‘കോർപ്പുസ് ക്രിസ്റ്റി’ തിരുനാളിനു പിന്നിലെ ദിവ്യകാരുണ്യ അത്ഭുതം

പരിശുദ്ധ കത്തോലിക്കാ സഭയിൽ ‘കോർപ്പുസ് ക്രിസ്റ്റി’ തിരുനാൾ ആഘോഷിക്കുന്നതിന് ഒരു ചരിത്രമുണ്ട്. ഇറ്റലിയിൽ നടന്ന ഒരു ദിവ്യകാരുണ്യ അത്ഭുതമാണ് പതിമൂന്നാം നൂറ്റാണ്ടിൽ ഉർബൻ നാലാമൻ പാപ്പാ ഈ തിരുനാൾ സ്ഥാപിക്കാൻ കാരണമായതിനു പിന്നിൽ.

പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, പ്രാഗിൽ നിന്നുള്ള വൈദികൻ ഫാ. പീറ്റർ പരിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സാന്നിധ്യത്തെ സംശയിച്ചു. തന്റെ വിശ്വാസം പുനഃസ്ഥാപിക്കാൻ വേണ്ട കൃപക്കായി അദ്ദേഹം റോമിലേക്ക് ഒരു തീർത്ഥാടനം നടത്തി. വി. പത്രോസിന്റെ കബറിടത്തിൽ പ്രാർത്ഥിക്കുകയായിരുന്നു ലക്ഷ്യം. തീർത്ഥാടനത്തിനു ശേഷം മടങ്ങിയെത്തിയ അദ്ദേഹം വി. ക്രിസ്റ്റീനയുടെ കല്ലറയിൽ പരിശുദ്ധ കുർബാന അർപ്പിക്കാനായി ബോൾസെനയിലേക്കു പോയി. എന്നാൽ വിശുദ്ധ കുർബാന മധ്യേ തിരുവോസ്തിയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി. ബോൾസെനക്കടുത്തുള്ള ഒർവീറ്റോയിൽ അന്നത്തെ മാർപാപ്പയായിരുന്ന ഉർബൻ നാലാമൻ പാപ്പാ ഉണ്ടായിരുന്നു. തിരുവോസ്തിയിൽ നിന്ന് രക്തമൊഴുകിയ വാർത്തയറിഞ്ഞ പാപ്പാ വേഗം തന്നെ ആ തിരുവോസ്തി തന്റെ അടുക്കലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു. പ്രദക്ഷിണമായി അവർ അത് പാപ്പായുടെ അടുത്തെത്തിച്ചു. ദിവ്യകാരുണ്യ അത്ഭുതം നേരിട്ട് കണ്ട പാപ്പാ, തിരുവോസ്തിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് ദിവ്യകാരുണ്യനാഥനെ ആരാധിച്ചു. തുടർന്ന് ആ തിരുവോസ്തി വിശ്വാസികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. ഈ തിരുവോസ്തി ഇന്നും ഒർവീറ്റോ കത്ത്രീഡലിൽ സൂക്ഷിച്ചിട്ടുണ്ട്.

ഈ ദിവ്യകാരുണ്യ അത്ഭുതമാണ് പരിശുദ്ധ കുർബാനയുടെ തിരുനാൾ സ്ഥാപിക്കാൻ ഉർബൻ നാലാമൻ പാപ്പായെ പ്രേരിപ്പിച്ചത്. അങ്ങനെ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ തിരുനാളായി. ആഗോള കത്തോലിക്കാ സഭയിൽ ‘കോർപ്പുസ് ക്രിസ്റ്റി’ എന്നാണ് ഈ തിരുനാൾ അറിയപ്പെടുന്നത്. ഈ തിരുനാൾ ദിനത്തിൽ ഒർവീറ്റോ കത്ത്രീഡലിൽ സൂക്ഷിച്ചിരിക്കുന്ന തിരുവോസ്തി പ്രദക്ഷിണമായി കൊണ്ടുവരികയും അന്നത്തെ തിരുനാൾ കുർബാനയിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

“പരിശുദ്ധ കുർബാന നമ്മുടെ ആത്മീയഭക്ഷണമാണ്. ദൈവവുമായുള്ള കൂട്ടായ്മയുടെ രഹസ്യവും തിന്മയുടെ മേലുള്ള ക്രിസ്തുവിന്റെ വിജയത്തിന്റെ അടയാളവുമാണ്” – 1990-ൽ ഒർവീറ്റോ കത്ത്രീഡൽ സന്ദർശിച്ച വി. ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.