കൊളംബിയൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്ത് പ്രൊലൈഫ് വക്താവ് ഇൽവ മിറിയം ഹോയോസ് കസ്റ്റാനെദ

കൊളംബിയയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലപ്പത്തേക്ക് പ്രൊലൈഫ് (ജീവൻ സംരക്ഷണ), പ്രൊ-ഫാമിലി പ്രസ്ഥാനങ്ങളുടെ ശക്തയായ വക്താവ് ഇൽവ മിറിയം ഹോയോസ് കസ്റ്റാനെദ സ്ഥാനമേറ്റു. വ്യക്തിപരമായ കാരണങ്ങളാൽ വിവിയൻ മൊറേൽസ് രാജിവച്ചതിനെ തുടർന്നാണ് ഇൽവ മിറിയം സ്ഥാനമേറ്റത്. രാജ്യത്ത് പരമ്പരാഗത കുടുംബമൂല്യങ്ങൾക്കും വിദ്യാഭ്യാസരംഗത്തെ നവീകരണങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ നിയമനം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

സ്ഥാനമൊഴിയുന്ന മന്ത്രിയോട് നന്ദി രേഖപ്പെടുത്തിയ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയല്ലയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഹോയോസിന്റെ പ്രതിഭ, കരുത്ത്, സമഗ്രത, മൂല്യങ്ങൾ സംരക്ഷിക്കുന്നതിലെ ഉറച്ച നിലപാട് എന്നിവയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

ഗർഭച്ഛിദ്രത്തിനെതിരെയും പരമ്പരാഗത കുടുംബവ്യവസ്ഥകളെ പിന്തുണച്ചും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് പുതിയ വിദ്യാഭ്യാസമന്ത്രിയായ ഇൽവ മിറിയം ഹോയോസ്. രാജ്യത്തെ വിദ്യാഭ്യാസ നയങ്ങളിൽ മാനവികവും ധാർമ്മികവുമായ മൂല്യങ്ങൾ ഉൾപ്പെടുത്തുന്നതിനും കുട്ടികളുടെ ഉന്നമനത്തിനും മുൻഗണന നൽകുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അവർ വ്യക്തമാക്കി. വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികളുടെ സർവാതോന്മുഖമായ വളർച്ചയ്ക്കും ധാർമ്മിക മൂല്യങ്ങൾക്കും മുൻഗണന, മാതാപിതാക്കളുടെ അവകാശങ്ങളും കുട്ടികളുടെ വിദ്യാഭ്യാസത്തിൽ കുടുംബത്തിന്റെ പങ്കും സംരക്ഷിക്കുന്ന നയങ്ങൾക്ക് മുൻ‌തൂക്കം തുടങ്ങിയവ തന്റെ നേതൃത്വത്തിൻ കീഴിൽ കൊണ്ടുവരുമെന്നും ഇവർ വ്യക്തമാക്കി.

തന്റെ പുതിയ ചുമതലയിൽ, മുൻഗാമി എടുത്ത തീരുമാനങ്ങളിൽ ഹോയോസിന് തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സ്‌കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് പരമ്പരാഗത രീതികളെയും മൂല്യങ്ങളെയും അടിച്ചമർത്തുന്ന രീതിയിലുള്ള ആശയങ്ങൾ ഒഴിവാക്കാനുള്ള അവലോകനവും സർക്കാരിന്റെ സാന്നിധ്യം കുറവുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സേവനങ്ങൾ ലഭ്യമാക്കാനോ, ഭരണനിർവഹണം നടത്താനോ മതസംഘടനകൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന കരട് ഉത്തരവും ഇതിൽ ഉൾപ്പെടുന്നു. ഈ നിർദേശം പൊതുവിദ്യാഭ്യാസത്തിൽ സഭകളുടെ പങ്കിനെയും രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.