ഒരു പേരിനപ്പുറം പൗരത്വം: ലോകമെമ്പാടുമുള്ള രാജ്യരഹിതരായ ദശലക്ഷക്കണക്കിന് കുട്ടികളുടെ അവകാശ പോരാട്ടം

ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആദ്യം ലഭിക്കുന്ന സമ്മാനമാണ് പേര്. വ്യക്തിത്വത്തിന്റെയും അവകാശങ്ങളുടെയും ആദ്യപടിയായ ജനന രജിസ്ട്രേഷനും ദേശീയതയ്ക്കും ഒപ്പമാണ് ഓരോ കുഞ്ഞും ഈ ലോകത്തിലേക്ക് കടന്നുവരുന്നത്. കുട്ടിയുടെ ഭാവിക്കായുള്ള ശക്തമായ അടിത്തറയാണ് ഇത് നൽകുന്നത്. അവരെ ഒരു രാജ്യവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, നിയമപരമായ സംരക്ഷണം തുടങ്ങി അവശ്യമായ എല്ലാ അവസരങ്ങളും ഉറപ്പാക്കാൻ നിയമപരമായ  ഈ വ്യക്തിത്വത്തിന് കഴിയുന്നു. എന്നാൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്ക് ഈ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്നതാണ് യാഥാർഥ്യം. നിയമത്തിന്റെ കണ്ണിൽ എവിടെയുംപെടാത്ത ഏകദേശം രണ്ട് ദശലക്ഷത്തോളം കുട്ടികളാണ് ലോകത്ത് ‘രാജ്യരഹിതരായി’ (Stateless) ജീവിക്കുന്നത്. അവരുടെ ജീവിതത്തിലുടനീളം വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതാണ് ഈ അവസ്ഥ.

തായ്‌ലൻഡിലെ രാജ്യരഹിതരായ കുട്ടികളുടെ അവസ്ഥ

ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യരഹിതരായ ജനങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് തായ്‌ലൻഡ്. 2024 ലെ കണക്കുകൾ പ്രകാരം, ഏകദേശം 1,70,000 കുട്ടികളാണ് നിയമപരമായ യാതൊരുവിധ പൗരത്വമോ, മേൽവിലാസമോ ഇല്ലാതെ ഇവിടെ ജീവിക്കുന്നത്. പൗരത്വമില്ലായ്മ ഈ കുട്ടികളുടെ ജീവിതത്തിൽ കടുത്ത അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലേക്കുള്ള പ്രവേശനത്തിന് ഇത് വലിയ തടസ്സമാകുന്നു. കൂടാതെ അക്രമങ്ങൾ, ചൂഷണങ്ങൾ, മനുഷ്യക്കടത്ത്, ബാലവേല എന്നിവയ്ക്കുള്ള സാധ്യതയും ഇവരിൽ വളരെ കൂടുതലാണ്. പലപ്പോഴും സമൂഹത്തിൽ നിന്നുള്ള  ഒറ്റപ്പെടുത്തലിനും വിവേചനത്തിനും ഇവർ ഇരയാകുന്നു.

യൂണിസെഫിന്റെയും സർക്കാരിന്റെയും മാതൃകാപരമായ ഇടപെടലുകൾ

രാജ്യരഹിതരായ കുട്ടികളുടെ ഈ അവസ്ഥ മാറ്റിയെടുക്കാൻ യുണിസെഫും തായ് സർക്കാർ ഉൾപ്പെടെയുള്ള സംഘടനകളും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ദീർഘകാലമായുള്ള ബോധവത്കരണവും നയപരമായ മാറ്റങ്ങളും നിരവധി കുടുംബങ്ങൾക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്.

ജനന രജിസ്ട്രേഷൻ

ഓരോ കുഞ്ഞും ജനിക്കുമ്പോൾ തന്നെ രജിസ്റ്റർ ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കുകയാണ് ഇതിൽ പ്രധാനം. മാതാപിതാക്കളുടെ ദേശീയതയോ, നിയമപരമായ പദവിയോ നോക്കാതെ, തായ്‌ലൻഡിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും ജനന സർട്ടിഫിക്കറ്റും നിയമപരമായ വ്യക്തിത്വവും ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് യൂണിസെഫ് പ്രവർത്തിക്കുന്നുണ്ട്.

ചട്ടങ്ങളിലെ മാറ്റങ്ങൾ

2024 ൽ തായ്‌ലൻഡ് സർക്കാർ രാജ്യരഹിതരായ ആളുകൾക്ക് പൗരത്വവും താമസ സ്ഥിരതയും ലഭിക്കുന്നതിനുള്ള നിയമപരമായ വഴികൾ ലളിതമാക്കിക്കൊണ്ട് ഒരു സുപ്രധാന പ്രമേയം പാസ്സാക്കി. ഇത് ലക്ഷക്കണക്കിന് ആളുകൾക്ക് നിയമപരമായ പൗരത്വം നേടാൻ വഴിയൊരുക്കി. 2024 ൽ 9,400 കുട്ടികളെ സഹായിച്ച സ്ഥാനത്ത്, 2025 ഓടെ 33,000 ത്തിലധികം കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചു. ഇതിൽ മൂവായിരത്തിലധികം കുട്ടികൾ ഇതിനകം തന്നെ പൂർണ്ണമായ പൗരത്വം നേടിയെടുത്തു.

ഒരു പുതിയ പ്രതീക്ഷ

ഓരോ കുഞ്ഞിനും മാന്യമായ ഒരു ദേശീയതയ്ക്കും പൗരത്വത്തിനും അർഹതയുണ്ട്. അതുവഴി അവർക്ക് സുരക്ഷിതത്വവും സമൂഹത്തിൽ തങ്ങളുടേതായ ഒരു ഇടവും ലഭിക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യരഹിതരായ എല്ലാ കുട്ടികൾക്കും അവരുടെ പേരിനൊപ്പം അർഹമായ നിയമപരമായ അംഗീകാരവും അവകാശങ്ങളും ലഭിക്കുന്നതു വരെയുള്ള ഈ പോരാട്ടം ഏറെ നിർണ്ണായകമാണ്. തായ്‌ലൻഡിലെ മാതൃകാപരമായ ഈ ഇടപെടലുകൾ വ്യക്തമാക്കുന്നത്, കൂട്ടായ പരിശ്രമത്തിലൂടെ ഏത് പ്രതിസന്ധിയെയും മറികടക്കാൻ കഴിയുമെന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.