ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പരിതാപകരം: ആശങ്കയുണർത്തി പുതിയ റിപ്പോർട്ട്

ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്ക് നേരിടേണ്ടി വരുന്ന അക്രമ സംഭവങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ് ക്രിസ്ത്യൻ ഐക്യ കൗൺസിൽ (Bangladesh Hindu-Buddhist Christian Unity Council). രാജ്യത്ത് ജനക്കൂട്ടമായി നടത്തിയ കൂട്ട ആക്രമണങ്ങളിൽ നിന്ന്, ന്യൂനപക്ഷങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള അക്രമങ്ങളിലേക്ക് രീതി മാറിയിട്ടുണ്ടെന്ന് കൗൺസിൽ തലസ്ഥാനമായ ധാക്കയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. ധാക്ക നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കൗൺസിൽ നേതാക്കൾ ആറുമാസത്തെ കണക്കുകൾ പുറത്തുവിട്ടത്.

കഴിഞ്ഞ ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ബംഗ്ലാദേശിൽ 257 വർഗീയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 40 വ്യത്യസ്ത സംഭവങ്ങളിലായി 44 പേർ കൊല്ലപ്പെടുകയും 10 പേർ തട്ടികൊണ്ടുപോകലിനും (kidnapped) നിരവധി പേർ പീഡനങ്ങൾക്കും ഭീഷണികൾക്കും ഇരയാവുകയും ചെയ്തു. ആറുമാസത്തിനിടെ 62 ആരാധനാലയങ്ങൾക്ക് നേരെ ആക്രമണങ്ങളും കൊള്ളയടിക്കലുകളും കൈയേറ്റ ശ്രമങ്ങളും നടന്നു. വ്യാജ ദൈവനിന്ദാ കുറ്റങ്ങൾ ആരോപിച്ച് തടങ്കലിലാക്കലും അക്രമങ്ങളും, ന്യൂനപക്ഷങ്ങളുടെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുള്ള തീവെപ്പും ആസ്തി കൈയേറ്റങ്ങളും വർധിച്ചുവന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവർക്കെതിരെ ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കണമെന്നും അവരെ സംരക്ഷിക്കുന്നതിനായി അടിയന്തരമായി ‘ന്യൂനപക്ഷ സംരക്ഷണ നിയമം’ (Minority Protection Act) പാസാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 18.7 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ കത്തോലിക്കരും മറ്റ് ക്രിസ്ത്യാനികളും അടക്കം ഏകദേശം അഞ്ച് മുതൽ 10 ലക്ഷം വരെ മാത്രം വരുന്ന ചെറിയൊരു വിഭാഗമാണ് ക്രിസ്ത്യൻ സമൂഹം. എങ്കിലും വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ വലിയ പങ്കുവഹിക്കുന്ന ഇവരും ഹിന്ദു-ബുദ്ധ വിഭാഗങ്ങൾക്കൊപ്പം അക്രമങ്ങളുടെ നിഴലിലാണ് ജീവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.