
കോൺവാലിസ് പ്രഭു ബ്രിട്ടീഷ് ഇന്ത്യയുടെ കമാൻഡർ ഇൻ ചീഫും ബംഗാളിന്റെ ഗവർണർ ജനറലുമായി ചുമതലയേറ്റത് 1786 സെപ്റ്റംബർ പന്ത്രണ്ടിനായിരുന്നു. ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായിരുന്നു കോൺവാലിസ്. ഗവർണർ ജനറൽ ആയതിനുശേഷം ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണത്തിനായി ഒരു നിയമസംഹിത അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ചു. ‘കോൺവാലിസ് കോഡ്’ എന്നാണ് അത് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബനാറസിലെ സംസ്കൃത കോളേജ് സ്ഥാപിക്കപ്പെടുന്നത്. ബംഗാളിൽ ജന്മിമാർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചുനൽകിക്കൊണ്ട് ജന്മിത്തസമ്പ്രദായം സ്ഥിരപ്പെടുത്തിയതും കോൺവാലീസിന്റെ കാലഘട്ടത്തിലാണ്.
1992 സെപ്റ്റംബർ പന്ത്രണ്ടിനാണ് ആദ്യമായി ഒരു ആഫ്രിക്കൻ-അമേരിക്കൻ വനിത ബഹിരാകാശ സഞ്ചാരം നടത്തിയത്. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയായിരുന്ന മേ ജെമിസണായിരുന്നു ചരിത്രത്തിൽ ഇടം പിടിച്ച ആ വനിത. ‘എസ് ടി എസ് 47’ എന്ന ദൗത്യത്തിന്റെ ഭാഗമായി എൻഡവർ എന്ന ബഹിരാകാശപേടകത്തിലാണ് അവർ സഞ്ചരിച്ചത്. ഏഴുപേരായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്. സെപ്റ്റംബർ 12 മുതൽ 20 വരെയാണ് അവർ ബഹിരാകാശത്തു ചെലവഴിച്ചത്. 126 തവണ ഭൂമിയെ വലംവച്ചു. 1986 ൽ നാസയുടെ ബഹിരാകാശദൗത്യത്തിന്റെ ഭാഗമാകാൻ ലഭിച്ച 2000 അപേക്ഷകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 15 പേരിൽ ഒരാളായിരുന്നു ഡോക്ടർ കൂടിയായിരുന്ന ജെമിസൺ.
എത്യോപ്യൻ ഭരണാധികാരിയായിരുന്ന ഹെയ്ലി സെലാസിയെ ഭരണത്തിൽ നിന്നു പുറത്താക്കിയത് 1974 സെപ്റ്റംബർ പന്ത്രണ്ടിനായിരുന്നു. ഡെർഗ് എന്ന വിപ്ലവപ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങളാണ് സെലാസിയെ അധികാരഭ്രഷ്ടനാക്കിയത്. അതേവർഷം രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് കാര്യക്ഷമമായ പരിഹാരം കാണാനാകാതെ പോയതാണ് സെലാസിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്കു തുടക്കം കുറിച്ചത്. സെലാസിയുടെ പതനം അഡിസ് അബാബയിൽ ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ് സർവാധിപത്യ ഭരണകൂടത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചു.
സുനീഷ വി എഫ്




