“നിനക്ക് തണുക്കുന്നില്ലല്ലോ?” ചരിത്രത്തിൽ ഓർത്തിരിക്കാൻ ഒരു ചോദ്യം

“നിനക്ക് തണുക്കുന്നില്ലല്ലോ?” വളരെ സൗഹാർദപരമായ ഒരു ചോദ്യം. ആ ചോദ്യം ഇന്ന് ലോകത്തിനു മുന്നിൽ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും അടയാളമായി മാറുകയാണ്. സംഭവം എന്താണെന്നല്ലേ. ഈ ചോദ്യവും സൗഹൃദ സംഭാഷണവും നടന്നത് ഒരു മലമുകളിലാണ്. ശാരീരികമായ അനേകം വെല്ലുവിളികൾ നേരിടുന്ന ഒരു പതിനൊന്നു വയസുകാരനെ ചേർത്തു പിടിച്ച് വെയിൽസ് രാജകുമാരി കാതറിൻ നടത്തിയ ഈ ചെറിയ സംഭാഷണം ആണ് ഇന്ന് സാമൂഹ്യ മാധ്യമം ഏറ്റെടുക്കുന്നത്.

ജീവിതത്തിലെ ഏറ്റവും കഠിനമായ പോരാട്ടങ്ങളിലൊന്നായ കാൻസറിനെ അതിജീവിച്ച ശേഷം ബ്രിട്ടന്റെ ഏറ്റവും ഉയർന്ന മൂന്ന് പർവതങ്ങൾ വെറും 24 മണിക്കൂറിനുള്ളിൽ കയറുക എന്ന ചലഞ്ചിലായിരുന്നു വെയിൽസ് രാജകുമാരി കാതറിൻ. ബ്രിട്ടനിലെ പ്രശസ്തമായ ‘നാഷണൽ ത്രീ പീക്സ് ചാലഞ്ച്’ വിജയകരമായി പൂർത്തിയാക്കിയ കാതറിൻ ബെൻ നെവിസ് മലമുകളിൽ എത്തിയപ്പോഴാണ് ഈ ഹൃദയസ്പർശിയായ സംഭവം അരങ്ങേറിയത്. ബെൻ നെവിസ് കൊടുമുടിയുടെ മുകളിൽ വച്ച് രാജകുമാരി 11 വയസ്സുകാരനായ ടെഡ് ഹാസ്‌ലം എന്ന ബാലനെ കണ്ടുമുട്ടി. ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുന്ന ‘മോളി ഒല്ലീസ്’ എന്ന ചാരിറ്റിക്ക് വേണ്ടി ധനസമാഹരണം നടത്താൻ, വീൽചെയറിൽ പിതാവിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മലമുകളിലെത്തിയതായിരുന്നു ആ മിടുക്കൻ.

അവിടെവച്ച് ഒരു രാജകീയ പ്രൗഢിയുമില്ലാതെ, തിടുക്കം കൂട്ടാതെ കാതറിൻ ആ കുട്ടിയോട് സംസാരിക്കാൻ സമയം കണ്ടെത്തി. “നിനക്ക് തണുക്കുന്നില്ലല്ലോ അല്ലേ” എന്ന് ചോദിച്ച് അവന് തണുക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും, അവന്റെ വീൽചെയറിൽ ഘടിപ്പിച്ചിരുന്ന ചിഹ്നത്തെ കുറിച്ച് ചോദിച്ചറിയാനും കാതറിൻ രാജകുമാരി മറന്നില്ല. ഒരു വൻ വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും, തന്റെ നേട്ടങ്ങളെക്കുറിച്ചോ വരാനിരിക്കുന്ന കഠിനമായ വഴികളെക്കുറിച്ചോ ആകുലപ്പെടാതെ, മുന്നിൽ നിൽക്കുന്ന ഒരു കൊച്ചുബാലന്റെ ആവശ്യങ്ങളിലേക്ക് കാതറിൻ ശ്രദ്ധ തിരിച്ചു. ആ കരുതലിനാണ് ലോകം ഇന്ന് കയ്യടി നൽകുന്നത്.

ഈ ‘ത്രീ പീക്സ് ചലഞ്ച്’ ഒരു രാജകുമാരിയുടെ ശാരീരിക കരുത്തിന്റെ പ്രകടനമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമായിരിക്കാം. എന്നാൽ, ക്യാൻസറിനോട് പോരാടി ജയിച്ച മൂന്ന് കുട്ടികളുടെ അമ്മ, ബ്രിട്ടനിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ വച്ച് 11 വയസ്സുകാരനായ ഒരു ബാലനോട് “നിനക്ക് തണുക്കുന്നുണ്ടോ?” എന്ന് ചോദിച്ച ആ കൊച്ചു നിമിഷമായിരിക്കും ലോകം എക്കാലവും ഓർത്തു വെക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.