ഇസ്രായേൽ-ഹമാസ് സമാധാന കരാറിനായി ‘തീവ്രമായ പ്രാർഥന’ ആവശ്യപ്പെട്ട് യുഎസ് കത്തോലിക്കാ മെത്രാൻ സമിതി

ഗാസയിലെ ദുരിതപൂർണ്ണമായ മാനുഷിക സാഹചര്യം കണക്കിലെടുത്ത്, ഇസ്രായേലും ഹമാസും തമ്മിലുള്ള പുതിയ സമാധാന ചർച്ചകളും കരാറുകളും ലക്ഷ്യപ്രാപ്തിയിലെത്താൻ തീവ്രമായ പ്രാർഥന നടത്തണമെന്ന് അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി (USCCB) ആഹ്വാനം ചെയ്തു. യു.എസ്. മെത്രാൻ സമിതിയുടെ ഇന്റർനാഷണൽ ജസ്റ്റിസ് ആൻഡ് പീസ് കമ്മിറ്റി അധ്യക്ഷൻ ബിഷപ്പ് എ ഏലിയാസ് സെയ്ദാൻ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഈ ആഹ്വാനമുള്ളത്.

ഹമാസിന്റെ ആയുധ നിഷ്കാസനത്തിനും ഗാസയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ പിൻവാങ്ങലിനും വഴിയൊരുക്കുന്ന സമാധാന ചർച്ചകളുടെ വാർത്തകളിൽ താൻ പ്രത്യാശ കാണുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ ജനതയ്ക്ക് സ്വയംനിർണ്ണയാവകാശവും സ്വന്തമായി ഒരു രാഷ്ട്രവും രൂപീകരിക്കാനുള്ള വിശ്വസനീയമായ രാഷ്ട്രീയ വഴി തെളിയാൻ ഈ കരാർ നടപ്പിലാകുന്നതിലൂടെ സാധിക്കുമെന്നും ബിഷപ്പ് സെയ്ദാൻ പ്രത്യാശ പ്രകടിപ്പിച്ചു.

ഗാസയിൽ പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം വൻ ദുരന്തമുഖത്താണ് ജനങ്ങൾ ജീവിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര സമൂഹവും ഇസ്രായേലും അമേരിക്കയും കൂടുതൽ മാനുഷിക സഹായങ്ങൾ ഗാസയിലെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് സമിതി ആവശ്യപ്പെട്ടു. തകർന്നുപോയ ഗാസയിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനും യുവാക്കൾക്ക് തൊഴിലവസരങ്ങളും കുട്ടികളുടെ വിദ്യാഭ്യാസം പുനഃസ്ഥാപിക്കാനും അടിയന്തര നടപടികൾ വേണമെന്നും അവർ കൂട്ടിച്ചേർത്തു. കടുത്ത വെല്ലുവിളികൾ നിറഞ്ഞ ഈ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന നയതന്ത്രജ്ഞരുടെയും നേതാക്കളുടെയും മനസ്സുകളിൽ സമാധാനത്തിന്റെ വിത്തുകൾ പാകാൻ ജ്ഞാനത്തിന്റെ മാതാവായ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യം തേടി പ്രാർഥിക്കാൻ ദൈവജനത്തോട് ബിഷപ്പ് ആവശ്യപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.