ജീവനോടെ തൊലിയുരിയപ്പെട്ട രക്തസാക്ഷിയായ വി. ബർത്തലോമിയോ ശ്ലീഹാ

പന്ത്രണ്ട് അപ്പോസ്തോലന്മാരിൽ ഒരാളാണ് വി. ബർത്തലോമിയോ. ബർത്തലോമിയോ (Bartholomaios) എന്ന പേരിന്റെ അർഥം ‘തൽമായിയുടെ മകൻ’ എന്നാണ്. ബർത്തലോമിയോ എന്നത് പുരാതന ഹെബ്രായ നാമമായിരുന്നു. വി. ബർത്തലോമിയോ ജീവനോടെ തൊലിയുരിയപ്പെടുകയും അർമേനിയയിൽ രക്തസാക്ഷിയായി മരിക്കുകയും ചെയ്യപ്പെട്ടുവെന്ന് വിശ്വസിക്കുന്നു.

അപ്പസ്തോലന്മാരുടെ പേരിൽ ഉൾപ്പെട്ടതല്ലാതെ പുതിയ നിയമത്തിൽ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ പരാമർശമില്ല. പല പുരാതന എഴുത്തുകാരും കത്തോലിക്കാ പാരമ്പര്യവും യോഹന്നാന്റെ സുവിശേഷത്തിൽ സൂചിപ്പിച്ചിരിക്കുന്ന നഥാനിയേലും ബർത്തലോമിയയും ഒരാളാണെന്നു പറയുന്നു (യോഹ. 1: 45-51, കൂടാതെ 21: 2). വി. ബർത്തലോമിയോയുടെ തിരുനാളിൽ വിശുദ്ധ കുർബാനമധ്യേ വായിക്കുന്നതും ഈ സുവിശേഷഭാഗമാണ്. അവിടെ നഥാനിയേലിനെ അവന്റെ സുഹൃത്ത് ഫിലിപ്പ് ആണ് യേശുവിനെ പരിചയപ്പെടുത്തുന്നത്.

കർത്താവായ യേശുവുമായുള്ള ഹ്രസ്വവും മനോഹരവുമായ ഈ സംഭാഷണത്തിൽ ബെർത്തലോമിയയുടെ സ്വഭാവഗുണത്തെ കൂടുതൽ പരിചയപ്പെടുത്തുന്നുണ്ട്. “അവൻ ഒരു നല്ല യഹൂദനാണ്. സത്യസന്ധനും നീതിമാനും ശാന്തമായ ധ്യാനത്തിനും പ്രാർഥനയ്ക്കും ധാരാളം സമയം ചെലവഴിക്കുന്നവനുമാണ്. ‘അത്തിമരത്തിന്റെ ചുവട്ടിൽ’ (1:48) – ദൈവത്തിന്റെ പരിശുദ്ധനായ മിശിഹായെ കാത്തിരിക്കുന്നു” എന്നാണ് വിശുദ്ധഗ്രന്ഥം ബെർത്തലോമിയയുടെ സ്വഭാവത്തെ പരിചയപ്പെടുത്തുന്നത്.

“ഫിലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടിലായിരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു (1:48)” എന്ന യേശുവിന്റെ പരാമർശത്തിൽ നഥാനിയേൽ പ്രതികരിച്ചു: “റബ്ബീ, നീ ദൈവപുത്രനാണ്. നീ ഇസ്രായേലിന്റെ രാജാവാണ്” (1: 49). യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷമുള്ള നഥാനിയേൽ/ ബാർത്തലോമിയോയുടെ ജീവിതത്തെക്കുറിച്ച് കൃത്യമായി ഒന്നും അറിയില്ല. എന്നാൽ, പാരമ്പര്യം പറയുന്നത് അദ്ദേഹം കിഴക്ക് പ്രസംഗിക്കുകയും അർമേനിയയിൽ രക്തസാക്ഷിയായി മരിക്കുകയും ചെയ്തു എന്നാണ്. ജീവനോടെ അദ്ദേഹത്തിന്റെ തൊലിയുരിഞ്ഞുവെന്നും പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.