നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ കുറ്റവിമുക്തനാക്കി

നൈജീരിയയിലെ സതേൺ കഡുനയിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടക്കുന്ന വംശഹത്യയെയും അതിക്രമങ്ങളെയും കുറിച്ച് റിപ്പോർട്ട് ചെയ്തതിന് ക്രിമിനൽ അപകീർത്തി കേസ് നേരിട്ടിരുന്ന പ്രമുഖ മാധ്യമപ്രവർത്തകൻ ലൂക്കാ ബിന്നിയാറ്റിനെ നൈജീരിയൻ ഫെഡറൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി. അഞ്ച് വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോടതി ഇദ്ദേഹത്തിനെതിരായ കേസുകൾ തള്ളിയത്.

2021 നവംബറിൽ യു.എസ് അധിഷ്ഠിത പത്രമായ ദി എപ്പോച്ച് ടൈംസിൽ (The Epoch Times) ലൂക്കാ ബിന്നിയാറ്റ് എഴുതിയ ലേഖനമാണ് കേസിനാസ്പദമായ സംഭവം. കഡുനയിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ മറ്റൊരു നിയമസഭാംഗം നിസ്സാരവൽക്കരിക്കുകയും മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് നൈജീരിയൻ ജനപ്രതിനിധി നടത്തിയ പ്രസ്താവന ബിന്നിയാറ്റ് ലേഖനത്തിൽ ഉദ്ധരിച്ചിരുന്നു.

ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ക്രിമിനൽ അപകീർത്തി കുറ്റം ചുമത്തി നൈജീരിയൻ അധികാരികൾ ബിന്നിയാറ്റിനെ അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം തടവിലിടുകയും ചെയ്തു. 2022 ഫെബ്രുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയ അദ്ദേഹം തുടർന്നും നിയമപോരാട്ടം നടത്തുകയായിരുന്നു. കുറ്റം തെളിയിക്കാൻ ആവശ്യമായ യാതൊരുവിധ തെളിവുകളും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഫെഡറൽ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച തെളിവുകൾ വസ്‌തുതാവിരുദ്ധവും വിശ്വസിക്കാൻ കൊള്ളാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി ബിന്നിയാറ്റിനെ കുറ്റവിമുക്തനാക്കിയത്.

“സത്യസന്ധമായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുക എന്ന മാധ്യമപ്രവർത്തകന്റെ കടമ നിർവ്വഹിച്ചതിനാണ് ഞാൻ അറസ്റ്റിലായതും വർഷങ്ങളോളം കേസ് നേരിട്ടതും. നൈജീരിയയിൽ ക്രിസ്ത്യാനികൾ കടുത്ത പീഡനങ്ങൾ നേരിടുമ്പോൾ, ജനപ്രതിനിധികൾ എന്താണ് പറയുന്നതെന്നും ചെയ്യുന്നതെന്നും റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകണം”- ബിന്നിയാറ്റ് പറഞ്ഞു.

ബിന്നിയാറ്റിന് നിയമസഹായം നൽകിയ മനുഷ്യാവകാശ സംഘടനയായ ‘അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം’ കോടതി വിധിയെ സ്വാഗതം ചെയ്തു. രാജ്യത്ത് മതപരമായ പീഡനങ്ങൾ നേരിടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥ ലോകത്തെ അറിയിക്കുന്ന മാധ്യമപ്രവർത്തകരെ ശിക്ഷിക്കുകയല്ല, മറിച്ച് അവർക്ക് സംരക്ഷണം നൽകുകയാണ് വേണ്ടതെന്ന് എ.ഡി.എഫ് പ്രതിനിധികൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.