“പത്ത് മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ ഇന്ന് ആരും ജീവനോടെ ഉണ്ടാകുമായിരുന്നില്ല”: നേപ്പാള്‍ പ്രളയത്തിൽ നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിച്ച പ്രധാനാധ്യാപകൻ

പ്രകൃതിയുടെ ക്രൂരമായ കോപത്തിന് മുന്നിൽ ഒരിക്കൽ കൂടി മനുഷ്യൻ നിസ്സഹായനായപ്പോൾ, അവിശ്വസനീയമായ ഒരു തീരുമാനത്തിലൂടെ ഒരു വൻ ദുരന്തം ഒഴിവായതിന്റെ ഞെട്ടലിലാണ് നേപ്പാൾ. നൂവകോട്ടിലെ ത്രിഭുവൻ ത്രിശൂലി സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകൻ രാജേന്ദ്ര ദവാടിയുടെ സമയോചിതമായ ഇടപെടലിൽ 900 കുട്ടികളുടെ ജീവനാണ് മരണമുഖത്തുനിന്ന് തിരിച്ചുകൊണ്ടുവരാനായത്. വെള്ളം ഇരച്ചെത്തുന്നതിന് വെറും പത്ത് മിനിറ്റ് മുമ്പാണ് അദ്ദേഹം സ്കൂളിലെ മുഴുവൻ കുട്ടികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചത്.

മരണത്തിലേക്ക് പത്തു മിനിറ്റ് മാത്രം ബാക്കിനിൽക്കെ

പ്രാദേശിക സമയം രാവിലെ 9:10 ത്തോടെയാണ് രാജേന്ദ്ര ദവാഡിയെ തേടി അടുത്തടുത്തായി നാല് ഫോൺ കോളുകൾ എത്തിയത്. വലിയൊരു ദുരന്തം വരുന്നുണ്ടെന്ന മുന്നറിയിപ്പായിരുന്നു അവ. ഇതിനിടയിൽ ഒരു രക്ഷിതാവ് തന്റെ മകളെ കൂട്ടിക്കൊണ്ടുപോകാൻ തിടുക്കത്തിൽ സ്കൂളിലെത്തിയത് അദ്ദേഹത്തിന്റെ ആശങ്ക ഇരട്ടിപ്പിച്ചു. രക്ഷിതാക്കൾ അകാരണമായി അടിയന്തിരമായി എത്തുകയില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഒരു നിമിഷം പോലും പാഴാക്കാൻ തയ്യാറായില്ല.

ക്ലാസുകൾ തീരുന്നതുവരെ കാത്തുനിൽക്കാതെ അദ്ദേഹം സ്കൂളിൽ അടിയന്തിര ഒഴിപ്പിക്കൽ പ്രഖ്യാപിച്ചു. കുട്ടികളോട് എത്രയും പെട്ടെന്ന് ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടാൻ ആവശ്യപ്പെടുകയും, കുട്ടികളുമായി എത്തിയ സ്കൂൾ ബസുകളോട് ഉടൻതന്നെ തിരികെ പോകാൻ ഉത്തരവിടുകയും ചെയ്തു. “ഞാൻ ആ സമയത്ത് വേഗത്തിൽ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ, അതൊരു പത്ത് മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ കുട്ടികളും ഞാനുമടക്കം ആരും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല,” രാജേന്ദ്ര ദവാഡി പറയുന്നു.

കൺമുന്നിൽ തകർന്നടിഞ്ഞ ഗ്രാമം

പ്രളയത്തിൽ നേപ്പാളിൽ ഇതിനകം 794 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 2,426 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചയുണ്ടായ കനത്ത പ്രളയത്തിൽ രാജേന്ദ്ര ദവാഡിയുടെ സ്കൂൾ കെട്ടിടവും പരിസരവും പൂർണ്ണമായും ചെളിയിലും അവശിഷ്ടങ്ങളിലും മൂടിപ്പോയി. പുഴയോരത്തു നിന്ന് വെറും നൂറ് മീറ്റർ മാത്രം അകലെയുള്ള ഹോസ്റ്റൽ കെട്ടിടം നിമിഷനേരം കൊണ്ടാണ് വെള്ളത്തിനടിയിലായത്.

പത്താം ക്ലാസ് വിദ്യാർഥിനിയായ യുനിഷ അമാത്യയും കൂട്ടുകാരും രക്ഷപ്പെട്ടത് വെറും പത്ത് സെക്കൻഡിന്റെ വ്യത്യാസത്തിലാണ്. “ക്ലാസിലായിരിക്കുമ്പോഴാണ് അധ്യാപകർ പെട്ടെന്ന് വന്ന് പ്രളയത്തെക്കുറിച്ച് പറയുന്നതും ഉടൻ വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നതും. സ്കൂളിന്റെ പിൻവശത്തുള്ള ഇടുങ്ങിയ ഗോവണിയിലൂടെയാണ് ഞങ്ങൾ കൂട്ടത്തോടെ കുന്നിൻമുകളിലേക്ക് ഓടിക്കയറിയത്. നിമിഷനേരം കൊണ്ട് സ്കൂളിന് ചുറ്റുമുള്ള ബസാർ പ്രളയത്തിൽ ഒലിച്ചുപോയി,” യുനിഷ അനുസ്മരിക്കുന്നു. മറ്റ് വഴികളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പലരും കുത്തൊഴുക്കിൽ പെട്ടുപോയെന്നും ഈ വിദ്യാർഥിനി കൂട്ടിച്ചേർക്കുന്നു.

ഉത്കണ്ഠയുടെ മണിക്കൂറുകൾക്ക് ശേഷം ഒടുവിൽ ആ ഫോൺ കോൾ

പ്രളയവാർത്ത പരന്നതോടെ യുനിഷയുടെ മാതാപിതാക്കൾ ആടിയുലഞ്ഞുപോയി. മകളെ ഫോണിൽ കിട്ടാതെവന്നതോടെ എന്തുചെയ്യണമെന്നറിയാതെ പിതാവ് യുബരാജ് അമാത്യ സ്കൂട്ടറുമായി പ്രളയത്തെ വകവയ്ക്കാതെ സ്കൂളിലേക്കു പാഞ്ഞു. കൺമുന്നിൽ എല്ലാം ഒലിച്ചുപോയത് കണ്ട് മകൾ ജീവനോടെയില്ലെന്ന് അദ്ദേഹം ഭയന്നുപോയി. ഒടുവിൽ, ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം മകളെ ഫോണിൽ കിട്ടുകയും ഇരുവരും ഫോണിൽ സംസാരിച്ച് പൊട്ടിക്കരയുകയും ചെയ്തു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് യുനിഷയ്ക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞത്.

അടുത്ത ഘട്ടത്തെക്കുറിച്ചുള്ള ആശങ്കകൾ

ദുരന്തത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും തന്റെ തുടർപഠനത്തെക്കുറിച്ചുള്ള ആശങ്കയിലാണ് യുനിഷ ഇപ്പോൾ. തന്റെ സ്കൂളും കൂട്ടുകാരെയുമെല്ലാം നഷ്ടപ്പെട്ടതിൽ ഈ പെൺകുട്ടി സങ്കടപ്പെടുന്നു. ഇത്തരം പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി നേരിടാൻ സൈറണുകളും കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കിൽ ജനങ്ങളെ കൂടുതൽ വേഗത്തിൽ സുരക്ഷിതരാക്കാൻ കഴിയുമായിരുന്നു എന്നാണ് ഹെഡ്മാസ്റ്റർ രാജേന്ദ്ര ദവാഡിയുടെ പക്ഷം. എന്തായാലും ആ സമയത്ത് താൻ എടുത്ത ധീരമായ തീരുമാനം നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ജീവനാണ് രക്ഷിച്ചതെന്ന അഭിമാനത്തിലാണ് ഈ പ്രധാന അധ്യാപകൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.