പ്രകോപനമുണ്ടാകുമ്പോൾ ശാന്തത പാലിക്കാനുള്ള പ്രായോഗിക കാര്യങ്ങൾ

പ്രകോപനമുണ്ടാകുമ്പോൾ ശാന്തത പാലിക്കാൻ കഴിയാത്തതുകൊണ്ട്, ഒരുപാട് നന്മകളുണ്ടായിട്ടും പല വ്യക്തികളും ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. പെട്ടെന്നുള്ള ഒരു വാക്കോ, പ്രതികരണമോ അവരുടെ നന്മയെ മുഴുവൻ ചിലപ്പോൾ ഇല്ലാതാക്കിയെന്നുവരാം. പ്രകോപനമുണ്ടാകുമ്പോൾ ശാന്തത പാലിക്കാനുള്ള ചില പ്രായോഗിക കാര്യങ്ങൾ ഏവയെന്നു പരിശോധിക്കാം.

1. പ്രതികരിക്കുന്നതിനു മുമ്പ് ഇടവേളയെടുക്കുക

കോപം വർധിക്കുന്നതായി തോന്നുന്ന നിമിഷം എങ്ങനെ ശാന്തമായി പ്രതികരിക്കാൻ കഴിയും? ആഴത്തിലുള്ള ശ്വാസമെടുത്ത് ക്ഷമയ്ക്കായുള്ള ഒരു ചെറിയ പ്രാർഥന നടത്താം. ഒരു ഇടവേളയെടുക്കുക. സാധിക്കുമെങ്കിൽ, തർക്കത്തിൽ നിന്ന് താൽക്കാലികമായി മാറിനിന്ന് ആ പ്രശ്നത്തെ വീണ്ടും പരിശോധിക്കാം.

2. പ്രതികരണങ്ങൾ ബുദ്ധിപൂർവമായിരിക്കട്ടെ

ഒരു സംഭവത്തോട് അല്ലെങ്കിൽ ഒരു വ്യക്തിയോട് പ്രതികരിക്കുന്നതിനു മുൻപ് ഒരുനിമിഷം ബുദ്ധിപൂർവം ചിന്തിക്കുക. വികാരങ്ങൾക്കടിമപ്പെട്ടു പ്രതികരിക്കാതെ ബുദ്ധിയുടെ തലത്തിൽ പ്രതികരണങ്ങൾ നടത്തിയാൽ അത് വളരെയേറെ പ്രശ്നങ്ങളിൽ നിന്ന് ഒഴിവാകാൻ നമ്മെ സഹായിക്കും.

3. ക്ഷമ നഷ്ടപ്പെടാൻ സാധ്യതയുള്ള സമയങ്ങൾ തിരിച്ചറിയുക

നമുക്ക് ക്ഷമ നഷ്ടപ്പെടാൻ സാധ്യതയുള്ള സമയങ്ങൾ തിരിച്ചറിയുക എന്നതാണ് പ്രധാനം. രാവിലെയുള്ള തിരക്കിനിടയ്ക്കോ, വൈകുന്നേരത്തെ ക്ഷീണം മൂലമോ, വിശക്കുമ്പോഴോ, ഉറക്കം കുറവായിരിക്കുമ്പോഴോ ഒക്കെ നമ്മൾ പെട്ടെന്ന് പൊട്ടിത്തെറിച്ചേക്കാം. ഈ പാറ്റേണുകൾ സൂചനകളാണ്. നമ്മുടെ ദുർബലനിമിഷങ്ങൾ മുൻകൂട്ടി കാണാൻ കഴിയുമെങ്കിൽ, അതിനെതിരെ നമുക്ക് ജാഗ്രത പുലർത്താൻ സാധിക്കും. അത്തരം സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രദ്ധിക്കുക. മതിയായ വിശ്രമം, ആരോഗ്യകരമായ ലഘുഭക്ഷണം അല്ലെങ്കിൽ ഒരു നിമിഷത്തെ നിശ്ശബ്ദത പോലുള്ള സ്വയം പരിചരണം ഇതിന് ആവശ്യമാണ്. ഇത് സംയമനത്തോടെയും സ്നേഹത്തോടെയും പ്രതികരിക്കുന്നതിനു നമ്മെ പ്രാപ്തരാക്കും.

4. സഹാനുഭൂതിയോടെ ചിന്തിക്കുക

സഹാനുഭൂതിയോടെ ചിന്തിക്കുന്നത് നമ്മുടെ പ്രതികരണങ്ങൾ കൂടുതൽ സ്നേഹത്തോടെയാക്കും. ചില വ്യക്തികളോട്, സാഹചര്യങ്ങളോട് അസ്വസ്ഥത തോന്നുമ്പോൾ ആ വ്യക്തിയെ അല്ലെങ്കിൽ സാഹചര്യത്തെ സഹാനുഭൂതിയോടെ കാണാൻ ശ്രമിക്കുക. ആ വ്യക്തി കടന്നുപോകുന്ന സാഹചര്യങ്ങൾ ചിലപ്പോൾ അവരെ വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കുന്നതിലേക്കു നയിച്ചേക്കാം.

ഉദാഹരണത്തിന്, മാതാപിതാക്കൾ മക്കളുടെ വികാരങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, അത് എത്രമാത്രം അവരുടെ അനുകമ്പയെ ഉണർത്തുമെന്നത് അദ്ഭുതകരമാണ്. ആ അനുകമ്പ നമ്മുടെ ഹൃദയങ്ങളെ മൃദുവാക്കുന്നു, ക്ഷമ എളുപ്പമാക്കുന്നു. സഹാനുഭൂതി മോശം പെരുമാറ്റത്തിന് ഒരു ഒഴികഴിവല്ല എങ്കിലും അത് കൂടുതൽ ശാന്തതയോടും കരുതലോടും കൂടി പ്രതികരിക്കാൻ നമ്മളെ സഹായിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.