വി. പെരെഗ്രിൻ ലാസിയോസി: കാൻസർ രോഗികൾക്ക് ആശ്രയമായി മാറിയ വിശുദ്ധൻ

കാൻസർ. ലോകമെമ്പാടും ഉള്ള രോഗികളെ ഭയപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന ഇത്രത്തോളം വലിയ ഒരു രോഗം വേറെ ഇല്ല. ആധുനിക വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചുവെങ്കിലും, ഈ രോഗത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ പലരുടെയും ഉള്ളിൽ ഭീതി പടരാറുണ്ട്. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ലോകമെമ്പാടും ഉള്ള വിശ്വാസികൾ മാധ്യസ്ഥ്യത്തിനായി തിരയുന്ന ഒരു വിശുദ്ധൻ ഉണ്ട്. വിശുദ്ധ പെരെഗ്രിൻ ലാസിയോസി. ലോകമെമ്പാടുമുള്ള കാൻസർ രോഗികളുടെ മധ്യസ്ഥനായി അറിയപ്പെടുന്ന ഈ വിശുദ്ധന്റെ ജീവിതത്തെ പരിചയപ്പെടാം.

1265-ൽ ഇറ്റലിയിലെ ഫോർലി എന്ന സ്ഥലത്താണ് പെരെഗ്രിൻ ലാസിയോസി ജനിച്ചത്. ചെറുപ്പകാലത്ത് അദ്ദേഹം കത്തോലിക്കാ സഭയ്ക്കും മാർപാപ്പയ്ക്കും എതിരായ രാഷ്ട്രീയ നിലപാടുകളുള്ള ഒരു വ്യക്തിയായിരുന്നു. പെരെഗ്രിന്റെ കുടുംബം മാർപാപ്പയുടെ അധികാരത്തെ ശക്തമായി എതിർത്തിരുന്ന കൂട്ടത്തിൽ ഉള്ളവരായിരുന്നു. ഇക്കാരണത്താൽ തന്നെ യുവാവായ പെരെഗ്രിനും ഈ വിഷയത്തിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. ഒരിക്കൽ പേപ്പൽ അംബാസഡർ ഫോർലി സന്ദർശിച്ചപ്പോൾ പെരഗ്രിൻ അദ്ദേഹത്തിന്റെ മുഖത്തടിച്ചു. എന്നാൽ യാതൊരു വിദ്വേഷവും കാണിക്കാതെ അംബാസഡർ തന്നെ ആക്രമിച്ചയാളോട് ഉടനടി ക്ഷമിക്കുകയാണ് ചെയ്തത്.

ആ സംഭവം യുവാവായ പെരെഗ്രിന്റെ ഹൃദയത്തെ സ്പർശിച്ചു. തെറ്റുകൾ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച പെരെഗ്രിൻ, പിന്നീട് ‘സർവൈറ്റ് സന്യാസ സമൂഹത്തിൽ’ (Servite Order) ചേരുകയും വൈദികനായി മാറുകയും ചെയ്തു. തുടർന്ന് അദ്ദേഹം ദരിദ്രരെയും രോഗികളെയും ശുശ്രൂഷിക്കുന്നതിനായി ജീവിതം സമർപ്പിച്ചു. പെരഗ്രിന്റെ ജീവിതത്തെക്കുറിച്ചുള്ള മുൻകാല വിവരണങ്ങൾ അദ്ദേഹം സെർവൈറ്റ് സന്യാസസമൂഹത്തിൽ ആയിരുന്നപ്പോൾ ഒരു പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടിരുന്നു എന്ന് പറയുന്നുണ്ടെങ്കിലും, ‘സെന്റ് പെരെഗ്രിൻ ലാസിയോസി, സെർവന്റ് ഓഫ് മേരി’ എന്ന പുസ്തകത്തിന്റെ രചയിതാവായ അരിസ്റ്റൈഡ് എം. സെറ, ഒ.എസ്.എം., പെരെഗ്രിൻ ഒരിക്കലും പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടിട്ടില്ല എന്നും വാദിക്കുന്നുണ്ട്. എന്തുതന്നെയായായലും സന്യാസ സമൂഹത്തിൽ ചേർന്നിട്ടുള്ള അദ്ദേഹത്തിൻറെ ജീവിതം പ്രായശ്ചിത്തങ്ങളും നിരന്തരമായ പ്രാർഥനകളും നിറഞ്ഞതായിരുന്നു.

അറുപതാം വയസിൽ വിശുദ്ധ പെരെഗ്രിന്റെ വലതുകാലിൽ കാൻസറിന്‌ സമമായ ഒരു വലിയ മുറിവ് ഉണ്ടായി. രോഗം വല്ലാതെ മൂർച്ഛിച്ചതിനെത്തുടർന്ന് അക്കാലത്തെ ഡോക്ടർമാർ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കാൽ മുറിച്ചുമാറ്റണമെന്ന് നിർദേശിച്ചു. ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നതിന്റെ തലേദിവസം രാത്രി, പെരെഗ്രിൻ ആശ്രമത്തിലെ ക്രൂശിതരൂപത്തിന് മുന്നിലിരുന്ന് കണ്ണീരോടെ പ്രാർഥിച്ചു. പ്രാർഥനയ്ക്കിടയിൽ അദ്ദേഹം ഉറങ്ങിപ്പോവുകയും, സ്വപ്നത്തിൽ യേശുക്രിസ്തു കുരിശിൽ നിന്നിറങ്ങി വന്ന് തന്റെ രോഗബാധിതമായ കാലിൽ സ്പർശിക്കുന്നതായി ദർശനം കാണുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അദ്ദേഹത്തിന്റെ കാൽ പൂർണ്ണമായും സൗഖ്യപ്പെട്ടിരുന്നു. അവിടെ കാൻസറിന്റെ യാതൊരു ലക്ഷണവും ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അദ്ഭുതകരമായ ഈ സൗഖ്യപ്രാപ്തി വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ചു.

തന്റെ ജീവിതത്തിൽ കാൻസറിനെ തോൽപ്പിച്ച അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇന്നു ലോകമെമ്പാടുമുള്ള കാൻസർ ബാധിതർ തങ്ങളുടെ വേദനകളിൽ ആശ്വാസവും സൗഖ്യവും തേടി പെരെഗ്രിന്റെ സന്നിധിയിൽ എത്തുന്നു. രോഗശയ്യയിലുള്ളവർക്കും പ്രത്യാശ നഷ്ടപ്പെട്ടവർക്കും അദ്ദേഹം ഇന്നും ഒരു വലിയ സാന്ത്വനകേന്ദ്രമാണ്. എല്ലാ വർഷവും മെയ് ഒന്നാം തീയതിയാണ് വിശുദ്ധ പെരെഗ്രിന്റെ തിരുനാൾ ആഘോഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.