
ഈ പിതൃദിനത്തിൽ, കത്തോലിക്കാ വിശ്വാസികളായ എല്ലാ പിതാക്കന്മാരും പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുടെ ഈ മൂന്ന് നിർദേശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. തന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും ദൈവാലയ പ്രസംഗങ്ങളിലും പാപ്പ പലതവണ പിതാക്കന്മാരെയും മാതാപിതാക്കളെയും നേരിട്ട് അഭിസംബോധന ചെയ്തിട്ടുണ്ട്. പിതൃത്വത്തെക്കുറിച്ചുള്ള പാപ്പയുടെ ഏറ്റവും ശ്രദ്ധേയമായ ചില വാക്കുകളും അവയുടെ പ്രാധാന്യവും താഴെ നൽകുന്നു:
1. ഒരു പിതാവാകുകയെന്ന സാഹസികതയെ ഭയപ്പെടേണ്ടതില്ല
2025 നവംബർ 26-ന് നടന്ന പൊതു കൂടിക്കാഴ്ചയിൽ, മാതാപിതാക്കൾ ആകുന്നതിനെ ഒരു സമ്മാനമായും സാഹസികതയായും കാണണമെന്നും അതിനെ ഭയപ്പെടരുതെന്നും മാർപാപ്പ യുവാക്കളോട് ആവശ്യപ്പെട്ടു.
“ദൈവം എല്ലായ്‌പ്പോഴും തന്റെ സ്നേഹത്തിന്റെയും ജീവന്റെയും പദ്ധതിയിൽ വിശ്വസ്തനായിരിക്കുന്നു. അതിനാൽ, ജീവൻ നൽകുക എന്നതിനർഥം ജീവന്റെ ദൈവത്തിൽ വിശ്വസിക്കുക എന്നും മനുഷ്യത്വത്തെ അതിന്റെ എല്ലാ ഭാവങ്ങളിലും പ്രോത്സാഹിപ്പിക്കുക എന്നുമാണ്. ഒന്നാമതായും പ്രധാനമായും, മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും അദ്ഭുതകരമായ സാഹസികതയിലൂടെ വിവാഹജീവിതമെന്ന ദൈവവിളി നയിക്കുന്ന നിങ്ങളെ സംബന്ധിച്ചിടത്തോളം, മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും സമ്മാനവും സാഹസികതയും കണ്ടെത്തുക എന്നതാണ് ഇതിനർഥം. ഈ ലോകത്തിലേക്ക് പുതിയ ജീവനുകളെ കൊണ്ടുവരുന്നതിലും അവരെ നിത്യജീവിതത്തിനായി ഒരുക്കുന്നതിലും പങ്കാളികളാകാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു. ഈ സാഹസികതയെ ഭയപ്പെടേണ്ടതില്ല, മറിച്ച് നമ്മെ സ്നേഹിക്കുന്നു എന്ന് നമുക്കറിയാവുന്ന ദൈവത്തിൽ വിശ്വസിച്ച്, ജീവന്റെ സമ്മാനത്തിനായി പ്രാർഥനയോടെ സ്വയം തുറന്നുകൊടുക്കുക.”
ഏതൊരു വലിയ സാഹസികതയിലും വലിയ ബുദ്ധിമുട്ടുകളുടെയും പ്രയാസങ്ങളുടെയും നിമിഷങ്ങൾ ഉണ്ടാകും, ഒപ്പം തന്നെ മഹത്വത്തിന്റെയും വലിയ സന്തോഷത്തിന്റെയും നിമിഷങ്ങളും ഉണ്ടാകും. മാതാപിതാക്കൾ എന്ന ഉത്തരവാദിത്വത്തെ ഒരു സാഹസികതയായി കാണുകയും, മാറാവുന്ന മാനസികാവസ്ഥയോടും നല്ല നർമ്മബോധത്തോടും കൂടി അതിനെ സമീപിക്കുകയും ചെയ്യുമ്പോൾ അത് കൂടുതൽ സന്തോഷകരമായി മാറുന്നു. പ്രാർഥനാപൂർവമായ ഹൃദയത്തോടും സാഹസിക മനോഭാവത്തോടും കൂടി പിതൃത്വത്തിന്റെ ഈ സുന്ദരമായ യാത്രയെ സ്വീകരിക്കണമെന്നും ലെയോ മാർപാപ്പ പിതാക്കന്മാരെ ഓർമ്മിപ്പിക്കുന്നു.
2. ജീവൻ തിരഞ്ഞെടുക്കാൻ ധൈര്യം വേണം
അതേ കൂടിക്കാഴ്ചയിൽ തന്നെ, നിരാശാജനകമായ ഈ ലോകത്തിൽ ജീവൻ നൽകാനുള്ള ധൈര്യം കാണിക്കാൻ ലെയോ മാർപാപ്പ യുവാക്കളോട് ആഹ്വാനം ചെയ്തു.
“പ്രിയ സുഹൃത്തുക്കളേ, ഇന്ന് ലോകത്തിൽ വ്യാപകമായ ഒരു രോഗമുണ്ട്; ജീവിതത്തിലുള്ള ആത്മവിശ്വാസക്കുറവ്. നെഗറ്റീവായ ഒരു വിധിവിശ്വാസത്തിന് (fatalism) നാം കീഴടങ്ങിയതുപോലെയാണ് ഇത്. ജീവിതം എന്നത് ഒരു സമ്മാനമായി കാണുന്നതിന് പകരം, നിരാശപ്പെടാതിരിക്കാൻ നാം സ്വയം പരിരക്ഷിക്കേണ്ട ഒരു ഭീഷണിയോ അനിശ്ചിതത്വമോ ആയി മാറിയിരിക്കുന്നു. ഇക്കാരണത്താൽ, ജീവിക്കാനും ജീവൻ നൽകാനുമുള്ള ധൈര്യം കാണിക്കുക.”
ക്രിസ്തു പുരുഷന്മാർക്ക്, പ്രത്യേകിച്ച് പിതാക്കന്മാർക്ക് നൽകിയ ആഹ്വാനത്തിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് പാപ്പയുടെ ഈ വാക്കുകൾ. നവീകരണത്തിനും നിരാശയ്ക്കും മുന്നിൽ, ഒരു കുട്ടിക്ക് ജന്മം നൽകുക എന്നത് ഭാവിയിലേക്കുള്ള പ്രത്യാശയുടെ പ്രകടനമാണ്.
3. നിങ്ങളുടെ കുട്ടികൾ നിങ്ങളുടേത് മാത്രമല്ല; നിങ്ങൾ ദൈവരാജ്യത്തിനായി വിശുദ്ധരെ വളർത്തുകയാണ്
വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസിന്റെയും വിശുദ്ധ സെലിയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ലെയോ മാർപാപ്പ കുടുംബങ്ങൾക്കായി ഒരു പ്രത്യേക സന്ദേശം നൽകിയിരുന്നു:
“എല്ലാറ്റിനുമുപരിയായി, യേശുവിനെ നിങ്ങളുടെ കുടുംബങ്ങളുടെയും നിങ്ങളുടെ പ്രവൃത്തികളുടെയും തീരുമാനങ്ങളുടെയും കേന്ദ്രമാക്കുക. അവിടുത്തെ അതിരറ്റ സ്നേഹവും വാത്സല്യവും കണ്ടെത്താൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക, തിരിച്ച് അവിടുത്തെ അർഹിക്കുന്ന രീതിയിൽ സ്നേഹിക്കാൻ അവരെ പ്രേരിപ്പിക്കുക. ഇതാണ് ലൂയിസും സെലിനും ഇന്ന് നമ്മെ പഠിപ്പിക്കുന്ന വലിയ പാഠം; ഇതാണ് സഭയ്ക്കും ലോകത്തിനും ഇന്ന് അടിയന്തിരമായി ആവശ്യമുള്ളതും. ചെറുപ്പം മുതലേ തന്റെ വിശുദ്ധരായ മാതാപിതാക്കളിൽ നിന്ന് പഠിച്ചില്ലായിരുന്നുവെങ്കിൽ, കൊച്ചുത്രേസ്യയ്ക്ക് യേശുവിനെയും മറിയത്തെയും ഇത്രയധികം സ്നേഹിക്കാനും ഇത്രയും മനോഹരമായ ഒരു വഴി നമുക്ക് കാണിച്ചുതരാനും സാധിക്കുമായിരുന്നോ?”
നമ്മുടെ കുട്ടികൾ എങ്ങനെയായിരിക്കണമെന്ന് നാം ആഗ്രഹിക്കുന്നുവോ, അതിന് മാതൃകയായി മാതാപിതാക്കൾ മാറണമെന്ന് പാപ്പയുടെവാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു ഭർത്താവ്, തൊഴിലാളി, പിതാവ് എന്നീ നിലകളിലെ തിരക്കേറിയ ജീവിതത്തിനിടയിലും ലൂയിസ് മാർട്ടിൻ വിശുദ്ധിയുടെ വഴി കണ്ടെത്തിയത് പോലെ നാമും വിശുദ്ധരായി മാറണം.
വിശുദ്ധരായ ഈ ദമ്പതികളുടെ മാതൃക ഉയർത്തിക്കാട്ടിക്കൊണ്ട്, നമ്മുടെ കുട്ടികൾ എന്നേക്കും നമ്മുടേതല്ലെന്നും, മറിച്ച് ദൈവത്തിൽ നിന്ന് നമുക്ക് ലഭിച്ച ഒരു ദാനമാണെന്നും പാപ്പ മാതാപിതാക്കളെ ഓർമ്മിപ്പിക്കുന്നു. അവരെ നമ്മുടെ കുട്ടികളായി നിലനിർത്താനല്ല, മറിച്ച് ദൈവരാജ്യത്തിലെ വിശുദ്ധരായും, ക്രിസ്തുവിൽ നമ്മുടെ സഹോദരങ്ങളായും വളർത്താനാണ് നാം അവരെ പരിപാലിക്കുന്നത്.




