
ബ്രസീലിലെ ഏറ്റവും വലിയ കുപ്രസിദ്ധ കുറ്റവാളി സംഘങ്ങളിൽ ഒന്നായ ‘കൊമാൻഡോ വെർമെലോ’ (Comando Vermelho) എന്ന മയക്കുമരുന്ന്-ഗുണ്ടാസംഘത്തിൽ പ്രവർത്തിച്ചിരുന്ന മുൻ അംഗം ജയിൽവാസത്തിനിടെ കത്തോലിക്കാ സഭയുടെ ഭാഗമായി. ബ്രസീലിലെ കാമ്പോ ഗ്രാൻഡെ അതിരൂപതയുടെ കീഴിലുള്ള ‘ഗമേലേറ 2’ (Gameleira 2) സ്റ്റേറ്റ് പുരുഷ ജയിലിൽ വച്ചാണ് രണ്ട് തടവുകാർക്ക് കത്തോലിക്കാ സഭയുടെ ആരംഭ കൂദാശകളായ മാമോദീസ, കുർബാന സ്വീകരണം, സ്ഥൈര്യലേപനം എന്നിവ നൽകിയത്.
പാസ്റ്ററൽ കാർസെലാരിയ എന്ന കത്തോലിക്കാ ജയിൽ ശുശ്രൂഷാ സംഘടന നൽകിയ രണ്ടു വർഷത്തെ വിശ്വാസപരിശീലനവും പ്രാർഥനാ പരിശീലനവും പൂർത്തിയാക്കിയ ശേഷമാണ് ഈ തടവുകാർ കൂദാശകൾ സ്വീകരിച്ചത്. ജയിൽ ശുശ്രൂഷാ വിഭാഗത്തിന്റെ അധ്യക്ഷനായ ഫാദർ ആലിസൺ മുറിയെൽ തടവുകാർക്ക് കൂദാശകൾ നൽകുന്ന ശുശ്രൂഷയിൽ കാർമ്മികനായി.
“ജയിലിന്റെ കഠിനമായ അവസ്ഥകൾക്കിടയിലും തടവുകാർക്കിടയിൽ വിശ്വാസത്തിന്റെ ഒരു സമൂഹത്തെ രൂപപ്പെടുത്തുക, ദൈവകൃപയിൽ ജീവിക്കാൻ അവരെ സഹായിക്കുക എന്നിവയാണ് ജയിൽ മിനിസ്ട്രിയിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. കൂദാശകൾ സ്വീകരിച്ച വ്യക്തികളിൽ ഒരാൾ തന്റെ ശിക്ഷാകാലാവധി പൂർത്തിയാക്കി ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്നയാളാണ്. മുൻകാല കുറ്റകൃത്യങ്ങൾ ഉപേക്ഷിച്ച്, തികച്ചും വ്യത്യസ്തവും നല്ലതുമായ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനാണ് ഇയാൾ ആഗ്രഹിക്കുന്നത്. മറ്റൊരാൾ പങ്കാളിയുമായി ജീവിക്കുന്ന വ്യക്തിയാണ്. ഇയാൾ കത്തോലിക്കാ സഭാ നിയമപ്രകാരം വിവാഹ കൂദാശ സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ അദ്ദേഹത്തിന് ഇതിനായുള്ള പ്രത്യേക പരിശീലനം നൽകും” – ജയിൽ ശുശ്രൂഷാ കോർഡിനേറ്ററായ സെയ്ദ് ബ്രാൻദാവോ സെയ്ദ് വെളിപ്പെടുത്തി.
കാമ്പോ ഗ്രാൻഡെ അതിരൂപതയ്ക്ക് കീഴിൽ 11 ജയിലുകളിലായി പതിനായിരത്തോളം തടവുകാരുണ്ട്. ഇവിടങ്ങളിലെല്ലാം പാസ്റ്ററൽ കാർസെലാരിയ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഈ കൂദാശകൾ നടന്ന ‘ഗമേലേറ 2’ ജയിലിൽ, വലിയ കുറ്റകൃത്യങ്ങളിൽ പങ്കാളികളായി ദീർഘകാല തടവുശിക്ഷ അനുഭവിക്കുന്നവരും വിവിധ കുറ്റവാളി സംഘങ്ങളിൽപ്പെട്ടവരുമാണ് വസിക്കുന്നത്.
തടവുകാർക്ക് നിരന്തരമായി വിശ്വാസപരിശീലനം നൽകുന്നതിനൊപ്പം, മാസത്തിലൊരിക്കൽ ജയിലുകളിൽ കുമ്പസാരവും ദിവ്യബലിയും സംഘടിപ്പിക്കാൻ സഭയുടെ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്. ക്രിസ്തുവിന്റെ അഗാധമായ സ്നേഹത്തിനും മാനസാന്തരത്തിനും മുന്നിൽ ഏത് വലിയ കുറ്റവാളിയുടെ മാനസികാവസ്ഥയും മാറുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം.




