
കത്തോലിക്കാ സഭയിൽ വിശുദ്ധ പദവിയിലേക്കുള്ള നാമനിർദേശ പ്രക്രിയയിൽ അടുത്ത ഘട്ടത്തിലേക്ക് കടന്ന് അർജന്റീനയിൽ നിന്നുള്ള ക്ലാര സെഗുര എന്ന കൗമാരക്കാരി. പതിനാറാം വയസ്സിൽ മരണമടഞ്ഞ ക്ലാരയുടെ ദൈവദാസി പദവിക്ക് ശേഷമുള്ള അടുത്ത ഘട്ടമായ ‘പൊന്തിഫിക്കൽ ഘട്ട’ത്തിനാണ് ഇപ്പോൾ റോമിൽ തുടക്കമായിരിക്കുന്നത്.
ബ്യൂണസ് ഐറിസ് രൂപതയിലെ പ്രാദേശിക അന്വേഷണങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ള രേഖകൾ അർജന്റീനയിലെ മിലിട്ടറി ബിഷപ്പ് മോൺസിഞ്ഞോർ സാന്റിയാഗോ ഒലിവേര റോമിലെ വിശുദ്ധർക്കായുള്ള തിരുസംഘത്തിന് കൈമാറി.
ആരായിരുന്നു ക്ലാര മരിയ സെഗുര
1978 മെയ് 15 – ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിലാണ് ക്ലാര ജനിച്ചത്. ആറ് സഹോദരങ്ങളിൽ ഏറ്റവും ഇളയവളും ഏക പെൺകുട്ടിയുമായിരുന്നു അവൾ. ശക്തമായ വ്യക്തിത്വമുള്ളതോടൊപ്പം തന്നെ മറ്റുള്ളവരോട് അങ്ങേയറ്റം കരുണയും ഉദാരമനസ്കതയും കാണിച്ച ഒരു പെൺകുട്ടിയായിരുന്നു ക്ലാര. നന്നായി പഠിക്കുക, വിവാഹം കഴിച്ച് നല്ലൊരു കത്തോലിക്കാ കുടുംബമായി ജീവിക്കുക എന്നതായിരുന്നു അവളുടെ ആഗ്രഹം.
എന്നാൽ 1995 ഫെബ്രുവരിയിൽ ഗ്രാമപ്രദേശത്ത് വിശ്രമിക്കുന്നതിനിടെ അവൾക്ക് പെട്ടെന്ന് സുഖമില്ലാതായി. ഹൃദയത്തെ ബാധിച്ച ഒരു ബാക്ടീരിയ അണുബാധയെത്തുടർന്ന് വെറും 15 ദിവസത്തെ രോഗാവസ്ഥയ്ക്ക് ശേഷം 1995 മാർച്ച് ഏഴിന് തന്റെ 16 -ാം വയസ്സിൽ ക്ലാര മരണത്തിന് കീഴടങ്ങി.
വിശ്വാസത്തിന്റെ ധീരമായ സാക്ഷ്യം
തന്റെ സമപ്രായക്കാരായ കൗമാരക്കാർക്കിടയിൽ സുവിശേഷ മൂല്യങ്ങൾ ഭയമില്ലാതെ പ്രഘോഷിച്ച ഒരു യഥാർഥ കത്തോലിക്കാ വിശ്വാസിയായിരുന്നു ക്ലാര. പരിശുദ്ധ കുർബാനയോടും മാതാവിനോടും അവൾക്ക് ആഴമായ ഭക്തിയുണ്ടായിരുന്നു. ആഴ്ചയിലെ പ്രവൃത്തിദിവസങ്ങളിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും സക്രാരിക്ക് മുന്നിൽ പ്രാർഥിക്കാനും അവൾ സമയം കണ്ടെത്തിയിരുന്നു. ലുഹാൻ, സാൻ നിക്കോളാസ് തീർഥാടനങ്ങളിലും അവൾ സജീവമായി പങ്കെടുത്തു.
തന്റെ രോഗത്തെയും കഠിനമായ വേദനയെയും ക്രിസ്തീയ പ്രത്യാശയോടെയും ആന്തരിക സമാധാനത്തോടെയുമാണ് ക്ലാര നേരിട്ടത്. മരണം അടുത്തെത്തിയപ്പോഴും അവൾ ഭയപ്പെട്ടില്ല. 2019 ഏപ്രിൽ 24- ന് ബ്യൂണസ് ഐറിസ് അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന കർദിനാൾ മാരിയോ പോളിയാണ് ക്ലാരയുടെ നാമകരണ നടപടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.




