മേയ് മാസം മാതാവിന്റെ മാസമായി അറിയപ്പെടാനുള്ള കാരണം

ആഗോള കത്തോലിക്കാ സഭയിൽ പരിശുദ്ധ മറിയത്തിന് പ്രത്യേകമായി സമർപ്പിക്കപ്പെട്ടിട്ടുള്ള മാസമാണ് മേയ് മാസം. മേയ് മാസത്തിൽ കത്തോലിക്കർ പരിശുദ്ധ അമ്മയെക്കുറിച്ച് ആഴത്തിൽ ധ്യാനിക്കുകയും വായിക്കുകയും മനസിലാക്കുകയും ചെയ്യുന്നു. ജപമാല ചൊല്ലിയും തീർത്ഥാടനങ്ങളും പ്രദക്ഷിണങ്ങളും നടത്തിയും വിശ്വാസികൾ കന്യകാമറിയത്തോടുള്ള ഭക്തിയും സ്നേഹവും പ്രകടിപ്പിക്കുന്നു. മേയ് മാസ വണക്കം ഇക്കാലഘട്ടത്തിലെ പ്രത്യേക പ്രചാരണമാണ്. മെയ് മാസം മാതാവിന്റെ മാസമായി മാറിയതിനു പിന്നിലെ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം.

പുരാതന ഗ്രീസിൽ മേയ് മാസം സമർപ്പിച്ചിരിക്കുന്നത്, വന്ധ്യത മാറുന്നതിനും നല്ല കാലാവസ്ഥക്കും വേണ്ടി പ്രാർത്ഥിക്കേണ്ട സ്ത്രീദൈവങ്ങൾക്കാണ്. വർഷങ്ങൾ കഴിഞ്ഞപ്പോൾ, പാശ്ചാത്യരാജ്യങ്ങളിലെ പല ആചാരങ്ങളുമായും വിശ്വാസങ്ങളുമായും ഇവ സംയോജിക്കപ്പെട്ടു. അതായത് പുരുഷന്മാർ തങ്ങൾ സ്നേഹിച്ച സ്ത്രീകൾക്ക് ആ മാസത്തിൽ ആദരവുകൾ അർപ്പിക്കാൻ തുടങ്ങി. അങ്ങനെ സ്ത്രീകൾക്കും മാതൃത്വത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഒരു കാലഘട്ടമായി മേയ് മാസം മാറി. ഈ മാസത്തെ ക്രിസ്തീയവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കത്തോലിക്കാ സഭ മേയ് മാസത്തെ സ്ത്രീകളിലെ ഏറ്റവും ഉന്നതസൃഷ്ടിയായ പരിശുദ്ധ മറിയത്തിനു സമർപ്പിച്ചത്.

ആദിമസഭയിൽ മേയ് 15- ന് പരിശുദ്ധ മറിയത്തിന്റെ തിരുനാളായി ആചരിക്കുന്ന പതിവുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടു വരെ ആ മാസം പൂർണ്ണമായും മാതാവിന് സമർപ്പിക്കപ്പെട്ടതായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിൽ മേയ് മാസത്തിൽ, വി. ഫിലിപ്പ് നേരി മാതാവിന്റെ ചിത്രത്തെ പൂക്കൾ കൊണ്ട് അലങ്കരിക്കാനും സ്തുതിഗീതങ്ങൾ ആലപിക്കാനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. തുടർന്ന് ഫാ. ആഞ്ചലോ ഡൊമെനിക്കോ ഗിനിഗി 1677- ൽ ‘കൊമുനെല്ല’ എന്ന സഹോദര കൂട്ടായ്മ സ്ഥാപിക്കുകയും അവർ പരിശുദ്ധ അമ്മയ്‌ക്ക് പ്രത്യേക വണക്കം ഈ മാസത്തിൽ അർപ്പിക്കാനും തുടങ്ങി.

നമുക്കറിയാവുന്ന ഇന്നത്തെ മരിയൻ മാസമായ മേയ്, 1725- ൽ ഫാ. ആനിബാലെ ഡിയോണിസി എസ്‌ജെ, ‘മെസ് ഡി മരിയ’ എന്ന തന്റെ പുസ്തകത്തിലൂടെയാണ് ലോകത്തെ അറിയിക്കുന്നത്. 1800- ൽ ജപമാല പ്രാർത്ഥന മരിയൻ മാസത്തിലെ പ്രധാന ഭക്താഭ്യാസമായി മാറി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിലും അമേരിക്കയിലും മരിയൻ മാസം പ്രശസ്തിയാർജ്ജിച്ചു. കൂടാതെ മിഷനറിമാരുടെ പ്രവർത്തനങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഈ ഭക്തി വ്യാപിച്ചു. പരിശുദ്ധ അമ്മയ്ക്ക് കത്തോലിക്കാ സഭയിൽ ഏറ്റവും ഉയർന്ന സ്ഥാനവും ആദരവും നൽകാനുള്ള മാർപാപ്പമാരുടെയും ക്രൈസ്തവജനതയുടെയും ആഗ്രഹം കാരണം, 1854- ൽ പയസ് ഒൻപതാമൻ പാപ്പാ പരിശുദ്ധ അമ്മ അമലോത്ഭവയാണെന്നത് വിശ്വാസ സത്യമായി കത്തോലിക്കാ സഭയിൽ അംഗീകരിച്ചു.

എല്ലാ മാർപാപ്പമാരും, കത്തോലിക്കാ സഭയിൽ മരിയൻഭക്തി പ്രോത്സാഹിപ്പിച്ചിരുന്നവരാണ്. കത്തോലിക്കാ സഭ നേരിട്ടിരുന്ന കഠിനമായ പ്രതിസന്ധികളിലും ആവശ്യങ്ങളിലും പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം അഭ്യർത്ഥിച്ചുകൊണ്ട്, മരിയൻ മാസാചരണം മാർപാപ്പാമാർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. 2021 മേയ് മാസത്തിൽ കൊറോണ പകർച്ചവ്യാധിയിൽ നിന്ന് ലോകം മുക്തി നേടുന്നതിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തിരുന്നു. മാത്രമല്ല, യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഉക്രൈൻ – റഷ്യ രാജ്യങ്ങളെ 2022 മാർച്ച് 25- ന് ഫ്രാൻസിസ് പാപ്പാ മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുകയും ചെയ്‌തു. ദുരിതങ്ങൾ പെയ്തിറങ്ങുന്ന ഈ കാലഘട്ടത്തിൽ പരിശുദ്ധ അമ്മയോട് നമുക്ക് പ്രത്യേകം മാദ്ധ്യസ്ഥം തേടാം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.