വായിൽ കാണുന്ന ചെറിയ പാടുകൾ നിസ്സാരമല്ല; കാൻസർ മുന്നറിയിപ്പുകൾ തിരിച്ചറിയാം

നാൽപത്തിയഞ്ചുകാരനായ പ്രദീപിന്റെ വായുടെ ഉള്ളിൽ കവിളിലും അണ്ണാക്കിലുമൊക്കെയായി ചെറിയ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെട്ടിട്ട് കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങളായിരുന്നു. എന്നാൽ കാര്യമായ വേദനയോ, മറ്റ് അസ്വസ്ഥതകളോ ഇല്ലാതിരുന്നതിനാൽ അതൊരു സാധാരണ വായ്പ്പുണ്ണാകാമെന്നു കരുതി അയാൾ ആ ലക്ഷണങ്ങളെ പൂർണ്ണമായും അവഗണിച്ചു.

എന്നാൽ, അടുത്ത കാലത്തായി എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ വായ്ക്കുള്ളിൽ കടുത്ത പുകച്ചിലും വായ നല്ലതുപോലെ തുറക്കാൻ പറ്റാത്ത അവസ്ഥയും പ്രദീപിനെ അലട്ടാൻ തുടങ്ങി. ഒടുവിൽ സഹിക്കവയ്യാതെ വന്നപ്പോഴാണ് അയാൾ ക്ലിനിക്കിൽ എന്നെ കാണാനെത്തിയത്. പരിശോധനയിൽ പ്രദീപിന്റെ വായിൽ കാണപ്പെട്ടത് കാൻസറായി മാറാൻ സാധ്യതയുള്ള ലൂക്കോപ്ലാക്കിയ (Leukoplakia), ഓറൽ സബ്മൂക്കസ് ഫൈബ്രോസിസ് (OSMF) എന്നീ ഗുരുതരമായ അവസ്ഥകളായിരുന്നു.

എങ്കിലും ഭാഗ്യവശാൽ, ആ അവസ്ഥകൾ അപ്പോഴേക്കും കാൻസറായി മാറിയിട്ടുണ്ടായിരുന്നില്ല. ഉടൻ തന്നെ പുകയില ശീലം പൂർണ്ണമായി ഉപേക്ഷിക്കാനും, കൃത്യമായ ചികിത്സയും മരുന്നുകളും പിന്തുടരാനും നിർദേശിച്ചു. ആ മാറ്റവും സമയബന്ധിതമായ ചികിത്സയും പ്രദീപിന് തുണയായി; അങ്ങനെ ആ പാടുകൾ പതിയെ മാറിവരികയും അയാൾ തിരികെ ആരോഗ്യത്തിലേക്ക് എത്തുകയും ചെയ്തു.

പ്രദീപിന്റെ ഈ അനുഭവം നമുക്കെല്ലാവർക്കുമുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്. വായിൽ കാൻസർ വരുന്നതിനു മുൻപ് ശരീരം കാണിക്കുന്ന ഇത്തരത്തിലുള്ള അടയാളങ്ങളെയാണ് നമ്മൾ പ്രീകാൻസറസ് ലീഷനുകൾ (Precancerous Lesions/Conditions) എന്ന് വിളിക്കുന്നത്. ഇവയെ കൃത്യസമയത്ത് തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ വായിലെ കാൻസറിനെ നൂറു ശതമാനവും പ്രതിരോധിക്കാൻ കഴിയും.

എന്താണ് പ്രീകാൻസറസ് ലീഷനുകൾ?

വായിലെ മൃദുവായ കോശങ്ങൾക്ക് വ്യതിയാനം സംഭവിക്കുകയും, കാലക്രമേണ അത് കാൻസറായി മാറാൻ സാധ്യത കാണിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇവ പ്രധാനമായും മൂന്ന് രൂപങ്ങളിലാണ് വായയിൽ കാണപ്പെടുന്നത്.

ലൂക്കോപ്ലാക്കിയ (Leukoplakia): വായയ്ക്കുള്ളിലോ, നാക്കിലോ തുടച്ചുകളയാൻ പറ്റാത്ത രീതിയിൽ കാണപ്പെടുന്ന വെളുത്ത പാടുകളാണ് ഇവ.

എറിത്രോപ്ലാക്കിയ (Erythroplakia): വായ്ക്കുള്ളിൽ കാണപ്പെടുന്ന ചുവന്ന പാടുകളാണ് എറിത്രോപ്ലാക്കിയ. വെളുത്ത പാടുകളെ അപേക്ഷിച്ച് ഇവ കാൻസറായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഓറൽ സബ്മൂക്കസ് ഫൈബ്രോസിസ് (OSMF): പാൻമസാല, പാക്ക്, വെറ്റില, അടക്ക എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ കവിളിന്റെ വശങ്ങൾ കട്ടിപിടിക്കുന്ന അവസ്ഥയാണിത്. ഈ അവസ്ഥ ഉണ്ടാകുന്നതോടെ വ്യക്തിക്ക് വായ പൂർണ്ണമായി തുറക്കാൻ സാധിക്കാതെ വരുന്നു.

പ്രീകാൻസറസ് ലക്ഷണങ്ങൾ

വേദനയില്ലാത്ത പാടുകൾ: വായയിലെ പ്രീകാൻസറസ് ലക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വേദനയില്ലാത്ത പാടുകൾ. അതായത്, വായ്ക്കുള്ളിലോ, നാക്കിന്റെ വശങ്ങളിലോ കാണപ്പെടുന്ന വെളുപ്പോ, ചുവപ്പോ ആയ പാടുകൾക്ക് തുടക്കത്തിൽ യാതൊരുവിധ വേദനയും ഉണ്ടാകാറില്ല.

എരിവ് സഹിക്കാൻ പറ്റായ്ക: മറ്റൊരു പ്രധാന ലക്ഷണം ചൂടുള്ളതോ, എരിവുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോൾ വായ്ക്കുള്ളിൽ അനുഭവപ്പെടുന്ന കടുത്ത പുകച്ചിലാണ്. അതായത്, എരിവ് സഹിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു.

വായ തുറക്കാനുള്ള ബുദ്ധിമുട്ട്: ഇതും പ്രീകാൻസറസ് ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

നാക്ക്‌ കട്ടിയാവുന്ന അവസ്ഥ: നാക്ക്‌ കട്ടിയാവുന്ന അവസ്ഥയും ഇതിന്റെ ഭാഗമായി കാണപ്പെടുന്നുണ്ട്; അതായത് നാക്ക് പുറത്തേക്ക് നീട്ടാനോ, വശങ്ങളിലേക്ക് ചലിപ്പിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

വായ്ക്കുള്ളിൽ കവിളുകൾ മുറുകുന്ന അവസ്ഥ: കവിളിന്റെ ഉള്ളിൽ വിരലുകൊണ്ട് തൊട്ടുനോക്കുമ്പോൾ നാരുകൾ പോലെ കട്ടിയുള്ള ഭാഗങ്ങൾ അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം

ചികിത്സാരീതികൾ

പ്രീകാൻസറസ് ലീഷനുകളുടെ അവസ്ഥയും വലുപ്പവും അനുസരിച്ച് വ്യത്യസ്ത ചികിത്സാരീതികളാണ് അവലംബിക്കുന്നത്. അവ ചുവടെ ചേർക്കുന്നു.

1. രോഗകാരണങ്ങൾ കണ്ടുപിടിച്ച് അവ പൂർണ്ണമായും ഒഴിവാക്കുക: അതായത് പുകവലി, മുറുക്ക്, മദ്യപാനം എന്നിവ പൂർണ്ണമായി ഉപേക്ഷിക്കണം. പ്രാഥമിക ഘട്ടങ്ങളിൽ ഈ ശീലങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ മാത്രം പാടുകൾ സ്വയം മാറാറുണ്ട്.

2. മെഡിക്കൽ തെറാപ്പി (Antioxidant & Vitamin Therapy): വിറ്റാമിൻ എ, സി, ഇ, ലൈക്കോപീൻ (Lycopene) തുടങ്ങിയ ആന്റിഓക്സിഡന്റുകളും സ്റ്റിറോയ്ഡ് ഇൻജക്ഷനുകളും (OSMF ഉള്ളവരിൽ) നൽകി കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നു.

3. ടോപ്പിക്കൽ ആപ്ലിക്കേഷൻ: വായ്ക്കുള്ളിൽ പുരട്ടാനുള്ള പ്രത്യേക ജെല്ലുകളും മരുന്നുകളും.

4. ലേസർ/ ക്രയോസർജറി (Laser/ Cryosurgery): വളരെ ലളിതമായ ചികിത്സയിലൂടെ ലേസർ ഉപയോഗിച്ചോ, മരവിപ്പിച്ചോ ഈ പാടുകളെ പൂർണ്ണമായി നീക്കം ചെയ്യുന്നു.

5. സർജിക്കൽ എക്സിഷൻ (Surgical Excision): കാൻസറായി മാറാൻ കൂടുതൽ സാധ്യതയുള്ള പാടുകളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു.

പൊതുജനങ്ങൾക്കിടയിലെ തെറ്റിധാരണകളും യാഥാർഥ്യവും

വായിലെ ആരോഗ്യത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ പലതരം തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്. ചെറിയ അശ്രദ്ധകൾ പോലും വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതുകൊണ്ട്, അത്തരം തെറ്റിധാരണകളും യഥാർഥ വസ്തുതകളും എന്തെല്ലാമാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

1. വേദനയില്ലാത്ത പാടുകളും പുണ്ണുകളും പേടിക്കേണ്ടതില്ല എന്ന തെറ്റിധാരണ പലരിലുമുണ്ട്. എന്നാൽ, പ്രീകാൻസറസ് പാടുകൾക്കും തുടക്കത്തിലുള്ള വായയിലെ കാൻസറിനും സാധാരണയായി വേദന ഉണ്ടാകാറില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ, വേദനയില്ലാത്ത പാടുകളാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.

2. വായ്പ്പുണ്ണ് താനേ ശരിയായിക്കോളും എന്ന് കരുതി അവഗണിക്കുന്ന മറ്റൊരു രീതിയുണ്ട്. സാധാരണ വായ്പ്പുണ്ണുകൾ ഏഴു മുതൽ 10 ദിവസത്തിനുള്ളിൽ മാറും എന്നതാണ് സത്യം. എന്നാൽ, രണ്ട് ആഴ്ചയിൽ കൂടുതലായി മാറാതിരിക്കുന്ന പാടുകളും പുണ്ണുകളും തീർച്ചയായും ദന്തഡോക്ടറെ കാണിക്കേണ്ടതാണ്.

3. പുകയില നിർത്തുന്നതോടെ വായിലെ പാടുകൾ അപ്പോൾ തന്നെ അപ്രത്യക്ഷമാകും എന്നൊരു ധാരണയും നിലനിൽക്കുന്നുണ്ട്. എന്നാൽ, പുകയില നിർത്തിയാലും കോശങ്ങൾ പഴയപടിയാകാൻ സമയമെടുക്കുമെന്നും, ഇതിനായി കൃത്യമായ ചികിത്സയും നിരീക്ഷണവും ആവശ്യമാണെന്നുമാണ് യാഥാർഥ്യം.

4. പുകവലി മാത്രമാണ് പ്രശ്നം, വെറ്റിലയും പാക്കും മുറുക്കുന്നത് ഹാനികരമല്ല എന്നതും തെറ്റായ ഒരു ധാരണയാണ്. വെറ്റിലയും പാക്കും ചേർത്തുള്ള മുറുക്ക് കവിളിലെ കോശങ്ങളെ കട്ടിപിടിപ്പിക്കുന്ന ‘OSMF’ എന്ന അവസ്ഥയ്ക്ക് പ്രധാന കാരണമാണെന്നും ഇതും കാൻസറിലേക്ക് വഴിമാറാമെന്നും തിരിച്ചറിയേണ്ടതുണ്ട്.

നിങ്ങളുടെ വായ്ക്കുള്ളിൽ സാധാരണയിൽ കവിഞ്ഞ എന്തെങ്കിലും മാറ്റങ്ങളോ, എരിവ് കഴിക്കുമ്പോൾ പുകച്ചിലോ, വെളുത്ത/ ചുവന്ന പാടുകളോ ശ്രദ്ധയിൽപെട്ടാൽ ഒട്ടും ഭയപ്പെടേണ്ടതില്ല. എന്നാൽ അത് അവഗണിക്കാനും പാടില്ല. ഒരു ദന്തവിദഗ്ധനെ കണ്ട് കൃത്യസമയത്ത് ബയോപ്സിയോ, പരിശോധനയോ നടത്തിയാൽ, രോഗം കാൻസറായി മാറുന്നതിനു മുൻപു തന്നെ അത് പൂർണ്ണമായും തടയാൻ സാധിക്കും.

ഡോ. സി. സംഗീത SVM, MDS

ഡോ. സി. സംഗീത SVM, MDS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.