വ്യത്യസ്തം മഡഗാസ്കറിലെ മൃതസംസ്കാര ചടങ്ങുകൾ

ഓരോ രാജ്യത്തെയും മൃതസംസ്കാര ചടങ്ങുകൾ വ്യത്യസ്തമാണ്. അത്തരത്തിൽ ഏറെ വ്യത്യസ്തതകൾ നിറഞ്ഞതാണെന്ന് മഡഗാസ്കറിലെ മൃതസംസ്കാര ചടങ്ങുകളും. പ്രത്യേകതകൾ ഏറെയുള്ള മഡഗാസ്കറിലെ മൃതസംസ്കാര ചടങ്ങുകളെക്കുറിച്ചു പങ്കുവയ്ക്കുകയാണ് ഫാ. ജോൺസൻ തളിയത്ത് സി.എം.ഐ.

സംസ്കാര കർമ്മങ്ങൾക്കായി മൃതദേഹം പള്ളിയിൽ കൊണ്ടുവരുന്നത് ബെത്താലത്താല ഇടവകയിൽ അപൂർവമായ ഒരു സംഭവമായിരുന്നു. മഡഗാസ്കറിലെ രീതിയനുസരിച്ച് കാർമ്മികൻ ദൈവാലയവാതിക്കൽ വന്ന് പ്രാർഥന ചൊല്ലി മൃതദേഹത്തെ സ്വീകരിക്കും. ബന്ധുക്കളുടെ ആവശ്യപ്രകാരം കുർബാനയും അർപ്പിക്കാറുണ്ട്. ഒപ്പീസിനിടയിൽ പള്ളിയിൽ വന്നവരെല്ലാം ഹന്നാൻ ജലം മൃതദേഹത്തിനുമേൽ തെളിക്കാറുമുണ്ട്.

സാധാരണയായി ഗ്രാമങ്ങളിൽ മരിച്ചവരുടെ വീടുകളിൽ പോയാണ് സംസ്കാരപ്രാർഥനകൾ നടത്തുക. മലേറിയ മൂലം ഇരുപതാം വയസ്സിൽ മരിച്ച കുട്ടികളുടെ ഭക്തസംഘടനയിൽപെട്ട വലെറിയയുടെ മൃതദേഹമായിരുന്നു ആദ്യമായി ദൈവാലയത്തിൽ കൊണ്ടുവന്നത്. ചെറുപ്പത്തിൽ മരിച്ചതുകൊണ്ടാകാം ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേർന്ന് ധാരാളം പേർ സംസ്കാരത്തിൽ പങ്കെടുത്തു. വലെറിയുടെ കുടുംബക്കല്ലറ ഭൂമിക്കടിയിലായിരുന്നു.

പള്ളിയിലെ സംസ്കാരകർമ്മങ്ങൾ ഇവിടത്തെ ജനങ്ങൾക്കും പുതിയ ഒരു അനുഭവമായിരുന്നു. അതുകൊണ്ടാകാം അന്നുതന്നെ മരിച്ച 55 വയസ്സുള്ള മർസേലിന്റെയും സംസ്കാരകർമ്മങ്ങൾ പള്ളിയിൽത്തന്നെ നടത്താൻ ബന്ധുക്കൾ ആഗ്രഹിച്ചത്. മാതാവിന്റെ നാമത്തിലുള്ള ഭക്തസംഘടനയിൽ അംഗമായ മർസേൽ രോഗബാധിതയായിരുന്നു. രോഗത്തെ തുടർന്നാണ് അവരും മരണമടഞ്ഞത്.

ഇവിടെ കല്ലറകൾ പലവിധമുണ്ട്. വീടുപോലെ ഉള്ളതാണ് ഒരു തരത്തിലുള്ള കല്ലറ. ഇതിന്റെ ഉള്ളിൽ ട്രെയിനിലെ ബർത്തു പോലെ മൃതദേഹം കിടത്താനുള്ള അറകൾ ഉണ്ടാകും. മറ്റുചിലത് ഭൂമിക്കടിയിൽ കുഴിയുണ്ടാക്കിക്കൊണ്ടുള്ളതും ആയിരിക്കും. കല്ലറകൾ സാധാരണയായി കല്ലിലാണ് നിർമ്മിക്കുന്നത്. സംസ്കാരശേഷം കല്ലുകളും സിമൻ്റും വച്ച് അടയ്ക്കും. സ്ഥിരമായും താത്ക്കാലികമായും കല്ലറ അടച്ചു സൂക്ഷിക്കുന്നവരുണ്ട്. കുടുംബക്കല്ലറകൾ കുടുംബാംഗങ്ങളുടെ മരണത്തോടെ വീണ്ടും തുറക്കേണ്ടതുണ്ട്. ഇത് ഓരോ ഗോത്രത്തിലും വ്യത്യതമായിരിക്കും.

ഒറ്റകല്ലറയായി കാണപ്പെട്ടാലും സ്ത്രീപുരുഷൻമാർക്ക് വ്യത്യത അറകളുണ്ട്. ഭാര്യാഭർത്താക്കന്മാർ ആയാൽപ്പോലും ഒരു കല്ലറയിൽ ഇടത്തും വലത്തും വ്യത്യത  അറകളിലാക്കി അടക്കുകയാണ് പതിവ്. പുതിയ മൃതദേഹം സംസ്കരിക്കുക്കാൻ കല്ലറ തുറന്നാൽ അതിനകത്തുള്ള പഴയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പുതിയ കച്ചയിലേക്കു മാറ്റി വീണ്ടും അടക്കും.

പൂർവീകരെ വളരെ ബഹുമാനിക്കുന്ന മഡഗാസ്കറിലെ ആളുകൾക്ക് മരിച്ചവർ ജീവിച്ചിരിക്കുന്നവരെപോലെ തന്നെയാണ്. അവരുടെ നിശ്ശബ്ദ സാന്നിധ്യം തലമുറകൾപോലും അനുഭവിക്കുന്നു. അതുകൊണ്ടായിരിക്കാം വീടുകൾ പുല്ലിൽ മേഞ്ഞാലും കല്ലറകൾ കല്ലിൽ തീർക്കുന്നത്.

സംസ്കാവേളയിൽ ശ്രമദായകർക്കും വന്നുകൂടിയവർക്കും ചെറിയ അളവിൽ ചാരായം നൽകിക്കൊണ്ടിരിക്കുന്നതും ഇവിടത്തെ ഒരു പ്രത്യേകതയാണ്. കൂടാതെ, മൃതദേഹത്തെ കല്ലറയിലെത്തിക്കുന്ന ധർമ്മം പൂർത്തിയാക്കുമ്പോൾ ശവമഞ്ചത്തെ അവിടെവച്ചു തന്നെ കത്തിച്ചുകളയുന്ന ഒരു പതിവുമുണ്ട് ഇവിടെ.

ക്രിസ്ത്യാനി ആയാലും അല്ലെങ്കിലും കുഴിമാടത്തിൽ കുരിശു വയ്ക്കുന്നൊരു പതിവ് എല്ലായിടത്തുമുണ്ട്. അവസാനകാഹളം മുഴങ്ങുമ്പോൾ എല്ലവരും നിത്യജീവനിലേക്ക് ഉയിർത്തെഴുന്നേല്ക്കട്ടെ എന്നു നമുക്കു പ്രാർഥിക്കാം.

ഫാ. ജോൺസൻ തളിയത്ത് സി.എം.ഐ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.