിദഗ്ധർ

എഐ (AI) സാങ്കേതികവിദ്യ അതിവേഗം വളരുന്ന സാഹചര്യത്തിൽ, അതിന് വ്യക്തമായ ധാർമ്മിക അതിരുകളും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ സാങ്കേതിക-വ്യവസായരംഗത്തെ വിദഗ്ധർ. സെപ്റ്റംബർ ഒൻപതിന് സംപ്രേഷണം ചെയ്ത ‘ബീയോണ്ട് ഫെയർ: എ കാത്തലിക് വിഷൻ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന പ്രത്യേക പരിപാടിയിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

സാങ്കേതികവിദ്യയുടെ വളർച്ച മാനവരാശിയുടെ നന്മയ്ക്കും വ്യക്തികളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനുമായിരിക്കണമെന്ന് ഇവർ ഊന്നിപ്പറയുന്നു. എഐ സാങ്കേതികവിദ്യയുടെയും ഡാറ്റാ സെന്ററുകളുടെയും വ്യാപനം മനുഷ്യജീവിതത്തിലും പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് കത്തോലിക്കാ സഭാനേതൃത്വവും സാങ്കേതികവിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കത്തോലിക്കാ സാമൂഹിക പ്രബോധനങ്ങൾ (Catholic Social Teaching) മുൻനിർത്തിയായിരിക്കണം എഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കേണ്ടതെന്നും ഇവർ വ്യക്തമാക്കുന്നു.

എഐ സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കുന്ന വലിയ ഡാറ്റാ സെന്ററുകൾ അമിതമായി വൈദ്യുത ഊർജവും വെള്ളവും ഉപയോഗിക്കുന്നത് പ്രാദേശിക സമൂഹങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാങ്കേതികവിദ്യ കേവലം സാമ്പത്തിക ലാഭത്തിനു മാത്രമായി ഉപയോഗിക്കാതെ, നീതിക്കും ഐക്യദാർഢ്യത്തിനും ഊന്നൽ നൽകുന്ന രീതിയിൽ നിർമ്മിക്കപ്പെടണമെന്നും സഭ സാങ്കേതികവിദ്യയ്‌ക്കോ, നിർമ്മിതബുദ്ധിക്കോ എതിരല്ലെന്നും, എന്നാൽ അത് മനുഷ്യന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിൽ ഉപയോഗിക്കരുതെന്നും സഭാപ്രതിനിധികൾ വ്യക്തമാക്കി.

കമ്പ്യൂട്ടർ അൽഗോരിതങ്ങൾക്കും സാങ്കേതികവിദ്യകൾക്കുമപ്പുറം മാനവികമൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും മുൻഗണന നൽകുന്ന രീതിയിൽ പുതിയ തത്ത്വങ്ങൾ നടപ്പിലാക്കണമെന്നും ഇവർ സാങ്കേതിക കമ്പനികളോടും ഭരണാധികാരികളോടും അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.