
അധികാരമുള്ളവരെ ഭയപ്പെടരുതെന്നും അല്പം അസ്വസ്ഥതകൾ ഉണ്ടാക്കിയാൽ പോലും ദൈവത്തിന്റെ സത്യം ഉറക്കെ പ്രഖ്യാപിക്കണമെന്നും മനാഗ്വ (നിക്കരാഗ്വ) രൂപതയുടെ സഹായമെത്രാൻ മോൺസിഞ്ഞോർ സിൽവിയോ ബായേസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ പ്രാർഥനയുള്ള പുരുഷന്മാരും സ്ത്രീകളും ആകേണ്ടത് ആവശ്യമാണെന്നും ബിഷപ് ഓർമ്മിപ്പിച്ചു. ജൂൺ 21 ഞായറാഴ്ച, അമേരിക്കയിലെ ഫ്ലോറിഡയിലുള്ള സാന്റാ അഗത ഇടവകയിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിലാണ് ബിഷപ്പ് ഇപ്രകാരം പറഞ്ഞത്.
നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണകൂടത്തിന്റെ സമ്മർദത്തെത്തുടർന്ന് 2019 ഏപ്രിലിൽ രാജ്യം വിടാൻ നിർബന്ധിതനായ വ്യക്തിയാണ് ബിഷപ്പ് ബായേസ്. നിലവിൽ പ്രവാസത്തിൽ കഴിയുന്ന നാല് നിക്കരാഗ്വൻ ബിഷപ്പുമാരിൽ ഒരാളാണ് അദ്ദേഹം.
“ദൈവം മനുഷ്യരാശിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കാനും, ദൈവഹിതത്തിന് വിരുദ്ധമായ എല്ലാറ്റിനെയും എതിർക്കാനും യേശു നമ്മോട് ആവശ്യപ്പെടുന്നുണ്ട്. യേശുവിന്റെ ഒരു ശിഷ്യന് ദൈവത്തിന്റെ സത്യത്തെക്കുറിച്ച് മിണ്ടാതിരിക്കാൻ കഴിയില്ല. അത് തള്ളിക്കളയപ്പെടുമെന്ന ഭയം കൊണ്ടോ, മറ്റുള്ളവരെ വിഷമിപ്പിക്കേണ്ട എന്ന അമിത ജാഗ്രത കൊണ്ടോ ആകരുത്. ലോകത്തെ മൂടിയിരിക്കുന്ന ഇരുളിന് നടുവിൽ യേശുവിന്റെ വിമോചനത്തിന്റെ വചനം പ്രഖ്യാപിക്കാൻ തിരുസഭ വിളിക്കപ്പെട്ടിരിക്കുന്നു”- ബിഷപ്പ് പറഞ്ഞു.
അതേസമയം, മനുഷ്യന്റെ അന്തസ്സിനെ ചവിട്ടിമെതിക്കുകയും, സ്വാതന്ത്ര്യത്തെ ഹനിക്കുകയും, പാവപ്പെട്ടവരെ മാറ്റിനിർത്തുകയും, ഇരകളെ മറക്കുകയും ചെയ്യുന്ന സമൂഹങ്ങൾക്ക് മുന്നിൽ കൈയും കെട്ടി നോക്കിനിൽക്കാൻ സഭയ്ക്ക് കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ രാജ്യത്ത് കത്തോലിക്കരെ പീഡിപ്പിക്കുന്ന ഒർട്ടേഗയെയോ, അദ്ദേഹത്തിന്റെ ഏകാധിപത്യ ഭരണകൂടത്തെയോ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, സഭയ്ക്ക് പലപ്പോഴും ലോകത്തിന്റെ ഒഴുക്കിനെതിരെ നീന്തേണ്ടി വരാറുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.




