
ജയിൽപ്പുള്ളികൾക്ക് ആത്മീയവും മാനസികവുമായ പിന്തുണ നൽകിക്കൊണ്ട് നൈജീരിയയിലെ തടവുകാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ‘ഡോട്ടേഴ്സ് ഓഫ് ഡിവൈൻ ലവ്’ (Daughters of Divine Love) സന്ന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ മേരി ബ്രണ്ടൻ എസിഗ്ബോ (Sr. Mary Brendan Ezigbo). ജയിലിലെ തടവുപുള്ളികൾക്ക് മതബോധനവും കൗൺസിലിംഗും കൂദാശകളും പകർന്നുനൽകുന്ന ഒരു മാതൃകാപരമായ ശുശ്രൂഷയാണ് 61 – കാരിയായ ഈ സന്ന്യാസിനി ഇപ്പോൾ ചെയ്യുന്നത്.
തട്ടിക്കൊണ്ടുപോകലിൽ നിന്ന് ജയിൽ ശുശ്രൂഷയിലേക്ക്
2022 – ൽ നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് വെച്ച് സിസ്റ്റർ മേരി സായുധധാരികളായ അക്രമികളാൽ തട്ടിക്കൊണ്ടുപോകപ്പെട്ടിരുന്നു. അവരിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട അനുഭവമാണ് തടവുകാരെ തെറ്റുകാരായി കാണാതെ അവരിൽ യേശുക്രിസ്തുവിനെ ദർശിക്കാൻ സിസ്റ്റർക്ക് പ്രേരണയായത്. തുടർന്ന് 2023 ഫെബ്രുവരിയിൽ തന്റെ സന്യാസ സമൂഹത്തിന്റെ കാറ്റിക്കറ്റിക്കൽ കമ്മീഷന്റെ ചുമതലയേറ്റെടുത്തതോടെയാണ് സിസ്റ്റർ മേരി എനൂഗു കസ്റ്റോഡിയൽ സെന്ററിലെ ജയിൽ ശുശ്രൂഷ ആരംഭിക്കുന്നത്.
മാറ്റം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ
പ്രായപൂർത്തിയായ തടവുകാരെ വളരെ ക്ഷമയോടെ അടിസ്ഥാന പ്രാർഥനകൾ പഠിപ്പിക്കുകയും അവരെ വിശുദ്ധ കൂദാശകൾ സ്വീകരിക്കാൻ ഒരുക്കുകയും ചെയ്യുക എന്നത് സിസ്റ്ററുടെ പ്രധാന ദൗത്യമാണ്. തടവുകാരുടെ ആത്മീയ ഉണർവിനായി മാസത്തിൽ ഒരിക്കൽ ദിവ്യകാരുണ്യ ആരാധനയും, അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാ ശ്ലീഹായോടുള്ള ഭക്തിയും സിസ്റ്റർ ആരംഭിച്ചു.
തടവറയിലായതോടെ കുടുംബവുമായി ബന്ധം നഷ്ടപ്പെട്ട അന്തേവാസികളുടെ വീടുകൾ സിസ്റ്റർ നേരിട്ട് സന്ദർശിക്കുകയും അവരുടെ മാതാപിതാക്കളെ ജയിലിലെത്തിച്ച് മക്കളെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തടവുകാലം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് സമൂഹത്തിൽ മാന്യമായി ജീവിക്കാൻ ആവശ്യമായ തൊഴിൽ പരിശീലനങ്ങളും സിസ്റ്റർ നൽകിവരുന്നു.
ഫലമണിയുന്ന ശുശ്രൂഷ
സിസ്റ്ററുടെ കഠിനാധ്വാനത്തിന്റെ ഫലമായി 2023 – ൽ പതിനാറിലധികം അന്തേവാസികളാണ് ജയിലിൽ വെച്ച് സ്ഥൈര്യലേപന സ്വീകരണം നടത്തിയത്. 2024 – ൽ ജയിൽ ചരിത്രത്തിലാദ്യമായി ഒരു ക്രിസ്മസ് കരോൾ ആഘോഷവും സിസ്റ്റർ സംഘടിപ്പിച്ചു. ജയിൽ അന്തേവാസികളുടെ സ്വഭാവത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ പ്രകടമാകുന്നത്.
തടവറയിലെ പരിമിത സൗകര്യങ്ങളും ബഹളങ്ങളും വെല്ലുവിളിയാണെങ്കിലും തന്നെത്തന്നെ ദൈവകരങ്ങളിൽ ഒരു ഉപകരണമായി സമർപ്പിച്ചുകൊണ്ട് തടവുകാരുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന്റെ അപ്പോസ്തലയാവുകയാണ് സിസ്റ്റർ മേരി ബ്രണ്ടൻ എസിഗ്ബോ.
സീനിയ എൽസ ഇഗ്‌നേഷ്യസ്




