ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം; നാടിന്റെ നൊമ്പരമായി രാജേഷിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ പുളിങ്ങോം മീന്തുള്ളിയിൽ പ്രളയത്തിൽ അകപ്പെട്ട കർഷകനെ രക്ഷിക്കുന്നതിനിടെ സ്വയം ജീവൻ വെടിഞ്ഞ നീന്തൽ പരിശീലകൻ രാജേഷിന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് അഴിച്ചുനൽകിയ ശേഷമാണ് തിരുവനന്തപുരം സ്വദേശിയായ രാജേഷ് നദിയിലെ ശക്തമായ ഒഴുക്കിൽപെട്ടത്. മൂന്ന് ദിവസമായി തുടർന്ന തിരച്ചിലിനൊടുവിൽ കാര്യങ്കോട് പുഴയിലെ കോച്ചേരി തുരുത്തിൽ നിന്നാണ് രാജേഷിന്റെ മൃതദേഹം ലഭിച്ചത്.

അപകടത്തിൽപെട്ട കർഷകനെ സുരക്ഷിതനായി കരയിലെത്തിച്ചെങ്കിലും നദിയിലെ കുത്തൊഴുക്ക് മൂലം രാജേഷ് കയറിലെ പിടിവിട്ട് ഒഴുക്കിൽപെടുകയായിരുന്നു. 36 വയസ്സുള്ള രാജേഷ് മൂന്ന് മാസം മുൻപാണ് വാട്ടർ ഫാൾസ് പരിശീലകനായി കണ്ണൂരിൽ ജോലിയിൽ പ്രവേശിച്ചത്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം കല്ലിയൂരിലെ സ്വന്തം വീട്ടിൽ സംസ്കരിക്കും.

മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം സുരക്ഷ നോക്കാതെ മുന്നിട്ടിറങ്ങിയ രാജേഷിന്റെ ആത്മത്യാഗം മഹത്തരമാണെന്ന് പിണറായി വിജയൻ അനുസ്മരിച്ചു. സ്വന്തം ജീവൻ നൽകി അപൂർവമായ മനുഷ്യസ്നേഹത്തിന്റെ മാതൃക കാണിച്ചാണ് ഈ യുവാവ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു. രാജേഷിന്റെ വേർപാടിൽ കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.