ആഗോള പട്ടിണി മാറ്റാൻ രാജ്യങ്ങൾ കൈകോർക്കണം: ഐക്യരാഷ്ട്രസഭയോട് ലെയോ പാപ്പ

ആഗോള പട്ടിണിക്കെതിരായ പോരാട്ടത്തിൽ മനുഷ്യർക്ക് മുൻഗണന നൽകണമെന്ന് ഐക്യരാഷ്ട്രസഭയോട് (UN) ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. പട്ടിണി അനുഭവിക്കുന്നവർക്ക് ആഹാരം നൽകുക എന്നത് സമാധാനം സ്ഥാപിക്കുന്നതിന്റെ അവിഭാജ്യഘടകമാണെന്ന് പാപ്പ പ്രസ്താവിച്ചു. റോമിലെ ‘വേൾഡ് ഫുഡ് പ്രോഗ്രാം’ ആസ്ഥാനം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു പാപ്പ.

ആഗോള പട്ടിണി പ്രശ്നത്തിന്റെ തീവ്രതയെക്കുറിച്ച് സംസാരിച്ച പാപ്പ, പട്ടിണിയാണ് പലപ്പോഴും മറ്റ് സാമൂഹിക വെല്ലുവിളികൾക്കും, പ്രത്യേകിച്ച് നിർബന്ധിത കുടിയേറ്റങ്ങൾക്കും കാരണമാകുന്നതെന്ന് വിശദീകരിച്ചു. “പട്ടിണി എന്നത് കേവലം ഒരു മാനുഷികപ്രശ്നം മാത്രമല്ല, അത് സാമൂഹിക ഐക്യത്തെ തകർക്കുകയും സംഘർഷങ്ങളുടെ സാധ്യത വർധിപ്പിക്കുകയും നിർബന്ധിത കുടിയേറ്റത്തിന് വഴിതെളിക്കുകയും ചെയ്യുന്നു. മനുഷ്യർക്ക് ആഹാരം നൽകുന്നതിനേക്കാൾ എളുപ്പത്തിൽ ഇന്ന് സംഘർഷങ്ങൾക്ക് ‘തീ പകരുകയാണ്.’ ഈ യാഥാർഥ്യം പ്രവർത്തനങ്ങളിലെ പോരായ്മകളെ മാത്രമല്ല, രാഷ്ട്രീയ-ധാർമ്മിക മുൻഗണനകളിലെ അടിസ്ഥാനപരമായ അസന്തുലിതാവസ്ഥയെയുമാണ് കാണിക്കുന്നത്” – മാർപാപ്പ പറഞ്ഞു.

ദൈവം മനുഷ്യന് നൽകിയിട്ടുള്ള അന്തസ്സ് തിരിച്ചറിയാനുള്ള തുല്യ ഉത്തരവാദിത്തം ഓരോ രാജ്യത്തിനുമുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. മതിയായ ആഹാരം ലഭിക്കുക എന്നത് ഓരോ മനുഷ്യന്റെയും മൗലികാവകാശമാണെന്ന് തിരിച്ചറിഞ്ഞ്, ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെ സഹായിക്കാൻ കത്തോലിക്കാ സഭയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മതനിരപേക്ഷ സർക്കാരുകളെ പാപ്പ പ്രോത്സാഹിപ്പിച്ചു.

“ഇടവകകൾ, രൂപതകൾ, കാരിത്താസ് ഏജൻസികൾ, മറ്റ് വിശ്വാസാധിഷ്ഠിത കൂട്ടായ്മകൾ എന്നിവയിലൂടെ അന്താരാഷ്ട്ര സംഘടനകൾക്കു പോലും എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിലെ ദുർബല ജനവിഭാഗങ്ങളിലേക്ക് കത്തോലിക്കാ സഭ നിരന്തരം എത്തിച്ചേരുന്നുണ്ട്. അതിനാൽ, ഈ ശ്രമങ്ങളെ തുടർന്നും പിന്തുണയ്ക്കാൻ വേൾഡ് ഫുഡ് പ്രോഗ്രാമിനോടും അതിന്റെ പങ്കാളികളോടും ഞാൻ അഭ്യർഥിക്കുന്നു” – പാപ്പ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തെ പിടിച്ചുകുലുക്കിയ പട്ടിണിക്കും ഭക്ഷ്യപ്രതിസന്ധിക്കും പരിഹാരമായാണ് 1945 ൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ ‘ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ’ (FAO) സ്ഥാപിതമായത്. ഈ സംഘടന കൈവരിച്ച പുരോഗതിയെ മാർപാപ്പ പ്രശംസിച്ചു. എങ്കിലും, പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളിലേക്ക് ഭക്ഷ്യസഹായം എത്തുന്നതിനെ വൈകിപ്പിക്കുന്ന അമിതമായ ഉദ്യോഗസ്ഥ ചുവപ്പുനാടകളെക്കുറിച്ച് പാപ്പ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.