
വരാനിരിക്കുന്ന ജൂത ശരത്കാല മഹോത്സവങ്ങളുടെയും പ്രധാന ആഘോഷങ്ങളുടെയും പശ്ചാത്തലത്തിൽ, റോമിലെ ചീഫ് റബ്ബി റിക്കാർഡോ ദി സെഗ്നിക്കും റോമിലെയും ലോകമെമ്പാടുമുള്ള ജൂതസമൂഹത്തിനും ലെയോ പതിനാലാമൻ പാപ്പ ആശംസകൾ അയച്ചു. റോഷ് ഹാഷാന (ജൂത പുതുവർഷം), യോം കിപ്പൂർ (പ്രായശ്ചിത്ത ദിനം), സുക്കോട്ട് (കൂടാരപ്പെരുനാൾ) എന്നീ ആഘോഷങ്ങളുടെ അവസരത്തിലാണ് പരിശുദ്ധ പിതാവ് തന്റെ അനുഗ്രഹവും സ്നേഹവും അറിയിച്ചുകൊണ്ടുള്ള ടെലഗ്രാം സന്ദേശം അയച്ചത്.
ചീഫ് റബ്ബിക്ക് അയച്ച ആശംസാ സന്ദേശത്തിൽ, വരാനിരിക്കുന്ന പുതിയ വർഷം ദൈവാനുഗ്രഹത്താലും സമാധാനത്താലും സമൃദ്ധമാകട്ടെയെന്ന് മാർപാപ്പ ആശംസിച്ചു. ലോകമെമ്പാടും അശാന്തിയും സംഘർഷങ്ങളും നിലനിൽക്കുന്ന ഈ ഘട്ടത്തിൽ, കത്തോലിക്കാ സഭയും ജൂതസമൂഹവും തമ്മിലുള്ള സാഹോദര്യവും സ്നേഹവും കൂടുതൽ ശക്തമാകേണ്ടതിന്റെ ആവശ്യകതയും മാർപാപ്പ എടുത്തുപറഞ്ഞു.
അതിക്രമങ്ങളും സമാധാനക്കേടും നിറഞ്ഞ ലോകത്ത്, നീതിയും സമാധാനവും പുലരുന്നതിനായി ഒന്നിച്ച് പ്രാർഥിക്കാനും പ്രവർത്തിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ എന്ന് മാർപാപ്പ ആശംസിച്ചു. വർഷങ്ങളായി ജൂതസമൂഹത്തിന്റെ പ്രധാന ആഘോഷവേളകളിൽ മാർപാപ്പമാർ ടെലഗ്രാം വഴിയും സന്ദേശങ്ങൾ വഴിയും ആശംസകൾ അറിയിക്കുന്ന പതിവുണ്ട്. വത്തിക്കാനും ജൂതസമൂഹവും തമ്മിലുള്ള ആത്മീയവും സൗഹൃദപരവുമായ ബന്ധം കൂടുതൽ ആഴമുള്ളതാക്കാൻ ഇത്തരം ആശംസകൾ സഹായിക്കുന്നു.




