
ആമുഖം
ക്രിസ്തീയ വിശ്വാസരൂപീകരണത്തിലും ദൈവശാസ്ത്രവളർച്ചയിലും നിർണ്ണായകസംഭാവനകൾ നല്കിയ വേദപാരംഗതനാണ് ആഫ്രിക്കയിലെ ഹിപ്പോയിലെ ബിഷപ്പായിരുന്ന വി. അഗസ്തീനോസ്. “ദൈവമേ, നീ അങ്ങേക്കായി ഞങ്ങളെ സൃഷ്ടിച്ചു. ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങിൽ വിലയംപ്രാപിക്കുന്നതുവരെ അസ്വസ്ഥമായിരിക്കും” എന്ന് തന്റെ ആത്മകഥയായ “ഏറ്റുപറച്ചിൽ” ഗ്രന്ഥത്തിന്റെ ആരംഭത്തിൽ പ്രാർഥിച്ച ഈ പണ്ഡിതൻ, താൻ അനുഭവിച്ചറിഞ്ഞ ദൈവികവെളിപാടുകളുടെ അർഥവും ആഴവും അനന്തര തലമുറകൾക്ക് തന്റെ ഉത്കൃഷ്ട കൃതികളിലൂടെ പകർന്നുനൽകി. വായനയ്ക്കായി ഓരോ ദിവസവും അനേക മണിക്കൂറുകൾ ചിലവഴിച്ച അഗസ്തീനോസ് എഴുതിയത്രയും വായിക്കാൻ ഒരു പുരുഷായുസ്സ് മതിയാവില്ല.
സഭയിലെ മറ്റൊരു വേദപാരംഗതനായ സെവില്ലിലെ വി. ഇസിദോർ പറയുന്നു: “വി. അഗസ്തീനോസിന്റെ കൃതികളെല്ലാം വായിച്ചു എന്ന് അവകാശപ്പെടുന്നവൻ കള്ളംപറയുന്നു.” പാശ്ചാത്യ സഭാപിതാക്കന്മാരിൽ രചനാബാഹുല്യത്തിൽ പ്രഥമസ്ഥാനത്തുള്ള അഗസ്തീനോസിന്റെ നൂറിലധികം വ്യത്യസ്തങ്ങളായ രചനകൾ പിൽക്കാല തലമുറയ്ക്ക് ലഭ്യമായിട്ടുണ്ട്. അക്കാലത്തെ വേദവിപരീതങ്ങൾക്കെതിരെ അഗസ്തീനോസ് എഴുതിയതെല്ലാം പിന്നീട് സഭയിൽ സത്യവിശ്വാസ സംഹിതകളായി രൂപപ്പെട്ടു. ഇന്ന് നാം അറിയുന്ന, വിശ്വസിക്കുന്ന പല ക്രിസ്തീയസത്യങ്ങളും അഗസ്തീനോസിന്റെ വിവരണത്തിലൂടെയാണ് സഭയ്ക്ക് ലഭിച്ചിരിക്കുന്നത്. സഭയിൽ പിന്നീടുവന്ന പല പണ്ഡിതരും അഗസ്തീനോസിനെ അഭിസംബോധന ചെയ്തിരിക്കുന്നത് “ദൈവശാസ്ത്രജ്ഞന്മാരുടെ ദൈവശാസ്ത്രജ്ഞൻ” എന്നും “വേദപാരംഗതരുടെ വേദപാരംഗതൻ” എന്നുമൊക്കെയാണ്. നമ്മുടെ ക്രിസ്തീയജീവിതത്തെ കൂടുതൽ അർഥപൂർണ്ണമാക്കാനുതകുന്ന ഒരുപാടു സത്യങ്ങൾ വി. അഗസ്തീനോസിന്റെ ജീവിതത്തിലും പ്രബോധനത്തിലും കണ്ടെത്താൻ സാധിക്കും. വി. പൗലോസ് ശ്ലീഹായ്ക്കുശേഷം സഭയുടെ ദൈവശാസ്ത്രമേഖലയിൽ ഏറ്റം വലിയ സംഭാവന നൽകിയ മാനസാന്തരപുത്രനാണ് വി. അഗസ്തീനോസ്.
ബാല്യം, വിദ്യാഭ്യാസം
ഔറേലിയൂസ് അഗസ്തീനോസ് എ.ഡി. 354 നവംബർ 13-ന് റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ആഫ്രിക്കയിലെ തഗാസ്തെ നഗരത്തിലാണ് ജനിച്ചത്. ഇന്നത്തെ അൾജീറിയായിലെ സോക്ക് അഹ്റാസ് നഗരപ്രദേശങ്ങളാണ് പഴയകാല തഗാസ്തെ. ആധുനിക ട്യൂണീഷ്യയും ലിബിയയുടെ മെഡിറ്ററേനിയൻ തീരങ്ങളും അൾജീറിയായും ഉൾപ്പെടുന്ന വിശാലമായ ഈ ഭൂപ്രദേശം റോമൻ സാമ്രാജ്യത്തിന്റെ ധാന്യപ്പുരയായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇക്കാരണത്താൽ ഭരണാധികാരികളുടെ പ്രത്യേകശ്രദ്ധയുണ്ടായിരുന്ന ഒരു ഭൂപ്രദേശമായിരുന്നു ഇവിടം.
അഗസ്തീനോസിന്റെ പിതാവായ പട്രീഷ്യസ് കരം പിരിക്കുന്ന ഒരു നഗരസഭാ ഉദ്യോഗസ്ഥനായിരുന്നു. മൂത്തമകൻ എന്ന നിലയിൽ ഭാവിയിൽ അഗസ്തീനോസിനെ കാത്തിരിക്കുന്ന ഉദ്യോഗമായിരുന്നു ഇത്. പട്രീഷ്യസ് പുറജാതികളുടെ ദൈവങ്ങളെ ആരാധിച്ചിരുന്ന ഒരു പേഗൻ ചിന്താഗതിക്കാരനായിരുന്നതിനാൽ അഗസ്തീനോസിന്റെ അമ്മ മോനിക്കയുടെ ആഗ്രഹാനുസരണം മക്കൾക്ക് ക്രിസ്തീയവിശ്വാസമനുസരിച്ചുള്ള മാമ്മോദീസ നൽകുന്നതിനെ എതിർത്തിരുന്നു. അഗസ്തീനോസിനെ കൂടാതെ നവിജിയൂസ്, പെർപെത്തുവ എന്നീ രണ്ടു മക്കൾ കൂടി അവർക്കുണ്ടായിരുന്നു. വടക്കൻ ആഫ്രിക്കയിലെ പ്രബല വിഭാഗമായിരുന്ന “ബേർബർ” കുലത്തിൽപെട്ടവരായിരുന്നു ഇവർ. തന്റെ ആഫ്രിക്കൻ പാരമ്പര്യങ്ങളെക്കുറിച്ച് പിന്നീട് അഗസ്തീനോസ് തന്റെ കൃതികൾ പലേടത്തും പ്രതിപാദിക്കുന്നുണ്ട്.
അഗസ്തീനോസിന് പതിനൊന്നു വയസ്സുള്ളപ്പോൾ ഒരു സഹായിയോടൊപ്പം മദൗറോസ് നഗരത്തിൽ മെച്ചമായ വിദ്യാഭ്യാസത്തിനായി അയക്കപ്പെട്ടു. എന്നാൽ പലപ്പോഴും തന്റെ മേല്നോട്ടക്കാരന്റെ കണ്ണ് വെട്ടിച്ചു ക്ലാസ്സുകളിൽ നിന്ന് പുറത്തുകടന്ന് നഗരത്തിലെ കലാപരിപാടികൾ കണ്ടുനടക്കുന്നതിൽ ബാലനായ അഗസ്തീനോസ് ആനന്ദം കണ്ടെത്തി. കർക്കശക്കാരനായിരുന്ന ഗുരുവിന്റെ ശിക്ഷാകാഠിന്യം നിമിത്തം ഇനിയൊരിക്കലും ഈ ഭാഷ പഠിക്കില്ലെന്ന് അഗസ്തീനോസ് പ്രതിജ്ഞയെടുത്തു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പ്രായപൂർത്തിയായപ്പോൾ ഗ്രീക്ക് ഭാഷ പഠിക്കുന്നുന്നതിന് പരിശ്രമിച്ചെങ്കിലും പൂർണ്ണമായും വിജയിച്ചില്ല. എന്നാൽ റോമൻ ഭാഷയായ ലത്തീനിൽ അഗാധമായ പാണ്ഡിത്യം അഗസ്തീനോസിനുണ്ടായിരുന്നു. അതീവ ബുദ്ധിമാനായിരുന്ന അഗസ്തീനോസ് എല്ലാ കാര്യങ്ങളും വളരെ വേഗം പഠിച്ചെടുക്കുകയും ചെയ്തിരുന്നു. മദൗറോസ് നഗരത്തിലെ പഠനകാലയളവിൽ അദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കളെ ലഭിക്കുകയും പുറജാതികളുടെ ആചാരരീതികൾ അവരോടൊപ്പം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.
പതിനാറാമത്തെ വയസ്സിൽ മദൗറോസിലെ പഠനം പൂർത്തീകരിച്ചു തിരികെയെത്തിയ അഗസ്തീനോസിനെ ഉന്നതവിദ്യാഭ്യാസത്തിന് അയയ്ക്കുന്നതിനുള്ള സാമ്പത്തികശേഷി പട്രീഷ്യസിനു അപ്പോൾ ഇല്ലായിരുന്നു. ഇക്കാരണത്താൽ അദ്ദേഹം ഒരുവർഷത്തോളം കാര്യമായി ഒന്നുംചെയ്യാതെ നടന്നു. കൂട്ടുകാരോടൊത്ത് തഗാസ്തെയിലെ തെരുവുകളിലൂടെ രാത്രികാലങ്ങളിൽ സഞ്ചരിച്ച് ചെറിയ മോഷണങ്ങൾ നടത്തുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തി. തന്റെ “ഏറ്റുപറച്ചിൽ” എന്ന പുസ്തകത്തിൽ അയൽക്കാരന്റെ തോട്ടത്തിലെ പഴങ്ങൾ മോഷ്ടിച്ചതിനെക്കുറിച്ച് അഗസ്തീനോസ് വിവരിക്കുന്നുണ്ട്. തനിക്ക് ആവശ്യമുണ്ടായിട്ടല്ല, പിന്നെയോ അനുവദനീയമല്ലാത്ത ഒരു കാര്യം ചെയ്യുമ്പോഴുള്ള ആന്തരീക ആനന്ദം അനുഭവിക്കുന്നതിനായിരുന്നു ഈ നിയമലംഘനം നടത്തിയത്. മനുഷ്യസ്വഭാവത്തിലുള്ള വലിയൊരു വൈകല്യത്തെ തുറന്നുകാട്ടിക്കൊണ്ട് അതേക്കുറിച്ചു പിന്നീട് അദ്ദേഹം എഴുതി: “അത് തെറ്റായിരുന്നെങ്കിലും ഞാനതിനെ സ്നേഹിച്ചു. എന്റെ അപരാധങ്ങളിൽ ഞാൻ ആനന്ദം കണ്ടെത്തി. പാപത്തിൽ അകപ്പെട്ടു എന്നതിനേക്കാൾ, പാപത്തെ ഞാൻ സ്നേഹിച്ചു.” ഇതിൽ നിന്നാണ് മനുഷ്യന് തെറ്റിലകപ്പെടാനുള്ള സ്വാഭാവിക വാസനയുണ്ടെന്നും ദൈവത്തിന്റെ കൃപ അവന് ആവശ്യമാണെന്നും അഗസ്തീനോസ് തിരിച്ചറിയുന്നത്.
ആ പ്രദേശത്തെ ഏറ്റം ധനികനായ റൊമാനിയാനൂസ് അഗസ്തീനോസിന്റെ ബുദ്ധിവൈഭവത്തിൽ മതിപ്പുതോന്നുകയും അദ്ദേഹത്തെ സഹായിക്കാനായി തയാറാവുകയും ചെയ്തു. റൊമാനിയാനൂസിന്റെ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ പ്രത്യുപകാരമായി അഗസ്തീനോസിന്റെ എല്ലാ വിദ്യാഭ്യാസചിലവുകളും അദ്ദേഹം ഏറ്റെടുത്തു. പതിനേഴാമത്തെ വയസ്സിൽ തഗാസ്തെയിൽ ഉപരിപഠനത്തിനായി അഗസ്തീനോസ് പോയി. അമ്മ മോനിക്കയുടെ മുന്നറിയുപ്പുകളെ മറന്ന് ഇക്കാലയളവിൽ കൂട്ടുകാരോടൊത്ത് തെറ്റായ വഴിയിലൂടെ അഗസ്റ്റിൻ സഞ്ചരിച്ചു. അവിടെ വിവാഹേതര ബന്ധത്തിൽ അഗസ്തീനോസിന് ഒരു മകൻ ജനിച്ചു. “ദൈവദാനം” എന്ന അർഥം വരുന്ന “അദയോദാത്തൂസ്” എന്ന പേര് അവനു നല്കി, പതിനാറാമത്തെ വയസ്സിൽ ആകസ്മികമായി മരിക്കുന്നതുവരെ അവന്റെ സംരക്ഷണവും അഗസ്തീനോസ് ഏറ്റെടുത്തു. അതുപോലെ തന്നെ ഈ സ്ത്രീയുമായുള്ള ബന്ധം ഏതാണ്ട് പതിനാല് വർഷത്തോളം അദ്ദേഹം തുടരുകയും ചെയ്തു.
വിദ്യാർഥിയും അധ്യാപകനും
അഗസ്തീനോസിന്റെ കാർത്തേജിലെ പഠനസമയത്താണ് അദ്ദേഹത്തിന്റെ പിതാവ് മരിക്കുന്നത്. പട്രീഷ്യസ് മരിക്കുന്നതിനു മുൻപായി ക്രിസ്തീയവിശ്വാസം സ്വീകരിച്ചു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് വി. മോനിക്കയുടെ സ്വാധീനംകൊണ്ട് സംഭവിച്ചതായിരുന്നു. കാർത്തേജിൽവച്ച് അക്കാലത്ത് ആഫ്രിക്കയിൽ പ്രബലമായിക്കൊണ്ടിരുന്ന മനിക്കേയൻ വിശ്വാസത്തിലേക്ക് അഗസ്തീനോസ് ആകർഷിക്കപ്പെട്ടു. പാർത്ഥിയൻ പ്രദേശത്തുനിന്നുള്ള മാനി (216–274) എന്ന പ്രവാചകന്റെ പ്രബോധനങ്ങളിൽ നിന്നും ഉരുവായ ഒരു വിശ്വാസസംഹിതയായിരുന്നു ഇത്. ദ്വൈതവാദത്തിൽ അധിഷ്ഠിതമായ പ്രപഞ്ചശാസ്ത്രത്തിൽ (dualistic cosmology) അവർ വിശ്വസിച്ചിരുന്നു. മനിക്കേയ വിശ്വാസമനുസരിച്ച് രണ്ടുതരത്തിലുള്ള ലോകം നിലനിൽക്കുന്നു. ഒന്ന് എല്ലാ നന്മകളുടെയും ഉറവിടമായ ഒരു നല്ല ദൈവത്തിൽനിന്നും വരുന്നതാണ്. രണ്ടാമത്തേത് എല്ലാ തിന്മകൾക്കും കാരണമായ ദുഷ്ടദൈവത്തിൽ നിന്നും ഉത്ഭവിക്കുന്നതും. ഇത് രണ്ടും നിരന്തരമായ സമരത്തിൽ ഏർപ്പെട്ടിരിക്കുന്നു. സ്വരാഷ്ട്രർക്കും ബുദ്ധനും ക്രിസ്തുവിനും ശേഷം മാനി എന്ന പ്രവാചകൻ നല്ല ദൈവത്തിന്റെ അവസാനദൂതനായി ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടിരിക്കുന്നു.
അഗസ്തീനോസിന്റെ ആത്മസുഹൃത്തും സഹായിയുമായിരുന്ന റൊമാനിയനും മാനിക്കേയ മതത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ കാർത്തേജിൽ അധ്യാപകനായിരുന്ന സമയത്ത് മനിക്കേയൻ വിശ്വാസസംഹിതകളിൽ അഗസ്തീനോസിന് സംശയം തോന്നിത്തുടങ്ങി. ഫൗസ്റ്റസ് എന്ന മാനിക്കേയൻ പണ്ഡിതൻ നഗരത്തിലെത്തുമ്പോൾ തന്റെ സംശയങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് വിചാരിച്ച അഗസ്തീനോസിന് നിരാശനാകേണ്ടിവന്നു. സത്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണം സാവധാനം അഗസ്തീനോസിനെ ക്രിസ്തീയവിശ്വാസത്തിലേക്ക് എത്തിക്കുകയായിരുന്നു.
ജന്മസ്ഥലമായ തഗാസ്തെയിൽ തിരികെയെത്തി അധ്യാപനത്തിൽ മുഴുകിക്കഴിയുന്ന സമയത്താണ് അഗസ്തീനോസിന്റെ ആദ്യ പുസ്തകം “മനോഹരവും സന്ദര്‍ഭോചിതവും” പ്രസിദ്ധീകരിക്കുന്നത്. എ.ഡി. 380-ൽ അദ്ദേഹത്തിന്റെ ഇരുപത്താറാമത്തെ വയസ്സിൽ എഴുതിയ ഈ ഗ്രന്ഥം കാലാന്തരത്തിൽ നഷ്ടപ്പെട്ടുപോയി. തഗാസ്തെയിൽ 373 മുതൽ 374 വരെ വ്യാകരണം പഠിപ്പിച്ചതിനുശേഷം കാർത്തേജിൽ പ്രഭാഷണകലയിൽ ഒരു പുതിയ സ്കൂൾ ആരംഭിച്ചു അവിടേക്കു മാറിയ അഗസ്തീനോസ് ഒൻപതുവർഷത്തോളം ഈ ജോലിചെയ്തു. എന്നാൽ അവിടുത്തെ വിദ്യാർഥികളുടെ അച്ചടക്കമില്ലായ്മയിൽ മനംമടുത്ത് പ്രഭാഷണകലയിൽ ലോകത്തിലെ ഏറ്റം ഉന്നതമെന്നു കരുതിയ റോമിലേക്ക് അധ്യാപനത്തിനായി എ.ഡി. 383-ൽ അഗസ്തീനോസ് യാത്ര തിരിച്ചു.
സഞ്ചാരിയായ സത്യാന്വേഷകൻ
കാർത്തേജിൽ നിന്നും റോമിലേക്കുള്ള യാത്രയിൽ മോനിക്കയെയും അദയോദാത്തൂസിനെയും അവന്റെ അമ്മയെയും അഗസ്തീനോസ് തന്നോടൊപ്പം കൂട്ടിയിരുന്നു. റോമിലെ കാര്യങ്ങൾ അഗസ്തീനോസ് പ്രതീക്ഷിച്ച രീതിയിൽ ആയിരുന്നില്ല. റോമൻ സാമ്രാജ്യത്തിന്റെ ശക്തി വലുതായി ക്ഷയിച്ചുതുടങ്ങിയതിന്റെ ലക്ഷണങ്ങൾ എല്ലായിടത്തും പ്രകടമായിരുന്നു. റോമിനേക്കാൾ പ്രാധാന്യം പല കാരണങ്ങളാൽ ഇറ്റലിയുടെ വടക്കുഭാഗത്തുള്ള മിലാൻ നഗരത്തിന് കൈവരുകയും ചെയ്തു. റോമൻ സാമ്രാജ്യത്തെ ഗ്രസിച്ച അരാജകത്വവും അസ്ഥിരതയും അഗസ്തീനോസിന് വലിയ ഹൃദയ വേദന സമ്മാനിച്ചു. ഇവിടെ അധ്യാപകനായി ജോലിചെയ്തപ്പോൾ ധാരാളം കുട്ടികൾ ക്ലാസ്സുകളിൽ സംബന്ധിച്ചു എങ്കിലും അവരിൽ മിക്കവരും ഫീസ് നൽകാതെ പോകുമായിരുന്നു.
അഗസ്തീനോസിന്റെ റോമിലെ വാസം അധികനാൾ നീണ്ടുനിന്നില്ലെങ്കിലും സിമ്മാക്കൂസ് എന്ന റോമൻ സെനറ്ററുടെ വിലപ്പെട്ട സൗഹൃദം ഇവിടെവച്ച് ലഭിക്കുന്നു. അദ്ദേഹത്തിന്റെ സഹായത്താൽ തന്റെ മുപ്പതാമത്തെ വയസ്സിൽ മിലാനിലെ കോടതിയിൽ ഉന്നത ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടു. മിലാനിൽ അഗസ്തീനോസിന് വലിയ അംഗീകാരവും സ്ഥാനമാനങ്ങളും ലഭിച്ചു. ഇവിടെ വച്ചാണ് വി. അംബ്രോസിനെ പരിചയപ്പെടുന്നതും അത് ജീവിതത്തിൽ വഴിത്തിരിവായി മാറുന്നതും. ബിഷപ്പെന്ന നിലയിൽ മിലാൻ കോടതിയിൽ നീതിനിർവഹണത്തിനായി അംബ്രോസിനു വരേണ്ടിയിരുന്നു. മാത്രമല്ല റോമിനേക്കാൾ ക്രിസ്തീയവിശ്വാസം ഇക്കാലത്ത് മിലാനിൽ സജീവമായിരുന്നു. എന്നാൽ സത്യവിശ്വാസികളും ആര്യൻ വിശ്വാസസംഹിത അനുധാവനവും ചെയ്തിരുന്നവരുമായി കലഹങ്ങളും അരങ്ങേറിയിരുന്നു. ഒരുവിഭാഗം അംബ്രോസിന്റെ നേതൃത്വത്തിലും മറുവിഭാഗം ജുസ്തീന ചക്രവർത്തിയുടെ നേതൃത്വത്തിലുമായിരുന്നു നിലകൊണ്ടത്.
അംബ്രോസിന്റെ ദൈവശാസ്ത്ര അധ്യാപകനും ആത്മീയപിതാവുമായിരുന്ന സിംപ്ലിച്ചിയാനെ ഇക്കാലയളവിൽ അഗസ്തീനോസ് പരിചയപ്പെടുന്നു. അഗസ്റ്റിന്റെ ബൗദ്ധികത്വരയെ തൃപ്തിപ്പെടുത്തുന്നതിന് സിംപ്ലിച്ചിയാന്റെ അറിവും വിവേകവും സഹായകമായി. വി. പൗലോസിന്റെ രചനകൾ വായിക്കുന്നതിന് അദ്ദേഹം അഗസ്തീനോസിനെ പ്രേരിപ്പിച്ചു. സിംപ്ലിച്ചിയാന്റെ ക്രിസ്തീയവിശ്വാസത്തിലേക്കുള്ള മാനസാന്തരകഥ അഗസ്തീനോസിനെ വളരെയധികം സ്വാധീനിച്ചു. എന്നാൽ അംബ്രോസിന്റെയും സിംപ്ലിച്ചിയാന്റെയും ബ്രഹ്മചര്യം വലിയൊരു വെല്ലുവിളിയായി അഗസ്തിനോസിന് അനുഭവപ്പെട്ടു. പിന്നീട് “ഏറ്റുപറച്ചിൽ” എന്ന ഗ്രന്ഥത്തിൽ അഗസ്തീനോസ് ഇപ്രകാരം എഴുതി: “(ദൈവമേ), ചാരിത്രശുദ്ധിയും ഇന്ദ്രിയനിഗ്രഹവും എനിക്ക് നൽകൂ, പക്ഷെ, അല്പംകൂടെ താമസിച്ചു മതി.”
ശാരീരികപ്രലോഭനങ്ങളുടെ അടിമത്വത്തിൽ നിന്നും പുറത്തുകടക്കുക വലിയ വെല്ലുവിളിയായി അഗസ്തീനോസിന് അനുഭവപ്പെട്ടു. എന്നാൽ ആത്മാർഥ സത്യാന്വേഷിയായ അഗസ്തീനോസിനു മുൻപിൽ പല രീതിയിൽ ആത്മനിയന്ത്രണത്തിനുള്ള വഴികൾ തുറക്കപ്പെട്ടു. അദ്ദേഹം തന്നെ വിവരിക്കുന്ന ഒരു സംഭവം ഇവിടെ പറയാം. ഒരു ദിവസം മരുഭൂമിയിലൂടെ തന്റെ സുഹൃത്തായ അലിപ്പിയൂസിനോടോത്ത് നടക്കുന്നതായും അവിടെയുള്ള അത്തിമരത്തിന്റെ തണലിലിരുന്ന് തന്റെ ഹൃദയഭാരങ്ങൾ അദ്ദേഹത്തോട് വിവരിക്കുന്നതായും അഗസ്തീനോസിന് അനുഭവപ്പെട്ടു. ഈ സമയത്ത് അവരുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട് സമീപത്തുനിന്നിരുന്ന ഒരു കുട്ടി ഇപ്രകാരം പറഞ്ഞു: “എടുക്കുക, വായിക്കുക”. ഇത് ദൈവത്തിൽനിന്നുള്ള ഒരു അടയാളമായി കണ്ടുകൊണ്ട് അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന വി. ഗ്രന്ഥത്തിന്റെ ആദ്യം തുറന്ന ഭാഗം വായിച്ചു. അത് പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനത്തിന്റെ പതിമൂന്നാം അധ്യായത്തിൽ നിന്നുമുള്ളതായിരുന്നു: “സുഖലോലുപതയിലോ, മദ്യലഹരിയിലോ, അവിഹിതവേഴ്‌ചകളിലോ, വിഷയാസക്‌തിയിലോ, കലഹങ്ങളിലോ, അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കര്‍ത്താവായ യേശു ക്രിസ്‌തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍” (13:13-14).
തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ വെളിപ്പെടുത്തലാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അഗസ്തീനോസിന് മനസ്സിലായി. ആ നിമിഷത്തിൽ അവാച്യമായ ഒരു ശാന്തത അദ്ദേഹത്തിന് അനുഭവപ്പെടുകയും എല്ലാത്തരം അന്ധകാരവും തന്റെ ജീവിതത്തിൽ നിന്ന് അകന്നുപോവുകയും ചെയ്തു എന്ന് അഗസ്തീനോസ് എഴുതുന്നു. ഒരു വിശ്വാസി എന്നതിലുപരി ഒരു ക്രിസ്തീയതാപസനായി മാറുന്നതിന് അദ്ദേഹം ആ നിമിഷത്തിൽ തീരുമാനമെടുത്തു. ഉടൻതന്നെ മിലാൻ കോടതിയിലെ തന്റെ ഉന്നത ഉദ്യോഗം അദ്ദേഹം രാജിവച്ചു. ബിഷപ്പ് അംബ്രോസിൽനിന്നും അഗസ്തീനോസും മകൻ അദയോദാത്തൂസും ആത്മസുഹൃത്ത് അലിപ്പിയൂസും എ.ഡി. 387-ലെ ഈസ്റ്റർ ദിനത്തിൽ മാമ്മോദീസ സ്വീകരിച്ചു.
അഗസ്തീനോസിന്റെ മാനസാന്തരത്തിനായി വർഷങ്ങളായി പ്രാർഥനയോടെ കഴിഞ്ഞിരുന്ന വി. മോനിക്കയുടെ കണ്ണീരിന് ദൈവം കനിഞ്ഞുനൽകിയ ഉത്തരം കൂടിയായിരുന്നു ഈ സംഭവം. അതിനുശേഷം അമ്മയോടോത്ത് ആഫ്രിക്കയിലേക്ക് തിരികെപോകാനായി മിലാനിൽ നിന്ന് റോമിലേക്ക് യാത്ര തിരിച്ചു. എന്നാൽ റോമിനടുത്തുള്ള കടൽത്തീരനഗരമായ ഓസ്തിയായിൽ വച്ച് മോനിക്ക തന്റെ നിത്യസമ്മാനത്തിനായി യാത്രയായി. വി. മോനിക്ക മരിക്കുമ്പോൾ 56 വയസ്സും അഗസ്തീനോസിന് അപ്പോൾ 33 വയസ്സുമായിരുന്നു പ്രായം. തന്റെ ഭർത്താവിന്റെ ശവകുടീരത്തിനു സമീപത്തു അടക്കപ്പെടണമെന്ന് മോനിക്ക ആഗ്രഹിച്ചിരുന്നു. എന്നാൽ മരണാസന്നയായ മോനിക്ക അഗസ്തീനോസിനോട് ഇപ്രകാരമാണ് പറഞ്ഞത്: “മകനേ, നിനക്ക് സാധിക്കുന്നിടത്ത് എന്നെ സംസ്കരിക്കുക, അതിനെക്കുറിച്ചു നീ അധികം ആകുലനാകരുത്. ഒരു കാര്യം മാത്രം നിന്നോട് ഞാൻ ആവശ്യപ്പെടുന്നു: നീ ദൈവത്തിന്റെ അൾത്താരയിൽ വരുമ്പോഴെല്ലാം എന്നെയും ഓർക്കുക.”
സ്വദേശത്ത് മടങ്ങിയെത്തുന്നു
റോമിൽ നിന്നും തഗാസ്തെയിലെത്തിയ അഗസ്തീനോസ് തന്റെ പൈതൃകഭവനത്തിൽ താമസിച്ചുകൊണ്ട് പിതാവിന്റെ ചില ജോലികൾ തുടർന്നു. തന്റെ മാനസാന്തരത്തിനുശേഷം സന്യാസ സമാനമായ ജീവിതം നയിക്കാൻ അഗസ്തീനോസ് പരിശ്രമിച്ചു. എ.ഡി. 391-ൽ ഹിപ്പോ നഗരത്തിൽവച്ച് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ഇക്കാലയളവിൽ വളരെവേഗം ഒരു പണ്ഡിതനും പ്രസംഗകനുമെന്ന നിലയിൽ അഗസ്തീനോസ് പ്രശസ്തനായി തുടങ്ങിയിരുന്നു. തന്റെ ജീവിതകാലത്ത് ആറായിരത്തിനും, പതിനായിരത്തിനുമിടയിൽ പ്രസംഗങ്ങൾ അഗസ്തീനോസ് നടത്തിയതായി വിശ്വസിക്കപ്പെടുന്നു. അതിൽ അഞ്ഞൂറെണ്ണം മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളു. അദ്ദേഹം പ്രസംഗിക്കുമ്പോൾ അത് കുറിച്ചെടുക്കാൻ വൈദഗ്‌ദ്ധ്യമുള്ള ഗുമസ്‌തന്മാരെ നിയോഗിച്ചിരുന്നത് പിൽക്കാല തലമുറയ്ക്ക് വലിയ അനുഗ്രഹമായി ഭവിച്ചു.
എന്നാൽ അക്കാലത്തെ നാട്ടുനടപ്പനുസരിച്ചു അറിവുള്ളവരെയും കഴിവുള്ളവരെയും ജനങ്ങൾ ബിഷപ്പാകാൻ തിരഞ്ഞെടുത്തിരുന്നത് അഗസ്തീനോസിന് വെല്ലുവിളി ആയിരുന്നു. അതിനാൽ തഗാസ്തെയിൽ നിന്നും ഹിപ്പോ റെജിയൂസ് എന്ന പട്ടണത്തിലേക്ക് അദ്ദേഹം താമസംമാറ്റി. അതിന്റെ പ്രധാന കാരണം അവിടെ ഒരു ബിഷപ്പുണ്ടായിരുന്നു എന്നതാണ്. കൂടാതെ, പ്രാർഥനയിലും പരിത്യാഗപ്രവർത്തനങ്ങളിലും എപ്പോഴും വ്യാപരിച്ചിരുന്ന സന്യാസിമാരുടെ ഒരു സമൂഹവും ഇവിടെ നിലനിന്നിരുന്നു. അവരോടു ചേർന്ന് ഒരു സന്യാസിയായി ജീവിക്കാൻ അഗസ്തീനോസും തീരുമാനിച്ചു.ഹിപ്പോയിലെ ബിഷപ്പ് വലേറിയസ് ജന്മംകൊണ്ട് ഗ്രീക്കുകാരൻ ആയിരുന്നു. അതിനാൽ അദ്ദേഹത്തിന് ലത്തീൻ ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യം കുറവായിരുന്നു. അഗസ്തീനോസിനെപ്പോലെ പണ്ഡിതനായ ഒരാൾ അവിടെയെത്തിയത് അനുഗ്രഹമായി കണ്ട ബിഷപ്പ് അദ്ദേഹത്തോട് ദേവാലയത്തിലെ പ്രസംഗം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അഗസ്തീനോസ് ഒട്ടും പ്രതീക്ഷിക്കാത്ത അഭ്യര്‍ഥനയായിരുന്നു. താൻ മറ്റുള്ളവരെ ക്രിസ്തീയവിശ്വാസം പഠിപ്പിക്കുന്നതിനേക്കാൾ ഇത് ആഴത്തിൽ പഠിക്കാനാണ് ആഗ്രഹിക്കുന്നത്. മാത്രമല്ല, പ്രബോധനം ബിഷപ്പിന്റെ ഔദ്യോഗികജോലിയുടെ ഭാഗമായതിനാൽ താൻ അത് ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് അഗസ്തീനോസ് വാദിക്കുകയും ചെയ്തു. പഠിക്കാൻ സമയം നൽകാമെന്നും അഗസ്തീനോസിന് സ്വന്തമായി ഒരു സന്യാസ സമൂഹം സ്ഥാപിക്കുന്നതിന് സൗകര്യങ്ങൾ ചെയ്തുകൊടുക്കാമെന്നും ബിഷപ്പ് പറഞ്ഞു. അങ്ങനെ എ.ഡി. 391-396 വരെ ഹിപ്പോയിലെ ജനങ്ങൾക്കുവേണ്ടി അഗസ്തീനോസ് ബിഷപ്പിന്റെ അഭ്യർഥന മാനിച്ച് സുവിശേഷപ്രഘോഷണം നടത്തി.
എ.ഡി. 393-ൽ ബിഷപ്പ് വലേറിയോസ് ആഫ്രിക്കൻ ബിഷപ്പുമാരെ അഭിസംബോധന ചെയ്തു സംസാരിക്കാൻ അഗസ്തീനോസിനോട് ആവശ്യപ്പെട്ടു. അവിടെവച്ചു കാർത്തേജിലെ ബിഷപ്പായിരുന്ന ഔറേലിയോസ് അഗസ്തീനോസിന്റെ ആശ്രമത്തിൽ ആഫ്രിക്കയിലെ ബിഷപ്പുമാർക്ക് പരിശീലനം നൽകണമെന്ന് ആവശ്യപ്പെട്ടു. ബിഷപ്പ് വലേറിയസ് പല കാര്യങ്ങളിലും അഗസ്തീനോസിന്റെ സഹായമഭ്യർഥിക്കുകയും അദ്ദേഹം അനുസരണയോടെ അത് നിറവേറ്റുകയും ചെയ്തു. വിശുദ്ധന്മാരുടെ തിരുന്നാളുകളിൽ പുറജാതികളുടെ രീതിയനുസരിച്ചു ആഘോഷിക്കുകയും മദ്യപിച്ചു മദോന്മത്തരായി നടക്കുകയും ചെയ്യുന്ന രീതി ഹിപ്പോയിൽ നിലനിന്നിരുന്നു. അത് മാറ്റിയെടുക്കുന്നതിന് ബിഷപ്പ് വലേറിയസ് ആഗ്രഹിച്ചു. എന്നാൽ അത്തരത്തിലുള്ള നടപടികൾ ജനങ്ങളുടെ വലിയ എതിർപ്പ് വിളിച്ചുവരുത്തുമെന്നും അദ്ദേഹത്തിനു അറിയാമായിരുന്നു. ജനങ്ങളെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി അഗസ്തീനോസ് തിരുന്നാളിന് മുൻപ് മൂന്നുദിവസം തുടർച്ചയായി പ്രസംഗിക്കുകയും മൂന്നാം ദിവസം പ്രാർഥനയോടെയും മറ്റു ഭക്താഭ്യാസങ്ങളോടെയും തിരുന്നാൾ ആഘോഷിക്കാൻ ജനങ്ങൾ സമ്മതിക്കുകയും ചെയ്തു.
ഹിപ്പോയിലെ ബിഷപ്പ്
അഗസ്തീനോസിന്റെ പ്രസംഗങ്ങൾ അദ്ദേഹത്തെ ഹിപ്പോയിലെ ഏറ്റം സ്വാധീനമുള്ള വ്യക്തിയാക്കി മാറ്റി. കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടുപോയാൽ തനിക്ക് അഗസ്തീനോസിനെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞ ബിഷപ്പ് വലേറിയസ് ഹിപ്പോയിൽ തനിക്ക് സഹായിയായി അഗസ്തീനോസിനെ നിയമിക്കണമെന്ന് കാർത്തേജിലെ ആർച്ചുബിഷപ്പിനു കത്തെഴുതി. അങ്ങനെ മാമ്മോദീസ സ്വീകരിച്ച് എട്ടുവർഷം പിന്നിട്ടപ്പോൾ നാലുവർഷത്തെ വൈദികജീവിതത്തിനുശേഷം നാല്പത്തിയൊന്നാമത്തെ വയസ്സിൽ എ.ഡി. 397-ൽ അഗസ്തീനോസ് ഹിപ്പോയിലെ ബിഷപ്പായി നിയമിതനായി.
ബിഷപ്പ് എന്ന നിലയിൽ വലിയ ജോലിത്തിരക്കുള്ള ജീവിതമായിരുന്നു അഗസ്തീനോസ് നയിച്ചിരുന്നത്. ആഫ്രിക്കയിലെ ക്രിസ്തീയസമൂഹത്തെ നവീകരിക്കുന്നതിനായി കൗൺസിലുകളും പ്രസംഗങ്ങളും തുടർച്ചയായി അദ്ദേഹം നടത്തി. ഇതുകൂടാതെ, നഗരത്തിലെ ജഡ്ജിയും തന്റെ സന്യാസ സമൂഹത്തിന്റെ അധിപനും അദ്ദേഹംതന്നെ ആയിരുന്നു. തന്റെ ജീവിതശൈലിയിൽ വളരെയധികം മിതത്വം പാലിക്കാനും എല്ലാത്തരം ആഡംബരങ്ങളും ഒഴിവാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തന്റെ സഹോദരി പെർപ്പത്തുവ (ഇത് വി. പെർപ്പത്തുവ അല്ല) ഉൾപ്പെടെ സ്ത്രീകളെ ആരെയും ആശ്രമത്തിൽ വരുന്നതിന് അദ്ദേഹം അനുവദിച്ചിരുന്നില്ല.
എ.ഡി. 410-ൽ വിസിഗോത്ത് നേതാവ് അലാറിക് റോമാ നഗരം കീഴ്‌പ്പെടുത്തി. ആർക്കും ഒരിക്കലും കീഴടക്കാൻ സാധിക്കില്ല എന്നു വിശ്വസിച്ചിരുന്ന നഗരത്തിന്റെ പതനം റോമൻ സാമ്രാജ്യത്തിലുടനീളം അസാധാരണ പ്രതികരണങ്ങൾ ഉളവാക്കി. ആര്യൻ വിശ്വാസിയായിരുന്ന അലാറിക്കിൽ നിന്നും രക്ഷതേടി കത്തോലിക്കാ വിശ്വാസികൾ ആഫ്രിക്കയിലേക്ക് പാലായനം ചെയ്യാൻ ആരംഭിച്ചു. റോമിന്റെ പതനത്തിന്റെ ഉത്തരവാദിത്വം ക്രിസ്തീയവിശ്വാസത്തിൽ ചാർത്താനുള്ള പലരുടെയും പരിശ്രമത്തെ പ്രതിരോധിക്കുന്നതിനായി “ദൈവത്തിന്റെ നഗരം” എന്ന വിഖ്യാതകൃതി അഗസ്തീസ്‌നോസ് രചിക്കുന്നു.
അന്ത്യനാളുകൾ, മരണം
തന്റെ രചനകളെ അടുക്കും ചിട്ടയോടും ക്രമീകരിക്കാനും അതിന്റെ കൈയെഴുത്തു പ്രതികൾ സൂക്ഷിക്കാനും അഗസ്തീനോസ് വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ പപ്പിറസ് ചുരുളുകളിൽ എഴുതിസൂക്ഷിച്ച കൃതികളുടെ ബാഹുല്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരേസമയം വിവിധ പുസ്തകങ്ങൾ അദ്ദേഹം തന്റെ സഹായികൾക്ക് എഴുതാനായി പറഞ്ഞുകൊടുത്തിരുന്നു. അതിൽ ചില പുസ്തകങ്ങൾ നീണ്ട കാലയളവിൽ എഴുതി പൂർത്തിയാക്കിയതുമാണ്. ജീവിതത്തിന്റെ അവസാന നാളുകളിൽ ബിഷപ്പിന്റെ ജോലിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏല്പിച്ചുകൊണ്ട് അദ്ദേഹം തന്റെ തുടക്കകാലത്ത് എഴുതപ്പെട്ട പുസ്തകങ്ങൾ പിന്നീടുണ്ടായ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ നവീകരിക്കാനുള്ള പരിശ്രമത്തിലായിരുന്നു.റോം കീഴടക്കിയ വാന്തൽസ് വിഭാഗക്കാർ ആഫ്രിക്കയിലും അഗസ്തീനോസിന്റെ നഗരത്തിലും എത്തിപ്പെട്ടു. എന്നാൽ ഇക്കാലയളവിൽ അഗസ്തീനോസ് രോഗിയും ക്ഷീണിതനുമായി കിടക്കയിലായിരുന്നു. വാന്തൽസ് നഗരം ഉപരോധിച്ച സമയത്ത് തന്റെ സഹോദരന്മാരോടൊത്ത് അഗസ്തീനോസ് ഇപ്രകാരം പ്രാർഥിച്ചതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: “നമുക്കുണ്ടായിരിക്കുന്ന അനർഥത്തിന്റെ ഈ കാലയളവിൽ നിങ്ങളോടൊത്ത് ദൈവത്തോട് ഞാനും പ്രാർഥക്കുന്നു – ഒന്നുകിൽ ഈ ദുര്യോഗത്തിൽ നിന്നും ദൈവം നമ്മെ സംരക്ഷിക്കട്ടെ. അതല്ല ദൈവത്തിന്റെ പദ്ധതിയിൽ മറ്റെന്തെങ്കിലുമാണ് ഉൾപ്പെട്ടിരിക്കുന്നതെങ്കിൽ അവിടുന്ന് എന്നെ അവിടുത്തെ സന്നിധിയിലേക്ക് എടുത്തുകൊള്ളട്ടെ.”
പ്രായാധിക്യരോഗങ്ങളാൽ അന്ത്യനാളുകളിൽ വി. അഗസ്തീനോസ് എപ്പോഴും ശയ്യാലംബനായിരുന്നു. ശാരീരികവും മാനസികവുമായി കര്‍മ്മോത്സുകനായിരുന്ന ഒരാളെ സംബന്ധിച്ച് ഇങ്ങനെ കിടക്കുന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. ഈ സമയത്ത് അദ്ദേത്തിന്റെ സമീപത്ത് രോഗസൗഖ്യത്തിനായി എത്തിയ ഒരാളോട് അഗസ്റ്റിന്റെ മറുപടി, തനിക്ക് എന്തെങ്കിലും ശക്തി ഉണ്ടായിരുന്നെങ്കിൽ തന്നെത്തന്നെ സുഖപ്പെടുത്തി ജോലികളിൽ വ്യാപൃതനായേനേം എന്നായിരുന്നു. എന്നാൽ ദൈവം തന്നോട് സ്വപ്നത്തിൽ അഗസ്തീനോസിന്റെ അടുത്തെത്തി സൗഖ്യം പ്രാപിക്കാൻ ആവശ്യപ്പെട്ടെന്നു പറഞ്ഞപ്പോൾ അഗസ്തീനോസ് അദ്ദേഹത്തിന്റെമേൽ കൈകൾ വച്ച് പ്രാർഥിച്ചുസുഖപ്പെടുത്തി.
ശയ്യാവലംബനായിരുന്ന അഗസ്തീനോസ് തന്റെ സഹസന്യാസിമാരോട് ദാവീദിന്റെ അനുതാപസങ്കീർത്തനങ്ങളുടെ കൈയെഴുത്തുപ്രതികൾ തന്റെ കിടക്കയുടെ സമീപത്ത് ഭിത്തിയിൽ തൂക്കിയിടുന്നതിന് ആവശ്യപ്പെട്ടു. അത് വായിച്ച് അനുതാപാവസ്ഥയിൽ മരിക്കുന്നതിന് അദ്ദേഹം ആഗ്രഹിച്ചു. ചികിത്സിക്കുന്ന ഡോക്ടർക്കും തന്നെ ശുശ്രൂഷിക്കുന്ന സന്യാസിക്കും മാത്രമേ തന്റെ മുറിയിൽ വരുന്നതിന് അദ്ദേഹം അനുവാദം നല്കിയിരുന്നുള്ളു. അഗസ്തീനോസ് അനുതാപ പ്രാർഥനകൾ ഉരുവിട്ട് ഉച്ചത്തിൽ കരയുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. എ.ഡി. 430 ആഗസ്റ്റ് 28-ന് തന്റെ എഴുപത്താറാം വയസ്സിൽ വി. അഗസ്തീനോസ് തന്റെ സ്വർഗസമ്മാനത്തിനായി എടുക്കപ്പെട്ടു.ഹിപ്പോയിലെ ദേവാലയത്തിൽ അടക്കപ്പെട്ട വി. അഗസ്തീനോസിന്റെ ഭൗതീകശരീരം വാന്തൽ ആക്രമണത്തിൽനിന്നും രക്ഷപെടുന്നതിനായി യൂറോപ്പിലേക്ക് യാത്രചെയ്ത ആഫ്രിക്കൻ ബിഷപ്പുമാർ സാർദീനിയായിലേക്കു കൊണ്ടുപോയി. എട്ടാം നൂറ്റാണ്ടിൽ അവിടെനിന്നും വീണ്ടും മുസ്ലിം ആക്രമണത്തിൽ നിന്നും രക്ഷിച്ച് ഇറ്റലിയിലെ പവിയ നഗരത്തിലെ ദേവാലയത്തിൽ കൊണ്ടുവന്നു. പതിനെട്ടാം നൂറ്റാണ്ടിൽ മിലാനിലേക്ക് മാറ്റിയെങ്കിലും വീണ്ടും പവിയയിൽ തിരികെ കൊണ്ടുവന്നു അവിടുത്തെ ദേവാലയത്തിൽ അടക്കം ചെയ്തു.
വിശുദ്ധൻ, വേദപാരംഗതൻ
അന്നത്തെ രീതിയനുസരിച്ച് വിശ്വാസികൾ തന്നെ അഗസ്തീനോസിന്റെ മരണശേഷം അദ്ദേഹത്തെ വിശുദ്ധനായി പരിഗണിച്ചുവണങ്ങി. വി. അഗസ്തീനോസിന്റെ മരണദിനമായ ആഗസ്റ്റ് 28 തിരുനാൾ ദിനമായി സഭ ഇന്ന് കൊണ്ടാടുന്നു. ബോനിഫസ് എട്ടാമൻ മാർപാപ്പ എ.ഡി. 1298-ൽ സഭയിലെ ആദ്യ നാല് വേദപാരംഗതന്മാരെ പ്രഖ്യാപിച്ചപ്പോൾ അവരിലൊരാൾ വി. അഗസ്തീനോസായിരുന്നു.വി. അഗസ്തീനോസ് എ.ഡി. 400-ൽ എഴുതിയുണ്ടാക്കിയ സന്യാസനിയമങ്ങൾ അനുധാവനം ചെയ്യുന്ന, അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന, സന്യാസ-സന്യാസിനീ സമൂഹങ്ങൾ ഇന്ന് കത്തോലിക്കാ സഭയിലുണ്ട്. അതിൽത്തന്നെ ഏറ്റം അധികം അംഗങ്ങളുള്ളതും പ്രശസ്തവുമായ സമൂഹമാണ് ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (OSA). അതുപോലെതന്നെ ജീവിതത്തിന്റെ വിവിധ മേഖലകളെ സ്വാധീനിച്ച അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു സമൂഹം കൂടിയാണിത്. പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് തുടക്കം കുറിച്ച മാർട്ടിൻ ലൂഥറും ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഗ്രിഗോർ മെൻഡലും അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിലെ അംഗങ്ങൾ ആയിരുന്നു.
പ്രസിദ്ധ ഗ്രന്ഥങ്ങൾ
അഗസ്തീനോസിന്റെ ഗ്രന്ഥങ്ങളുടെ ഒരു പട്ടിക പോലും പൂർണ്ണമായി ഇവിടെ നല്കാൻ സാധ്യമല്ലാത്തതിനാൽ പ്രധാനപ്പെട്ട ചില കൃതികളെക്കുറിച്ചു മാത്രം പറയാം.
ഏറ്റുപറച്ചിൽ (Confessions): ആത്മകഥാരൂപത്തിൽ പതിമൂന്ന് അധ്യായങ്ങളായി എ.ഡി. 397 മുതൽ 400 വരെയുള്ള വർഷങ്ങളിൽ എഴുതപ്പെട്ട ഗ്രന്ഥമാണിത്. പാശ്ചാത്യസാഹിത്യത്തിലെ തന്നെ ഉല്‍കൃഷ്‌ട സാഹിത്യകൃതികളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ ഗ്രന്ഥം അഗസ്തീനോസ് തന്റെ യൗവനത്തിലെ അപഥസഞ്ചാരവും ക്രിസ്തീയവിശ്വാസത്തിലേക്കുള്ള യാത്രയും പ്രമേയമാക്കി രചിച്ചിരിക്കുന്നു. വഴിതെറ്റിപ്പോയെ ഒരു വ്യക്തിക്ക് ദൈവത്തിലേക്ക് എങ്ങനെ തിരികെയെത്താൻ സാധിക്കും എന്ന് ഈ കൃതി നമുക്ക് വരച്ചുകാട്ടിത്തരുന്നു. തന്റെ യാത്രയുടെ അന്ത്യത്തിൽ മാനസാന്തരം പ്രാപിച്ചു ദൈവത്തെ കണ്ടെത്തിയ അനുഭവം എല്ലാ പാപികൾക്കും ഉണ്ടാകണമെന്ന അഗസ്തീനോസിന്റെ ആഗ്രഹം ഇവിടെ വെളിവാക്കപ്പെടുന്നു. ഇത് ഒരു സഞ്ചാരിയുടെ ദൈവകൃപയിലേക്കുള്ള തീർഥാടനത്തിന്റെ കഥയാണ്. എല്ലാ പാപികൾക്കും ദൈവകൃപ ആവശ്യമാണെന്നും അത് സമൃദ്ധമായി ലഭ്യമാണെന്നും അഗസ്തീനോസ് നമ്മോടു പറയുന്നു. “ഏറ്റുപറച്ചിൽ” വായിക്കുന്നവർ അതിൽ അഗസ്തീനോസ് വിവരിക്കുന്ന കുറ്റങ്ങളുടെയും കുറവുകളുടെയും പട്ടിക തങ്ങൾക്കും ബാധകമാണെന്ന് തിരിച്ചറിയുമ്പോൾ ദൈവത്തിലേക്ക് തിരിച്ചുനടക്കാൻ സന്നദ്ധരാകണമെന്നും അഗസ്തീനോസ് അഭിലഷിക്കുന്നു.
ദൈവത്തിന്റെ നഗരം (The City of God): “ദൈവത്തിന്റെ നഗരത്തെക്കുറിച്ച് പുറജാതികൾക്കെതിരെ” (De civitate Dei contra paganos) എന്ന ശീർഷകത്തിൽ വി. അഗസ്തീനോസ് പ്രസിദ്ധീകരിച്ച ഈ കൃതി ക്രിസ്തീയവിശ്വാസമാണ് റോമൻ സാമ്രാജ്യത്തിന്റെ പതനത്തിന്റെ കാരണമെന്ന ആരോപണത്തിനുള്ള മറുപടിയാണ്. ഇന്ന് നാം വിശ്വസിക്കുന്ന പല ക്രിസ്തീയ ദൈവശാസ്ത്ര സത്യങ്ങളും ആദ്യമായി വിശദീകരിക്കപ്പെട്ട കൃതിയാണ് ഇത്. നീതിമാന്റെ സഹനം, തിന്മയുടെ അസ്തിത്വം, മനുഷ്യന്റെ സ്വതന്ത്ര ഇച്ഛാശക്തിയും സര്‍വജ്ഞനായ ദൈവവും, ജന്മപാപത്തെക്കുറിച്ചുള്ള പ്രബോധനം തുടങ്ങിയ വിഷയങ്ങൾ ആദ്യമായി വിശദമായി കൈകാര്യം ചെയ്തിരിക്കുന്നത് ഈ കൃതിയിലാണ്. നമ്മുടെ നിത്യനഗരം ഭൂമിയിലല്ലാത്തതിനാൽ ക്രിസ്തീയവിശ്വാസികൾ സ്വർഗീയനഗരത്തിൽ നിത്യമായി വസിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. വി. ലിഖിതങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യങ്ങൾ തിരിച്ചറിയുന്നവർ നൈമിഷികമായ ഈ ലോകത്തിലെ സുഖങ്ങളിൽ അഭിരമിക്കാതെ വരാനിരിക്കുന്ന ലോകത്തിലെ സന്തോഷത്തിനുവേണ്ടി അധ്വാനി ക്കുന്നവരാകണം. ലോകചരിത്രം ദൈവത്താൽ നിയന്ത്രിക്കപ്പെടുന്നതാകയാൽ ചരിത്രത്തിന്റെയും സംസ്കാരങ്ങളുടെയും വ്യക്തികളുടെയും ആത്യന്തികലക്ഷ്യം ദൈവത്തിൽ വിലയ പ്രാപിക്കുക എന്നതാണ്. സഭ സ്വർഗത്തിലെ നിത്യനഗരത്തിന്റെ ഭൂമിയിലെ പ്രതീകമായതിനാൽ അതിൽ ഉൾപ്പെട്ടിരിക്കേണ്ടത് നിത്യജീവന് അത്യന്താപേക്ഷിതമാണ്.
ക്രിസ്തീയപ്രമാണങ്ങളെക്കുറിച്ച് (On Christian Doctrine): വി. ലിഖിതം എങ്ങനെ വ്യാഖ്യാനിക്കണമെന്നും പഠിപ്പിക്കണമെന്നും പ്രതിപാദിക്കുന്ന നാല് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു ദൈവശാസ്ത്രകൃതിയാണിത്. ക്രിസ്തീയ പ്രബോധകർ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഗസ്തീനോസ് പറയുന്നു. ഒന്നാമതായി, തിരുവെഴുത്തുകളിലെ സത്യങ്ങൾ തിരിച്ചറിയുക, രണ്ടാമതായി പരമാർഥയോടെ വി. ഗ്രന്ഥത്തിലെ സത്യങ്ങൾ പഠിപ്പിക്കുക, മൂന്നാമതായി തിരുവചനസത്യങ്ങൾക്കെതിരായ ആക്രമണത്തെ ശക്തിയായി പ്രതിരോധിക്കുക. പാശ്ചാത്യസംസ്കാരത്തിൽ മനുഷ്യന്റെ ബൗദ്ധികമണ്ഡലത്തെ അതുവരെ ശക്തമായി സ്വാധീനിച്ചിരുന്ന യവനചിന്തയെ ക്രിസ്തീയവിശ്വാസത്തിന്റെ വെളിച്ചത്തിൽ പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗസ്തീനോസ് ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത്. ക്രിസ്തീയവിശ്വാസത്തിന്റെ കണ്ണിലൂടെ ലോകത്തിൽ നിലവിലുള്ള എല്ലാ യാഥാർഥ്യങ്ങളെയും കാണാനും മനസ്സിലാക്കാനും ഈ ഗ്രന്ഥം പരിശ്രമിക്കുന്നു. ഈ മനോഹരകൃതിയുടെ അവസാനം അഗസ്തീനോസ് പറഞ്ഞുവയ്ക്കുന്നത് ക്രിസ്തീയപ്രബോധകൻ കേൾവിക്കാരെ ഇളക്കിമറിക്കുന്ന വാക്ചാതുര്യത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് തന്റെ ജീവിതം ഒരു സാക്ഷ്യമായി പരിവർത്തനപ്പെടുത്തുന്നതിലായിരിക്കണം എന്നതാണ്. ദൈവത്തിൽ നിന്നുള്ള വിജ്ഞാനം പകർന്ന് നൽകുന്നതിന് പ്രസംഗകൻ പ്രാർത്ഥനയുടെ മനുഷ്യനായി മാറണം.
ഇച്ഛാശക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് (On Free Choice of the Will): തിന്മയുടെ അസ്തിത്വത്തെ മനുഷ്യന്റെ സ്വതന്ത്ര ഇച്ഛാശക്തിയുടെ വെളിച്ചത്തിൽ മനസ്സിലാക്കാൻ പരിശ്രമിച്ചുകൊണ്ട് ലോകത്തിൽ നിലനിൽക്കുന്ന സഹനങ്ങൾക്ക് ക്രിസ്തീയമായ ഉത്തരം നൽകാനുള്ള അഗസ്തീനോസിന്റെ പരിശ്രമമാണ് ഈ മഹത്തായ കൃതി. മൂന്ന് വാല്യങ്ങളായി എഴുതപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം തന്റെ സുഹൃത്തായ എവോദിയൂസുമായി നടത്തുന്ന ഒരു സംഭാഷണരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു. എല്ലാത്തിന്റെയും ഉറവിടം ദൈവമാണെങ്കിൽ “തിന്മയുടെ ഉറവിടവും ദൈവമല്ലേ?”എന്ന എവോദിയൂസിന്റെ ചോദ്യത്തിന് അഗസ്തീനോസ് നൽകുന്ന വിശദീകരണത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. തിന്മയുടെ ഉറവിടം ദൈവമല്ല, പിന്നെയോ മനുഷ്യനു ദൈവം നൽകിയ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ് എന്ന സത്യം അഗസ്തീനോസ് ഇവിടെ വിശദമായി പ്രതിപാദിക്കുന്നു. മനുഷ്യനിർമ്മിത നിയമങ്ങൾ ദൈവം ക്രമപ്പെടുത്തിയ നിത്യസത്യങ്ങളുമായി ബന്ധപ്പെട്ടു രൂപപ്പെടുത്തിയതാകണമെന്നും ഈ ഗ്രന്ഥത്തിൽ അഗസ്തീനോസ് പറയുന്നു. അഗസ്തീനോസിന്റെ ചിന്തകളിൽ അടിസ്ഥാനപ്പെട്ടു പിന്നീട് രൂപപ്പെട്ട ആശയമാണ് “നീതിരഹിതനിയമം, നിയമം തന്നെ അല്ല” എന്നുള്ളത്.
ഒരു വലിയ മഞ്ഞു മലയുടെ ചെറിയൊരംശം ദർശിക്കുന്നതിന് തുല്യമാണ് അഗസ്തീനോസിന്റെ ചിന്തകളെക്കുറിച്ചു മനസ്സിലാക്കുന്നതിന് മുകളിൽപറഞ്ഞ പുസ്തകങ്ങളിലെ ആശയങ്ങളുടെ സംഗ്രഹം. പരിശുദ്ധ ത്രിത്വത്തെക്കുറിച്ചും (On the Trinity), (മനുഷ) സ്വഭാവവും കൃപയെക്കുറിച്ചും (On Nature and Grace), വിശ്വാസം, പ്രത്യാശ, ഉപവി എന്നിവയെക്കുറിച്ചുള്ള ലഘുഗ്രന്ഥം (Enchiridion on Faith, Hope and Love), സുവിശേഷകരുടെ ഐക്യത്തെക്കുറിച്ചും (On the Harmony of the Evangelists), നമ്മുടെ കർത്താവിന്റെ മലയിലെ പ്രസംഗം (Our Lord’s Sermon on the Mount) തുടങ്ങി അനേകം വിഖ്യാതകൃതികൾ വി. അഗസ്തീനോസിന്റെ ഗ്രന്ഥസൂചികയെ അലങ്കരിക്കുന്നു.
ഉപസംഹാരം
തന്റെ ജീവിതയാത്രയിൽ ദൈവത്തെ കണ്ടെത്താൻ താമസിച്ചുപോയതിനെക്കുറിച്ചു പരിതപിച്ചുകൊണ്ട് അഗസ്തീനോസ് ഹൃദയത്തിൽ തൊട്ട് ദൈവത്തോട് പറയുന്നു. “പുതുമയുള്ളവും പുരാതനവുമായ സൗന്ദര്യമേ, അങ്ങയെ സ്നേഹിക്കുന്നതിൽ ഞാൻ താമസിച്ചു പോയി.” പക്ഷേ, ആത്യന്തികസൗന്ദര്യത്തെ തിരിച്ചറിഞ്ഞ നമ്മുടെ വിശുദ്ധൻ മറ്റെല്ലാം മറന്ന് അതിനെമാത്രം സ്നേഹിക്കുന്നു. വി. അഗസ്തീനോസ് തന്റെ അസ്തിത്വത്തിന്റെ ഓരോ കണികയും ദൈവത്തിൽ അലിയിച്ചുചേർത്ത് അത് വാക്കുകളിലൂടെ മറ്റുള്ളവരിലെത്തിച്ച് അവരെയും സമാനപാതയിലൂടെ കൈപിടിച്ചു നടത്തുന്നു. അദ്ദേഹത്തിന്റെ സമകാലീനനും വേദപാരംഗതനുമായ വി. ജെറോം പറഞ്ഞിരിക്കുന്നത് “പുരാതനവിശ്വാസത്തെ നവമായി പുനഃസ്ഥാപിച്ച ആളാണ് അഗസ്തീനോസ്” എന്നാണ്. പാശ്ചാത്യ ദൈവശാസ്ത്രചിന്തയെ ഉന്നത തലത്തിലേക്കുയർത്തിയ വി. അഗസ്തീനോസിന്റെ ചിന്തകൾ ക്രിസ്തീയവിശ്വാസികളെ എന്നതുപോലെതന്നെ സഭയ്ക്കു പുറത്തുള്ളവരെയും വലുതായി സ്വാധീനിച്ചിട്ടുണ്ട്. വി. അഗസ്തീനോസിന്റെ ജീവചരിത്രകാരനും സുഹൃത്തുമായിരുന്ന പിസിദിയൂസ് അദ്ദേഹത്തിന്റെ ജീവിതത്തെ സാംഹ്രഹിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത് കാലികപ്രസക്തമാണ്. “നമുക്ക് അഗസ്തീനോസിന്റെ രചനകളുടെ പഠനത്തിൽ നിന്നും നേടുന്നതിനേക്കാൾ കൂടുതൽ വിജ്ഞാനം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുമാണ് ലഭ്യമായിരിക്കുന്നത്.” ഇതിൽ കൂടുതൽ വി. അഗസ്തീനോസിനെക്കുറിച്ചു ഇനിയും എന്ത് പറയാനാണ്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




