
‘ഔവർ ലേഡി ഓഫ് ദി സ്നോസ്’ എന്ന പേരിലുള്ള മാതാവിനോടുള്ള ഭക്തി വളരെ പഴക്കമേറിയതാണ്. എ. ഡി. 352-ൽ റോമിൽ ഉണ്ടായ ഒരു മഞ്ഞുവീഴ്ചയെക്കുറിച്ചുള്ള ഐതിഹ്യവുമായി ഇതിന് നേരിട്ട് ബന്ധമുണ്ട്. വലിയ ഭക്തരായ, കുട്ടികളില്ലാത്ത റോമൻ ദമ്പതികൾ, തങ്ങളുടെ സ്വത്തുക്കൾ ആർക്ക് അവകാശം നൽകണമെന്നു ആലോചിക്കുകയും പ്രാർഥിക്കുകയും ചെയ്തു. തന്റെ ബഹുമാനാർഥം ഒരു പള്ളി പണിയണമെന്നും ഈ പള്ളി പണിയുന്ന സ്ഥലം മഞ്ഞുമൂടിയതായിരിക്കണമെന്നും പരിശുദ്ധ കന്യകാമറിയം അവർക്ക് ഒരു സ്വപ്നത്തിൽ വെളിപാട് നൽകി. പിറ്റേന്ന് രാവിലെ ഭർത്താവ് തന്റെ സുഹൃത്തായ ലൈബീരിയസ് മാർപാപ്പയെ (352-366) സമീപിച്ചു.
കന്യകാമറിയം ലൈബീരിയസ് പാപ്പായ്ക്ക് പ്രത്യക്ഷപ്പെട്ട്, തന്റെ ബഹുമാനാർഥം പള്ളി പണിയേണ്ട സ്ഥലത്ത് ഒരു അത്ഭുതകരമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ഉപദേശിച്ചു. അടുത്ത ദിവസം, ഓഗസ്റ്റ് 5 ന്, ചൂടുള്ള ഒരു പ്രഭാതത്തിൽ, റോമിലെ എസ്ക്വിലിൻ കുന്നിൽ മഞ്ഞുമൂടി. അങ്ങനെ എ. ഡി. 358 ൽ പരിശുദ്ധ മറിയത്തെ ബഹുമാനിക്കുന്നതിനായി ഒരു ദൈവാലയം ഈ കുന്നിൽ നിർമ്മിച്ചു. പലതവണ പുനഃസ്ഥാപിക്കുകയും പുതുക്കിപ്പണിയുകയും ചെയ്ത ഈ ദൈവാലയം, മരിയ മജോറാ ബസിലിക്ക, ഇന്നും കത്തോലിക്കാ സഭയിലെ ഔർ ലേഡി ഓഫ് സ്നോസ് (മഞ്ഞു മാതാവ്) നോടുള്ള ഭക്തിയുടെ ഇരിപ്പിടമായി നിലകൊള്ളുന്നു.
എല്ലാ വർഷവും ഓഗസ്റ്റ് അഞ്ചിന് ബസിലിക്കയുടെ താഴികക്കുടത്തിൽ നിന്ന് വെളുത്ത റോസാദളങ്ങൾ വർഷിച്ചുകൊണ്ട് ഈ ഇതിഹാസം വളരെക്കാലമായി ആഘോഷിക്കപ്പെടുന്നു.
ബസിലിക്കയുടെ സമർപ്പണത്തിന്റെ കഥ
നാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ലൈബീരിയസ് മാർപാപ്പയുടെ ഉത്തരവനുസരിച്ച് ആദ്യമായി സ്ഥാപിക്കപ്പെട്ട ബസിലിക്ക, 431-ൽ എഫെസസ് കൗൺസിൽ മറിയത്തെ ദൈവമാതാവ് എന്ന പദവി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ പോപ്പ് സിക്‌സ്റ്റസ് മൂന്നാമൻ പുനർനിർമ്മിച്ചു. അക്കാലത്ത് ദൈവമാതാവിന് പുനർനിർമ്മിക്കപ്പെട്ട മരിയ മജോറാ ബസിലിക്ക, പരിശുദ്ധ കന്യകാ മറിയത്തിലൂടെ ദൈവത്തെ ബഹുമാനിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ദൈവാലയമാണ്. റോമിലെ ഏഴ് കുന്നുകളിൽ ഒന്നായ എസ്ക്വിലിനിൽ സ്ഥിതി ചെയ്യുന്ന ഇത്, ആദ്യകാല റോമൻ ബസിലിക്ക എന്ന സ്വഭാവം നഷ്ടപ്പെടാതെ നിരവധി തവണ പുനർനിർമ്മിക്കപ്പെട്ടു. അഞ്ചാം നൂറ്റാണ്ടിലെ അതിന്റെ ചുവരുകളിലെ മൊസൈക്കുകൾ അതിന്റെ പ്രാചീനതയെ സാക്ഷ്യപ്പെടുത്തുന്നു.
ക്രിസ്തുവിന്റെ ജനനസമയത്ത് കിടത്തിയിരുന്ന പുൽത്തൊട്ടിലിന്റെ ഏതാനും തിരുശേഷിപ്പുകളും ഈ ബസിലിക്കയിലുണ്ട്. ഏഴാം നൂറ്റാണ്ടിൽ മുസ്ലിം സൈന്യം വിശുദ്ധനാട് കീഴടക്കിയപ്പോൾ പലായനം ചെയ്ത ക്രൈസ്തവരാണ് പുൽത്തൊട്ടിയുടെ ഈ ഭാഗങ്ങൾ റോമിലേക്ക് കൊണ്ടുപോയത്. ഒരു സാധാരണ പുൽത്തൊട്ടിയോട് സാമ്യമുള്ള വെള്ളി പാത്രത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. അതിൽ ഉണ്ണിയേശുവിന്റെ രൂപം സ്ഥാപിച്ചിരിക്കുന്നു.
മറ്റൊരു ആദരണീയമായ നിധി, “റോമൻ ജനതയുടെ ആരോഗ്യം (അല്ലെങ്കിൽ രക്ഷ)” എന്ന് അറിയപ്പെടുന്ന സാലസ് പോപ്പുലി റൊമാനി എന്ന മാതാവിന്റെ ഐക്കൺ ആണ്. പാരമ്പര്യമനുസരിച്ച്, ഉണ്ണീശോയെ ആലിംഗനം ചെയ്യുന്ന മേരിയുടെ ഈ ചിത്രം സുവിശേഷകനായ വിശുദ്ധ ലൂക്കോസിന്റെ സൃഷ്ടിയാണ്. അദ്ദേഹം യൗസേപ്പിതാവിന്റെ മരപ്പണിശാലയിൽ വെച്ച് നമ്മുടെ കർത്താവ് തന്നെ നിർമ്മിച്ച ഒരു മേശപ്പുറത്ത് ഇത് വരച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. 593-ൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ ഗ്രിഗറി ദി ഗ്രേറ്റ് പാപ്പാ, പ്ലേഗിന്റെ അന്ത്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട് റോമിലെ തെരുവുകളിലൂടെ ഈ ഐക്കൺ കൊണ്ടുപോയി. 1571-ൽ ലെപാന്റോ യുദ്ധത്തിൽ വിജയത്തിനായി പ്രാർത്ഥിക്കാൻ വിശുദ്ധ പയസ് അഞ്ചാമൻ മാർപാപ്പ ഈ മാതൃക പിന്തുടർന്നു.
1300-ൽ പോപ്പ് ബോണിഫസ് എട്ടാമനാണ് ‘മേജർ ബസിലിക്ക’ എന്ന പേര് നൽകിയത്. ഒരു വിശുദ്ധ വാതിലുള്ള ഈ ബസലിക്കയുടെ പ്രവേശന കവാടം, സാധാരണയായി അകത്ത് നിന്ന് അടച്ചിരിക്കും. അതിനാൽ അവ തുറക്കാൻ കഴിയില്ല. ജൂബിലി വർഷങ്ങളിൽ ഇവ ആചാരപരമായി തുറക്കുന്നു. ആ വാതിലുകളിലൂടെ പ്രവേശിക്കുന്ന തീർത്ഥാടകർക്ക് ജൂബിലി വർഷാഘോഷങ്ങളോടൊപ്പം ചേരുന്ന പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുകയും ചെയ്യും.




