ലെയോ പാപ്പ പരാമർശിച്ച പോളണ്ടിലെ ‘വിളവെടുപ്പ് പാരമ്പര്യം’

വിളവെടുപ്പ് കാലത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള ആഘോഷങ്ങൾ പല രാജ്യങ്ങളിലുമുണ്ടെങ്കിലും, പോളണ്ടിലെ ‘ദോഴിങ്കി’ (dożynki) ആഘോഷങ്ങൾക്ക് അതിന്റേതായ പ്രത്യേകതകളുണ്ട്. ധാന്യക്കതിരുകൾ, പൂക്കൾ, ഔഷധസസ്യങ്ങൾ, പഴങ്ങൾ എന്നിവ ഉപയോഗിച്ച് മനോഹരമായ കിരീടങ്ങളും (wreaths) മാലകളും നെയ്യുകയും, പുതിയതായി വിളവെടുത്ത ധാന്യത്തിൽ നിന്ന് അപ്പം ചുട്ടെടുക്കുകയും ചെയ്യുന്നു. സംഗീതവും നൃത്തവും ആഘോഷങ്ങളും ആരംഭിക്കുന്നതിനു മുൻപ്, നന്ദിയോടെ വിളവെടുപ്പിന്റെ ഫലങ്ങൾ ദൈവാലയത്തിലെ ബലിപീഠത്തിനു മുന്നിൽ സമർപ്പിക്കുന്നു.

സെപ്റ്റംബർ ഒൻപതിലെ പൊതുസന്ദർശന വേളയിൽ, ലെയോ പതിനാലാമൻ മാർപാപ്പ ഈ ആഘോഷങ്ങളുടെ ആത്മീയവശത്തെക്കുറിച്ച് സംസാരിച്ചു. “നമുക്ക് അനുദിന അപ്പം മുടങ്ങാതെ ലഭിക്കുന്നതിനായി അധ്വാനിക്കുന്ന കർഷകരുടെ പ്രയത്നത്തെ ദൈവകരങ്ങളിൽ ഏൽപിക്കാം. ഭൂമിയിലെ പൂക്കളിൽ വച്ച് ഏറ്റവും സുന്ദരിയായ പരിശുദ്ധ കന്യാമറിയം നിങ്ങളുടെ കുടുംബങ്ങളെയും വയലുകളെയും സംരക്ഷിക്കട്ടെ,” പാപ്പ പറഞ്ഞു.

യാസ്നാ ഗോറയിലേക്ക് (Jasna Góra) കൊണ്ടുവരുന്ന വിളവെടുപ്പ് കിരീടങ്ങൾ

പോളണ്ടിലെ വിളവെടുപ്പ് ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് ചെസ്റ്റോചോവയിലെ (Częstochowa) പ്രധാന മരിയൻ തീർഥാടനകേന്ദ്രമായ യാസ്നാ ഗോറ. ഓരോ വർഷവും പോളണ്ടിലുടനീളമുള്ള കർഷകർ തങ്ങളുടെ ഗ്രാമങ്ങളെയും പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് അലങ്കരിച്ച വിളവെടുപ്പ് കിരീടങ്ങളുമായി ഇവിടേക്ക് യാത്ര ചെയ്യുന്നു.

ഈ വർഷത്തെ ആഘോഷങ്ങൾക്കിടെ, ഇത്തരത്തിൽ സമർപ്പിക്കുന്ന കിരീടങ്ങൾ മുഴുവൻ കുടുംബങ്ങളുടെയും വിശ്വാസത്തെയും അധ്വാനത്തെയും കുറിച്ചാണ് സംസാരിക്കുന്നതെന്ന് ബിഷപ്പ് ക്രിസ്റ്റോഫ് നിറ്റ്കീവിച്ച് വിശ്വാസികളോട് പറഞ്ഞു. വിളവെടുപ്പിലൂടെ അവർ സ്രഷ്ടാവിനോടൊപ്പം സഹകരിക്കുകയാണ് ചെയ്യുന്നത്.

പോളണ്ടുകാർക്കൊപ്പം അതിരുകൾ കടക്കുന്ന പാരമ്പര്യം

ഈ പാരമ്പര്യം പോളണ്ടിന്റെ അതിർത്തികൾ കടന്നും പ്രചരിച്ചിട്ടുണ്ട്. ചരിത്രപരമായി പോളിഷ് വംശജർ തിങ്ങിപ്പാർക്കുന്ന റൊമാനിയയിലെ ബുക്കോവിനായിലുള്ള നോവി സൊളോണിയാക് ഗ്രാമത്തിൽ, വിശുദ്ധ കുർബാനയോടും വിളവുകളുടെ ആശീർവാദത്തോടെയുമാണ് വിളവെടുപ്പ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് പ്രാദേശിക ഭക്ഷണങ്ങളും സംഗീതവും പോളിഷ് നാടോടി ഗ്രൂപ്പുകളുടെ കലാപരിപാടികളും നടക്കുന്നു. ഇത് പോളിഷ് സംസ്കാരം നിലനിർത്താനും പുതിയ തലമുറകളിലേക്ക് കൈമാറാനും സഹായിക്കുന്നു.

മറ്റൊരു അപൂർവ മാതൃകയാണ് ജർമ്മനിയിലെ കോബ്ലെൻസിലുള്ള പോളിഷ് കാത്തലിക് മിഷൻ. ഇവിടത്തെ വിശ്വാസികൾ പ്രധാനമായും പോളണ്ടിൽ നിന്ന് ജോലി തേടിയെത്തിയ കുടിയേറ്റക്കാരാണ്; ഇവരിൽ കർഷകരാരുമില്ല. എന്നിരുന്നാലും, എല്ലാ വർഷവും വിളവെടുപ്പ് ആഘോഷങ്ങൾക്കായി പള്ളി അലങ്കരിക്കുകയും കർഷകർക്കായും ആ വർഷത്തെ വിളവുകൾക്കായും പ്രാർഥനകൾ നടത്തുകയും ചെയ്യുന്നു.

പോളിഷ് ഗ്രാമപ്രദേശങ്ങളിൽ ജന്മമെടുത്ത ഒരു ആചാരം വയലുകളോ, കർഷകരോ ഇല്ലാതെ പോലും നിലനിൽക്കുന്നു. ലെയോ പതിനാലാമൻ മാർപാപ്പ സൂചിപ്പിച്ചതുപോലെ, നമ്മുടെ അനുദിന അപ്പത്തിനു പിന്നിൽ ഭൂമിയും മനുഷ്യന്റെ അധ്വാനവും ദൈവത്തിന്റെ അനുഗ്രഹവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.