ദൈവം തന്ന സമ്മാനത്തെ നെഞ്ചോട് ചേർത്ത ഒരമ്മ

സി. സൗമ്യ DSHJ

ജീവിതത്തിൽ സഹനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോകുന്ന അനേകം ആളുകളുണ്ട്. ദൈവത്തിലുള്ള ആശ്രയവും ദൈവം കൈപിടിച്ച് നടത്തും എന്ന വിശ്വാസവും കൊണ്ടു മാത്രം ഓരോ ദിനത്തെയും അതിജീവിക്കുന്നവർ! അത്തരത്തിൽ സഹനങ്ങളെ ദൈവത്തിന്റെ പദ്ധതിയായി കരുതി നെഞ്ചോട് ചേർത്തുനിർത്തുന്ന ഒരു അമ്മയുണ്ട്. നടവയൽ സ്വദേശിയായ ബ്രിജിത്ത. സെറിബ്രൽ പാൾസി രോഗം ബാധിച്ച 32-കാരിയായ ജോബിത മോളുടെ ഈ അമ്മയുടെ ജീവിതം ഈ വനിതാദിനത്തിൽ വായിക്കാം.

ജീവിതത്തിൽ സഹനങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോകുന്ന അനേകം ആളുകൾ ഉണ്ട്. ദൈവത്തിൽ ഉള്ള ആശ്രയവും ദൈവം കൈപിടിച്ച് നടത്തും എന്ന വിശ്വാസവും കൊണ്ട് മാത്രം ഓരോ ദിനത്തെയും അതിജീവിക്കുന്നവർ! സഹനത്തിന്റെ പാനപാത്രം മട്ടുവരെ ഊറ്റിക്കുടിക്കാൻ ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തവർ. അത്തരത്തിൽ സഹനങ്ങളെ ദൈവത്തിന്റെ പദ്ധതിയായി കരുതി നെഞ്ചോട് ചേർത്തു നിർത്തുന്ന ഒരു അമ്മയുണ്ട്. നടവയൽ സ്വദേശിയായ ബ്രിജിത്ത. സെറിബ്രൽ പാൾസി രോഗം ബാധിച്ച 32 കാരിയായ ജോബിത മോളുടെ ഈ അമ്മയുടെ ആഗ്രഹം തന്റെ കൈവിട്ട് ഈ മകൾ ഒന്നു നടക്കണം എന്ന് മാത്രമാണ്. ജീവിതത്തിൽ ഇന്നോളം സഹനങ്ങളിലൂടെ കടന്നു വന്ന ഈ അമ്മ തന്റെ പ്രാർത്ഥയുടെയും വിശ്വാസത്തിന്റെയും അനുഭവങ്ങൾ ലൈഫ് ഡേ യോട് പങ്കുവയ്ക്കുകയാണ്.

ദൈവം കനിഞ്ഞു നൽകിയ സമ്മാനം

നടവയൽ സ്വദേശി അമ്പലത്തറയിൽ മാത്യു – ബ്രിജീത്ത ദമ്പതികൾക്ക് രണ്ടു ആൺമക്കളും ഒരു പെൺകുട്ടിയും ആയിരുന്നു. രണ്ടു ആൺമക്കൾക്ക് ശേഷമുള്ള പെൺകുഞ്ഞായതുകൊണ്ടു തന്നെ മകൾ ജനിച്ചപ്പോൾ മാതാപിതാക്കൾ അവളെ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ആ സന്തോഷങ്ങൾക്കു അൽപ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കാരണം സെറിബ്രൽ പാൾസി എന്ന രോഗാവസ്ഥയിലായിരുന്നു കുഞ്ഞു ജനിച്ചത്. ചലന വൈകല്യങ്ങളുടെ ഒരു കൂട്ടമായിട്ടാണ് ഈ രോഗത്തെ വിശേഷിപ്പിക്കുന്നത്. വിധിക്കു മുന്നിൽ ആദ്യം ആ മാതാപിതാക്കൾ ഒന്ന് പകച്ചു എങ്കിലും അതും ദൈവത്തിന്റെ സമ്മാനമായി കണ്ടുകൊണ്ട് അവർ ജോബിത മോളെ നെഞ്ചോട് ചേർത്തു.

കുറവുകൾ ഉണ്ടെങ്കിലും ജോബിത മോളെ ഒന്നിലും പിന്നിലാകുവാൻ ആ അമ്മ തയ്യാറായിരുന്നില്ല. സാധിക്കുന്ന വിദ്യാഭ്യാസം നൽകുവാൻ അമ്മ പരിശ്രമിച്ചു. വളർച്ചയുടെ വഴികളിൽ ദൈവം എന്നും ജോബിത മോൾക്കൊപ്പം ഉണ്ടായിരുന്നു. കൈകൾക്ക് അൽപ്പം ചലന ശേഷി കുറവായിരുന്നു എങ്കിലും കാലുകൾ അതിവേഗത്തിൽ ചലിപ്പിക്കുവാനുള്ള കഴിവ് നൽകി ദൈവം ആ കുഞ്ഞിനെ അനുഗ്രഹിച്ചു. ദൈവത്തിന്റെ ആ കരുതൽ കൊണ്ട് കാലുകൾ കൊണ്ട് ഉത്തരം എഴുതുവാനും മൊബൈൽ ഉപയോഗിക്കുവാനും ചിത്രങ്ങൾക്ക് നിറം നൽകുവാനും എല്ലാം ജോബിതമോൾക്കു കാലുകൾ കൈകളായി മാറി. തന്നെയുമല്ല ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ കാലുകൾ കൊണ്ട് കൊന്തമണികൾ കൃത്യമായി ഉരുട്ടുകയും ചെയ്യും.

ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണിയായ ജോബിത മോൾ

വൈകല്യങ്ങൾ ഉണ്ടെങ്കിലും ദൈവം കഴിവുകൾ കനിഞ്ഞു നൽകിയിട്ടുണ്ട് ജോബിതമോൾക്ക്. ഒരു വേദന വരികയാണെങ്കിൽ ജോബിത മോളോട് പറയുകയാണെങ്കിൽ കൃത്യം വേദനയുള്ള ഭാഗം അവൾ തിരുമ്മുകയും കൂടെ ചില നിർദ്ദേശങ്ങളും തരും. അവൾ പറയുന്നതുപോലെ കൃത്യമായി ചെയ്താൽ ആ വേദന പിറ്റേദിവസം തന്നെ മാറിയിരിക്കും. ജോബിത മോൾക്ക് കൈകൾ കൊണ്ട് കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കില്ല. നേരിൽ കാണുമ്പോൾ സംസാരിക്കുന്നതിനേക്കാൾ ആളുകളോട് ഫോണിലൂടെ സംസാരിക്കാനാണ് അവൾക്ക് ഇഷ്ട്ടം. കൂടാതെ അനേകം നല്ല ആശയങ്ങൾ ഉള്ളിൽ ഉണ്ട്. നല്ല നല്ല സന്ദേശങ്ങൾ മെസേജുകളായി അയക്കുവാനും ജോബിതമോൾക്ക് വലിയ ഇഷ്ടമാണ്. ഇത്തരം ആശയങ്ങളും സന്ദേശങ്ങളും പരിചയക്കാരിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്.

“ജോബിതമോൾ എപ്പോഴും പ്രാർത്ഥിക്കുന്ന ഒരു കാര്യം ഇപ്രകാരമാണ്: ‘മമ്മി മരിക്കുന്നതിനു മുമ്പ് എന്റെ ഈശോയെ, എന്നെ വിളിക്കണം’. കാരണം, മമ്മി പോയി കഴിഞ്ഞാൽ എന്നെ പിന്നെ ആരാണ് നോക്കുക. ‘ദൈവം എന്തെങ്കിലും ഒക്കെ കണ്ടിട്ടുണ്ട് മോളെ… മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട.” എന്നാണ് ഞാൻ അതിന് മറുപടിയായി പറയാറുള്ളത്.” അമ്മ ബ്രിജിത്ത പറയുന്നു.

ഏഴാം വയസിൽ നടന്ന അത്ഭുതം

ജോബിത മോളെ ഈശോ സുഖപ്പെടുത്തും എന്ന് തന്നെയായിരുന്നു മറ്റാരെയും പോലെ ഈ അമ്മയുടെയും പ്രതീക്ഷ. അതുകൊണ്ടു തന്നെ മോളെയും കൂട്ടി ആ അമ്മ എവിടെ പ്രാർത്ഥനയുണ്ടോ അവിടെയൊക്കെ  പോകുമായിരുന്നു. ഈശോ സുഖപ്പെടുത്തും എന്ന് തന്നെ ആ അമ്മ ഉറച്ചു വിശ്വസിച്ചു. ചെറുതും വലുതുമായ ഒട്ടനവധി അദ്‌ഭുതങ്ങളും അടയാളങ്ങളും നൽകി ദൈവം ആ അമ്മയുടെ കൂടെ തന്നെയുണ്ടായിരുന്നു. അത്തരമൊരു സംഭവം ബ്രിജിത്താമ്മ പറയുന്നത് ഇപ്രകാരമാണ്: “ഒരു ദിവസം ഒരു പ്രാർത്ഥനാ സെന്ററിൽ ചെന്നപ്പോൾ ഒരു ബ്രദർ ബ്രിജിത്ത അമ്മയോട് പറഞ്ഞു. ‘ഒരു 40 ദിവസത്തിനുള്ളിൽ ഒരത്ഭുതം സംഭവിക്കും. പ്രാർത്ഥിച്ച് ഒരുങ്ങിക്കോളൂ.’ 40 ദിവസവും ഞാൻ പ്രാർത്ഥിച്ചു. വീട്ടിൽ രണ്ടു സിസ്റ്റർമാർ ഉണ്ട്. ഒരാൾ തൂങ്കുഴി പിതാവ് സ്ഥാപിച്ച ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിലെ അംഗങ്ങളാണ്. നാല്പതാമത്തെ ദിവസം മോളെ കാണുവാൻ യാദൃശ്ചികമായി തൂങ്കുഴി പിതാവ് വീട്ടിൽ വന്നു. പിതാവ് വന്നപ്പോൾ അവൾ എന്റെ അടുത്തുനിന്നും ഇറങ്ങി മുട്ടുമേൽ നീന്തി പിതാവിന്റെ അരികിലെത്തി. പിതാവ് എടുത്ത് ജോബിത മോളെ മടിയിൽ വച്ചു. തിരിച്ച് എന്റെ അടുത്തുവന്ന അവൾ എന്റെ നൈറ്റിയിൽ പിടിച്ച് എഴുന്നേറ്റു നിന്നു. അതായിരുന്നു നാല്പതാമത്തെ ദിവസം ദൈവം നൽകിയ അത്ഭുതം. പ്രാർത്ഥനയിലൂടെ ലഭിച്ച ആദ്യത്തെ അത്ഭുതം ആയിരുന്നു അത്. പിന്നെ കമ്പിയിൽ ഒക്കെ പതുക്കെ പതുക്കെ പിടിച്ചുനിൽക്കാൻ തുടങ്ങി. അങ്ങനെ പിടിക്കുമ്പോൾ അവൾ മുറുക്കി പിടിക്കും. അത്രയേ ഉള്ളൂ. ഈ അത്ഭുതം നടക്കുമ്പോൾ ജോബിത മോൾക്ക് ഏകദേശം ഏഴു വയസ്സുണ്ടായിരുന്നു.

ആദ്യകുർബാന സ്വീകരിക്കാൻ കൊതിയോടെ കാത്തിരുന്ന പെൺകുട്ടി

ആദ്യകുർബാന കൈക്കൊള്ളാൻ വലിയ ആഗ്രഹമായിരുന്നു ജോബിത മോൾക്ക്. പത്ത് വയസ്സ് ആകുന്നതിനുമുമ്പ് തന്നെ കുർബാന കൈക്കൊള്ളാവാനുള്ള വലിയ ആഗ്രഹം അവൾ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. അപ്പോൾ ഒക്കെ മോളെ എല്ലാ ദിവസവും ഈശോയോട് പ്രാർത്ഥിച്ചോളൂ’ എന്ന് ഈ അമ്മ തന്റെ മകൾക്കു പറഞ്ഞു കൊടുക്കുമായിരുന്നു. അടുക്കളയിൽ പണിയെടുക്കുന്നതോടൊപ്പം അമ്മ ജോബിത മോൾക്ക് പ്രാർത്ഥനകൾ പറഞ്ഞു കൊടുക്കും. ഒന്നു രണ്ടു പ്രാവശ്യം പറഞ്ഞുകൊടുത്താൽ അവൾ വേഗം തന്നെ അത് പഠിച്ചിരുന്നു. ഒരു ദിവസം ബ്രിജീത്ത കാപ്പികുരു പറിച്ചിട്ട് വരുമ്പോൾ നിലത്തു മുട്ടുകുത്തി കൈകൾ രണ്ടും വിരിച്ചുപിടിച്ച് പ്രാർത്ഥിക്കുന്നത് കണ്ടു. ‘മോൾ എന്താ പ്രാർത്ഥിക്കുന്നത്’ എന്ന് ചോദിച്ചപ്പോൾ ‘ഈശോയെ ഉൾക്കൊള്ളാനുള്ള ഭാഗ്യം തരണമേ’ എന്നാണ് എന്നായിരുന്നു അവളുടെ ഉത്തരം. ഈശോയെ സ്വീകരിക്കാൻ മോൾക്ക് വലിയ ആഗ്രഹമാണെന്ന് ബ്രിജിത്ത മനസിലാക്കി. അവളുടെ ആ ദിവസങ്ങളിലെ വലിയ ഒരു പ്രാർത്ഥനാ വിഷയമായിരുന്നു ‘ഈശോയെ സ്വീകരിക്കാൻ സാധിക്കണമേ’ എന്നത്. അങ്ങനെ പതിനൊന്നാമത്തെ വയസ്സിൽ ജോബിത മോൾ ആദ്യകുർബാന സ്വീകരിച്ചു. ആ സമയത്തൊക്കെ ജോബിത മോൾക്ക് മുട്ടുകുത്താൻ പറ്റുമായിരുന്നു.

ഒമ്പതുവർഷങ്ങൾക്ക് ശേഷം ദിവ്യകാരുണ്യനാഥന്റെ മുമ്പിൽ മുട്ടുകുത്തിയ ജോബിതമോൾ  

പിന്നീട് ഒമ്പത് വർഷത്തോളം ജോബിതമോൾക്ക് മുട്ടുകുത്താൻ സാധിക്കുമായിരുന്നില്ല. പിന്നെ ഒരു ദിവസം ബ്രിജിത്ത അമ്മയും ജോബിത മോളും ഒരു ഏകദിന ധ്യാനത്തിൽ പങ്കെടുത്തു. മുട്ടുമടക്കാൻ കഴിയാത്തതിനാൽ പിന്നിൽ ഇരിക്കാൻ ശ്രമിച്ച മകളെ ‘അമ്മ നിർബന്ധപൂർവ്വം മുന്നിൽ കൊണ്ടിരുത്തി. അവിടെ അച്ചൻ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് കടന്നു വരികയായിരുന്നു. ഈ സമയം ജോബിത മോൾ കാലു മടക്കി ഇരിക്കുകയായിരുന്നു. മൂന്ന് അച്ചന്മാർ ഉണ്ട്. ദിവ്യകാരുണ്യവുമായി അച്ചൻ വരുമ്പോൾ സ്രാഷ്ടാംഗം പ്രണമിച്ചു പ്രാർത്ഥിക്കണമല്ലോ. ‘ഞാൻ എങ്ങനെ ഇവളെ അങ്ങനെ ഇരുത്തും. എന്ത് ചെയ്യും എന്ന് വിചാരിച്ചുകൊണ്ട് മുട്ടുമടക്കി നിന്ന് ബ്രിജിത്താമ്മ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവൾ അങ്ങനെ ഇരിക്കുന്നത് കണ്ടപ്പോൾ ആ അമ്മമനം ഏറെ സങ്കടപ്പെട്ടു. എന്നാൽ, ദിവ്യകാരുണ്യവുമായി വൈദികൻ മുന്പിലെത്തിയതും അവൾ പെട്ടെന്ന് മുട്ടുകുത്തി. അത് വലിയ അത്ഭുതമായിരുന്നു. കുറച്ചു നാളുകളായിട്ടു വളരെ കഷ്ട്ടപ്പെട്ടു മുട്ട് കുത്തുന്നുണ്ടെങ്കിലും ജോബിതമോൾക്ക് ആരുടെയെങ്കിലും സഹായം കൂടാതെ തനിയെ നിൽക്കുവാൻ കഴിയില്ലായിരുന്നു. സ്പ്രിങ് പോലെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു അവൾ. എന്നാൽ, മുട്ട് കുത്തുകയില്ലെന്ന് വിചാരിച്ചിരുന്ന ഒരു സമയത്ത് അവൾ തനിയെ ദിവ്യകാരുണ്യ നാഥന്റെ മുൻപിൽ മുട്ടിന്മേൽ നിന്നു. വന്ന മൂന്ന് അച്ചൻമാരും അവളുടെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു പോകുന്നത് വരെയും അവൾ അങ്ങനെ തന്നെ നിന്നു. അത് വലിയ അത്ഭുതമായിരുന്നു.

വീട്ടിൽ വന്നപ്പോൾ അവൾ ബ്രിജിത്ത അമ്മയോട് പറഞ്ഞു: “മമ്മി, ഇന്ന് എനിക്ക് ഒരു അനുഭവം ഉണ്ടായി. ഞാൻ മുട്ടുകുത്തി നിന്നപ്പോൾ എന്നെ മാതാവാണ് മുറുക്കെ പിടിച്ചു നിറുത്തിയത്. മാതാവ് എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു നിറുത്തി. അങ്ങനെയാണ് ഞാൻ മുട്ടുകുത്തി നിന്നത്.” മകൾ പറയുന്നത് ബ്രിജിത്തമ്മ അദ്‌ഭുതത്തോടെ കേട്ടു നിന്നു. കാരണം, അല്ലാതെ അവൾ അങ്ങനെ നിൽക്കുകയില്ല എന്ന് ബ്രിജിത്തമ്മക്ക് ഉറപ്പായിരുന്നു. എവിടെ മുട്ടുകുത്തിയാലും സ്പ്രിംഗ് പോലെ മുന്നോട്ട് പോകുമായിരുന്ന അവൾ ആ സമയത്ത് മാത്രം ആരോ പിടിച്ചു നിറുത്തിയതുപോലെ മുട്ടിന്മേൽ നിന്നു. അങ്ങനെ ഒൻപത് വർഷങ്ങൾക്കു ശേഷം അവൾ മാതാവിന്റെ സഹായത്താൽ മുട്ടുകുത്തി. മോളുടെ അസുഖം പൂർണ്ണമായി മാറ്റിയില്ലെങ്കിലും ദൈവം ചെറുതും വലുതുമായ നിരവധി അദ്‌ഭുതങ്ങൾ ചെയ്തുകൊണ്ട് തങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് സങ്കടങ്ങൾക്കിടയിലും ബ്രിജിത്താമ്മയ്ക്ക് ഉറപ്പേകുകയായിരുന്നു ദൈവം ഈ സംഭവത്തിലൂടെ.

മാറ്റി നിർത്തിയ രണ്ടു വർഷങ്ങൾ

മകളുടെ ജീവിതത്തിൽ വളർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ ഈ അമ്മ മകളെ രണ്ടു വർഷം മാറ്റി നിർത്തി. രണ്ടുവർഷം മഠത്തിൽ വയ്യാത്ത കുട്ടികളെ നോക്കുന്ന സെന്ററിൽ ജോബിത ആക്കിയിരുന്നു. ആ മാറ്റം രണ്ടുപേരിലും വലിയ വിഷമം ഉളവാക്കി.  മറ്റ് കുട്ടികളുടെ കൂടെ മാറി നിൽക്കുമ്പോൾ എന്തെങ്കിലും മാറ്റം ഉണ്ടായെങ്കിലോ എന്നോർത്താണ് വിഷമത്തോടെയാണെങ്കിലും ജോബിതമോളെ ആ അമ്മ അങ്ങോട്ട് അയച്ചത്. എങ്കിലും ആ അമ്മ മനസ്സിൽ മുഴുവൻ ആശങ്കളായിരുന്നു. താൻ മനസിലാക്കുന്നത് പോലെ മറ്റാരും മകളെ മനസിലാക്കില്ലലോ എന്ന ഉറപ്പുള്ളതിനാൽ മിക്ക ദിവസങ്ങളിലും അവർ ജോബിതയെ കാണുവാൻ എത്തും. അവളെ ആ സെന്ററിൽ കൊണ്ട് പോയി വിട്ടു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജിത്തമ്മ സ്വപ്നങ്ങൾ കാണും, പനിയായി കിടക്കുന്നതും അവൾക്ക് സങ്കടം ആണെന്നൊക്കെ. പിറ്റേദിവസം ഓടി അവിടെ ചെല്ലും. അമ്മ വരുന്നതുകാണുമ്പോൾ മുട്ടിന്മേൽ ഇഴഞ്ഞു വലിയ കരച്ചിലോടെ അവൾ ഓടി വരും. അത് കാണുവാനുള്ള ശേഷി ആ അമ്മയ്ക്ക് ഇല്ലായിരുന്നു. അതിനാൽ അധികം വൈകാതെ മകളെ തിരിച്ചു വീട്ടിലേയ്ക്കു കൊണ്ടുവരുവാൻ ആ അമ്മ തീരുമാനിച്ചു.

കരുതൽ തീർത്ത ‘കൃപാലയ’ സ്പെഷ്യൽ സ്‌കൂൾ

ജോബിതമോൾക്ക് അവളുടെ ജീവിതത്തിൽ ഏറെ കരുത്തു പകർന്ന ഒരു ഇടമായിരുന്നു കൃപാലയ സ്പെഷ്യൽ സ്‌കൂൾ. ആരാധനാ സന്യാസിനീ സമൂഹം നടത്തുന്ന ഈ സ്‌കൂളിൽ ആണ് ജോബിതമോൾ പഠിക്കുന്നത്. സ്ഥിരമായി അവൾ ക്‌ളാസിൽ പോകാറില്ല. വെക്കേഷൻ ക്ലാസിലാണ് പോകുന്നത്. മദറും പ്രിൻസിപ്പലും ഒക്കെ സിസ്റ്റേഴ്സ് തന്നെയാണ്. ജോബിതമോളെ അവർക്കൊക്കെ വലിയ കാര്യമായിരുന്നു. ഇപ്പോഴും പ്രാർത്ഥിക്കുന്ന ജോബിതമോളുടെ ശീലം അറിയാമായിരുന്നതിനാൽ സിസ്റ്റേഴ്സിനു മകളോട് പ്രാർത്ഥന സഹായം ചോദിക്കുന്ന പതിവ് ഉണ്ടായിരുന്നു എന്ന്  അമ്മ ഓർക്കുന്നു. മത്സരങ്ങൾക്കൊക്കെ മറ്റ് കുട്ടികളുമായി പോകുമ്പോൾ പ്രത്യേകം പ്രാർത്ഥന ചോദിക്കും. മറ്റുള്ളവരുടെ വിഷമങ്ങൾ ജോബിതമോൾക്ക് പെട്ടെന്ന് മനസിലാക്കും. അതോടൊപ്പം മുൻകൂട്ടി പല കാര്യങ്ങളെയും മനസിലാക്കാനുള്ള ദൈവിക ജ്ഞാനവും ദൈവം ജോബിതമോൾക്ക് നൽകിയിരുന്നു. അത്തരമൊരു സംഭവം ബ്രിജിത്ത അമ്മ പറയുന്നത് ഇപ്രകാരമാണ്: “ഒരു ദിവസം രണ്ടര മണിയായപ്പോൾ ഇടിവെട്ടി മഴപെയ്ത് സ്കൂളിന്റെ ജനറൽ പൊട്ടി. അങ്ങനെ  സംഭവിക്കും എന്ന് ജോബിതമോൾ മുന്നറിയിപ്പ് നൽകിയിരുന്നു.” അങ്ങനെ ചെറിയ ചെറിയ ഓർമ്മപ്പെടുത്തലുകൾ ദൈവം ജോബിതമോൾ വഴി നൽകാറുമുണ്ട്.
സ്വയം മനഃപാഠം ആക്കിയ ജപമാല പ്രാർത്ഥന

ജോബിത മോൾക്ക് ജപമാല ഒക്കെ കാണാപ്പാഠം ആണ്. രാത്രി വീട്ടിൽ ചൊല്ലുന്നത് കേട്ട് അവൾ ജപമാല പ്രാർത്ഥന പഠിച്ചതാണ്.  ലുത്തിനിയ ചൊല്ലുമ്പോൾ പോലും ഏതെങ്കിലും ഒരെണ്ണം തെറ്റുവന്നാൽ അപ്പോൾ ജോബിതമോൾക്ക് മനസിലാകും. അത്രയ്ക്കും ശ്രദ്ധയോടെയാണ് ജോബിതമോൾ ഓരോ കാര്യത്തിലും പങ്കെടുക്കുന്നത്. ജോബിതമോൾക്ക് രാത്രിയിൽ ഉറക്കം കുറവാണ്. ഒപ്പം മിക്കവാറും ശരീരത്തിൽ വേദനയുണ്ട്. എത്ര വേദനകളും വിഷമങ്ങളും വന്നാലും അവൾ അത് അത്ര പ്രകടിപ്പിക്കാറില്ല.  കാലുകൊണ്ട് കാര്യങ്ങളോക്കെ ചെയ്യാൻ ജോബിതമോൾ തന്നെ പഠിച്ചതാണ്. വേദനകളിലും സഹനങ്ങളിലും പ്രാർത്ഥനയെ മുറുകെ പിടിച്ചാണ് ഈ മകൾ ജീവിക്കുന്നത് എന്ന് അമ്മ നിറകണ്ണുകളോടെ വെളിപ്പെടുത്തുന്നു.

അമ്മയുടെ ആഗ്രഹം

“ജോബിതമോൾ എന്റെ കൈവിട്ട് നടക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ, പരിപൂർണ്ണമായ ഒരു സൗഖ്യം അല്ല ദൈവം അവളിലൂടെ ആഗ്രഹിക്കുന്നത് എന്നത് തിരിച്ചറിയുവാൻ എനിക്ക് കുറെ സമയം വേണ്ടിവന്നു. പലപ്പോഴും സങ്കടവും ദേഷ്യവും എല്ലാം വന്നിട്ടുണ്ട്. എന്നാലും മാതാവിനോട് എല്ലാം പറയാൻ തുടങ്ങിയപ്പോൾ അമ്മ പതിയെ എനിക്ക് ബോധ്യപ്പെടുത്തി തന്നു. രോഗത്തിലൂടെ ദൈവത്തെ സ്നേഹിക്കാൻ എന്നെ ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.” – ഈ അമ്മ വെളിപ്പെടുത്തുന്നു.

പിതാവിന്റെ മരണം

പിതാവ് മാത്യു 2023 നവമ്പർ 20 നാണ് മരിക്കുന്നത്. മാത്യു ഏട്ടു വർഷത്തോളമായി ഞരമ്പ് സംബന്ധമായ രോഗത്താൽ കിടപ്പിലായിരുന്നു. ചികിത്സകൾകൊണ്ടൊന്നും ഫലമില്ലാതെ അവസ്ഥയിൽ വീട്ടിൽ ആയിരുന്നു അവസാന കാലഘട്ടം. കിടന്ന കിടപ്പിലായിരുന്നു. എഴുന്നേൽപ്പിച്ച് ഇരുത്തിയാൽ തല കുമ്പിട്ടു പോകും. നിർത്തുകയാണെങ്കിൽ കാലിൽ നിൽക്കാനുള്ള ബലം ഇല്ല. ജോബിത മോളുടെ കാര്യങ്ങളും ശ്രദ്ധിക്കണം, പിതാവ് ആശുപത്രിയിലും ആയിരുന്ന അവസ്ഥയിൽ ബ്രിജിത്തമ്മയ്ക്ക് തന്നെ കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുവാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. അങ്ങനെ മകൻ ജോലി ഉപേക്ഷിച്ചു പോന്നു. പപ്പയെ ശുശ്രൂഷിച്ചുകൊണ്ട് കൂടെ ആയിരുന്നു. എല്ലാത്തിലും ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് വിശ്വസിക്കാനാണ് ബ്രിജിത്താമ്മക്ക് ഇഷ്ട്ടം. എല്ലാം അറിയുന്ന ദൈവം കൈവിടില്ല എന്ന ഉറപ്പാണ് രോഗത്തിന്റെയും വേദനയുടെയും നടുവിലും ഈ അമ്മക്ക് ലഭിക്കുന്ന ധൈര്യം. “എല്ലാക്കാര്യത്തിലും ദൈവം എന്തെങ്കിലും ഒരു പദ്ധതി ഒരുക്കി വെച്ചിട്ടുണ്ട്. അത് നമുക്കറിയില്ലല്ലോ.” – ഈ അമ്മ പറയുന്നു.

ജീവിതത്തിൽ ചെറുപ്പം മുതൽ തന്നെ രോഗികളെയും പ്രായമായവരെയും ശുശ്രൂഷിക്കുവാൻ അവസരം ലഭിച്ചിട്ടുള്ള ആളാണ് ബ്രിജിത്താമ്മ. ഇന്നും അത് ഒട്ടും കുറയാതെ തുടരുകയാണ്. മാതാപിതാക്കളെയും ഭർത്താവിനെയും മകളെയും ശുശ്രൂഷിച്ചുകൊണ്ട് ആ ദൗത്യം ഇന്നും തുടരുന്നു. ഈ ഭൂമിയിൽ ദൈവം ചില വ്യക്തികൾക്ക് മാത്രമായി മാറ്റി വെച്ചിരിക്കുന്ന ഈ സഹനത്തിന്റെ കാസ മട്ടുവരെ കുടിച്ചു തീർക്കാൻ ദൈവം ബ്രിജിത്തമ്മയെ അനുഗ്രഹിക്കട്ടെ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.