പെറുവിലെ യുവജനദിനാഘോഷം: പങ്കെടുത്തത് നാലായിരത്തിലധികം യുവജനങ്ങൾ

‘ധൈര്യമായിരിക്കുക, ക്രിസ്തു ജീവിക്കുന്നു’ (Sé valiente, Cristo vive) എന്ന ആഹ്വാനവുമായി പെറുവിൽ സംഘടിപ്പിച്ച ദേശീയ യുവജനദിനാഘോഷത്തിൽ നാലായിരത്തിലധികം യുവാക്കൾ പങ്കെടുത്തു. യുവജനങ്ങളുടെ വിശ്വാസവും കൂട്ടായ്മയും പുതുക്കുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടി വലിയ ആവേശത്തോടെയാണ് കത്തോലിക്കാ സഭയും പ്രാദേശിക സമൂഹവും ഏറ്റെടുത്തത്.

പെറുവിലെ വിവിധ രൂപതകളിൽ നിന്നുള്ള കൗമാരക്കാരും യുവാക്കളും പരിപാടിയിൽ പങ്കാളികളായി. യുവജനദിനത്തിന്റെ ഭാഗമായി പ്രാർഥനകൾ, ദിവ്യബലി, സംഗീത പരിപാടികൾ, ദൈവവചന പ്രഘോഷണം, വിശ്വാസ സാക്ഷ്യങ്ങൾ പങ്കുവെക്കൽ എന്നിവ നടന്നു. ഇന്നത്തെ ആധുനിക ലോകത്തിലെ വെല്ലുവിളികളെ നേരിടാൻ ദൈവവിശ്വാസത്തിൽ ഉറച്ചുനിൽക്കാനും, ക്രിസ്തുവിന്റെ സ്നേഹവും പ്രതീക്ഷയും സമൂഹത്തിൽ പടർത്താനും സഭാ മേലധ്യക്ഷന്മാർ യുവാക്കളെ ആഹ്വാനം ചെയ്തു. നിരാശയ്ക്കും ഭയത്തിനും കീഴടങ്ങാതെ ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ ഈ സംഗമം യുവാക്കൾക്ക് പ്രചോദനമേകി.

യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ആത്മീയ ഉണർവ് കൊണ്ടും ഈ വർഷത്തെ യുവജനദിനാഘോഷം പെറുവിലെ കത്തോലിക്കാ സഭയ്ക്ക് വലിയൊരു അനുഗ്രഹമായി മാറിയെന്ന് സംഘടകർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.