‘പീറ്റേഴ്സ് പെൻസ് 2026’: ലെയോ പതിനാലാമൻ പാപ്പയുടെ കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകാം

ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഗോള ദൗത്യങ്ങൾ വളരെ വലുതാണ്. അവ വിജയകരമായി നടപ്പിലാക്കാൻ സാമ്പത്തിക സ്രോതസ്സുകളും ആവശ്യമാണ്. ഇതിലേക്കുള്ള ഒരു സംഭാവനയും ചെറുതല്ല; ഓരോ പങ്കാളിത്തവും വിലപ്പെട്ടതാണ്. നിങ്ങൾക്ക് നൽകാൻ കഴിയുന്നത് ഒരു മണൽത്തരിയായാലും ഒരു മണൽക്കുന്നായാലും അതല്ല പ്രധാനം, മറിച്ച് സഭയുടെ ദൗത്യങ്ങളിൽ നിങ്ങളും പങ്കാളികളാകുന്നു എന്നതും നിങ്ങളാൽ കഴിയുന്നത് നൽകുന്നു എന്നതുമാണ് പ്രധാനം.

ഈ കാരുണ്യപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകുന്നതിനായി ‘പീറ്റേഴ്സ് പെൻസ് 2026’ (Peter’s Pence 2026) സംഭാവന സമാഹരണം ഒരുക്കിയിരിക്കുന്നു. ലോകമെമ്പാടുമുള്ള കത്തോലിക്കാ ദൈവാലയങ്ങളിൽ 2026 ജൂൺ 28 ഞായറാഴ്ച (വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിന്റെ തലേന്ന്) ഇതിനായുള്ള പ്രത്യേക സ്തോത്രകാഴ്ച ശേഖരിക്കും.

ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി വത്തിക്കാൻ സാമ്പത്തിക കാര്യ സെക്രട്ടേറിയറ്റും കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റും ചേർന്ന് വിവരങ്ങളും മൾട്ടിമീഡിയ സാമഗ്രികളും തയ്യാറാക്കിയിട്ടുണ്ട്. ഇത് താഴെ കാണുന്ന ലിങ്കിലൂടെ ലഭ്യമാണ്:
https://www.obolodisanpietro.va/es/giornate-dell-obolo/giornata-20261/es-2026.html

എന്താണ് പീറ്റേഴ്സ് പെൻസ്?

പീറ്റേഴ്സ് പെൻസ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നതനുസരിച്ച്, ഇത് വലുപ്പത്തിൽ ചെറുതായിരിക്കാമെങ്കിലും വലിയ പ്രതീകാത്മക മൂല്യമുള്ള ഒന്നാണ്. കാരണം ഇത് സഭയോടുള്ള ആഭിമുഖ്യവും പരിശുദ്ധ പിതാവിനോടുള്ള സ്നേഹവും വിശ്വാസവും പ്രകടിപ്പിക്കുന്നു. കൂടാതെ, പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രകടമായ അടയാളവും, മാർപാപ്പ എപ്പോഴും നെഞ്ചോട് ചേർത്തുപിടിക്കുന്ന ഏറ്റവും ദരിദ്രരായ ജനങ്ങളോടുള്ള കരുതലിന്റെ സാക്ഷ്യവുമാണ് ഇത്.

എന്തിനുവേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്?

പീറ്റേഴ്സ് പെൻസിന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്.

  1. മാർപാപ്പയുടെ ആഗോള ദൗത്യങ്ങളെ പിന്തുണയ്ക്കുക: സുവിശേഷ പ്രഘോഷണം, സമഗ്ര മാനവിക വികസനം, വിദ്യാഭ്യാസം, ജനങ്ങൾക്കിടയിലെ സമാധാനവും സാഹോദര്യവും വളർത്തൽ എന്നിവയിലൂടെ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന പരിശുദ്ധ പിതാവിന്റെ ദൗത്യങ്ങളെ ഇത് സഹായിക്കുന്നു.

2. കാരുണ്യപ്രവർത്തനങ്ങൾ നടത്തുക: വ്യക്തികൾ, പ്രതിസന്ധിയിലായ കുടുംബങ്ങൾ, പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും ബാധിച്ച ജനവിഭാഗങ്ങൾ എന്നിവർക്കായുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളെയും വികസന സഹായങ്ങളെയും ഇത് പിന്തുണയ്ക്കുന്നു.

എങ്ങനെയായിരുന്നു പീറ്റേഴ്സ് പെൻസിന്റെ ഉദ്ഭവം?

മാർപാപ്പയ്ക്കുള്ള ഒരു പതിവ് സംഭാവന എന്ന നിലയിൽ പീറ്റേഴ്സ് പെൻസ് സ്ഥിരരൂപം കൈവരിക്കുന്നത് ഏഴാം നൂറ്റാണ്ടിൽ ആംഗ്ലോ-സാക്സൺ വംശജരുടെ ക്രിസ്തീയ മതപരിവർത്തനത്തോടെയാണ്. കാലക്രമേണ കൂടുതൽ യൂറോപ്യൻ ജനവിഭാഗങ്ങൾ ഇതിൽ പങ്കാളികളായി. മധ്യകാലഘട്ടത്തോടെ, വിവിധ രാജ്യങ്ങൾ പരിശുദ്ധ സിംഹാസനത്തിന് നൽകിയിരുന്ന വാർഷിക സംഭാവനയായി ഇത് മാറി. എന്നാൽ പിന്നീട്, ഈ പതിവ് ഇല്ലാതെയായി.

ആധുനിക കാലഘട്ടത്തിൽ, അതായത് 1870-കളിൽ മാർപാപ്പയുടെ ഭരണത്തിൻ കീഴിലായിരുന്ന രാജ്യങ്ങളുടെ അസ്തമയത്തോടെ, വത്തിക്കാന് സാമ്പത്തിക സഹായം നൽകുന്ന ഈ ആചാരം യൂറോപ്പിലുടനീളം വീണ്ടും സജീവമായി. ഈ ഫണ്ട് ഉപയോഗിച്ച് വത്തിക്കാൻ പാവപ്പെട്ടവരെ സഹായിക്കാൻ തുടങ്ങി. ഉദാഹരണത്തിന് 1881-ൽ ക്രോയേഷ്യയിലുണ്ടായ വലിയ ഭൂകമ്പബാധിതരെ മാർപാപ്പ സഹായിച്ചത് ഈ ഫണ്ടിൽ നിന്നായിരുന്നു.

ഇപ്പോൾ ഈ പണം എങ്ങനെയെല്ലാമാണ് വിനിയോഗിക്കുന്നത്?

ലഭിക്കുന്ന ഫണ്ടുകൾ എങ്ങനെയെല്ലാമാണ് ഉപയോഗിക്കുന്നത് എന്നതിന്റെ കൃത്യമായ റിപ്പോർട്ടുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉദാഹരണത്തിന്, 2024-ൽ ആകെ 58.5 ദശലക്ഷം യൂറോ സംഭാവനയായി ലഭിച്ചതിൽ 13.3 ദശലക്ഷം യൂറോ ഏറ്റവും നിർധനരായ ജനങ്ങളെ നേരിട്ട് സഹായിക്കാനായി വിനിയോഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.