ജൂലൈ 20: വിശുദ്ധ ആന്‍സെജീസൂസ്

ആന്‍സെജീസൂസ് 770-നോടടുത്ത് ജര്‍മ്മനിയിലെ ലിയോനായിസില്‍ ജനിച്ചു. പതിനെട്ടാമത്തെ വയസ്സില്‍ ഫൊണ്ടേനീലിലെ സന്യാസാശ്രമത്തില്‍ അംഗമായി ചേര്‍ന്നു. അല്പകാലത്തിനുള്ളില്‍ ഭക്തിതീക്ഷ്ണത കൊണ്ടും വേദവിദ്യാപാണ്ഡിത്യം കൊണ്ടും പ്രശസ്തനായി. പിന്നീട് അദ്ദേഹം റെയിംസ്, ചാലോണ്‍, ബൂവേയ്‌സ് എന്നീ സ്ഥലങ്ങളിലെ സന്യാസാശ്രമങ്ങളുടെ അധിപനായി നിയമിക്കപ്പെട്ടു.

അന്ന് മുപ്പത്തിയേഴ് വയസ്സ് പ്രായമുണ്ടായിരുന്ന ആ യുവാവ്, കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ ഉപദേശകസമിതിയിലെ അംഗമായും ലക്ഷുവിലെ സുപ്രസിദ്ധമായ ആശ്രമത്തിന്റെ ഭരണാധികാരിയായും ജോലിചെയ്തു. അന്ന് ലക്ഷുവിലെ ആശ്രമം, വാന്‍ഡലുകളുടെ ആക്രമണം മൂലമുണ്ടായ കെടുതികളില്‍ നിന്നും പൂര്‍ണ്ണവിമുക്തി പ്രാപിച്ചിരുന്നില്ല. തന്മൂലം അതിന്റെ പുനരുദ്ധാരണത്തിനുവേണ്ടി ഏകദേശം അഞ്ചുകൊല്ലം അവിരാമം അധ്വാനിച്ചു. ഫൊണ്ടേനീലിലെ ആശ്രമവും അതിവേഗം പ്രശസ്തി നേടി. അവിടെ വലിയ ഒരു ഗ്രന്ഥാലയവും പഠനകേന്ദ്രവും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

സഭയുടെയും രാഷ്ട്രത്തിന്റെയും പ്രവര്‍ത്തനധര്‍മ്മങ്ങള്‍ സംബന്ധിച്ച് ഒരു നിയമാവലി അദ്ദേഹം എഴുതിയുണ്ടാക്കി. അനന്തരകാലങ്ങളില്‍ ചക്രവര്‍ത്തിമാര്‍ക്കും മറ്റ് ഭരണാധികാരികള്‍ക്കും പ്രസ്തുത നിയമാവലി മാര്‍ഗ്ഗദര്‍ശകമായി. ക്ഷയോന്മുഖമായിരുന്ന അനേകം സന്യാസാശ്രമങ്ങളെ ഉദ്ധരിച്ച്  വളര്‍ത്തിയെടുത്തതുകൊണ്ടാണ് ആന്‍സെജീസൂസിന്റെ വ്യക്തിപരമായ കഴിവുകള്‍ ജനശ്രദ്ധയാകര്‍ഷിച്ചത്. 833-ല്‍ മരിക്കുന്നതുവരെ അദ്ദേഹം വിശ്രമിച്ചിട്ടില്ല.

വി. ഔറേലിയൂസ് (+429)

വി. ആഗസ്തീനോസ് വൈദികനായതിനുശേഷം ഹിപ്പോയിലേക്കു പോയപ്പോള്‍ കാര്‍ത്തേജിലെ സഭയുടെ അജപാലനപരമായ നേതൃത്വം ഔറേലിയൂസാണ് നിറവേറ്റിയത്. മുപ്പത്തിയേഴു വര്‍ഷത്തെ സുദീര്‍ഘമായ തന്റെ സഭാസേവന കാലഘട്ടത്തിനിടയില്‍ ഔറേലിയൂസ് പലതവണ ആഫ്രിക്കയിലെ മെത്രാന്മാരുടെ സൂനഹദോസുകള്‍ വിളിച്ചുകൂട്ടി. അന്ന് സന്യാസജീവിതത്തോട് നീതിപുലര്‍ത്താതിരുന്ന ആശ്രമവാസികളില്‍ പലരുടെയും പൊയ്മുഖങ്ങള്‍ ചീന്തിയെറിയാന്‍ അദ്ദേഹത്തിനു സാധിച്ചു.

വിചിന്തനം: ”അഭിലഷണീയമായ എല്ലാറ്റിലുമുപരിയായി എന്റെ ഹൃദയം അങ്ങില്‍ വിശ്രമിക്കാനും അങ്ങയില്‍ സമാധാനം കണ്ടെത്താനും അനുഗ്രഹിക്കേണമെ.”

ഇതരവിശുദ്ധര്‍: അന്ത്യോക്യായിലെ മാര്‍ഗരറ്റ്/ ഏലിയാസ് / ബറാഡ്‌ബെഷിയാബാസ് (+355) / ഫ്‌ളാവിയൂസും ഏലിയാസും (+518) രക്തസാക്ഷികള്‍ / സെവേരാ (+750) ബെനഡിക്റ്റന്‍ ആബ്ട്ട് / ജോസഫ് ബാര്‍ബാസ് (ഒന്നാം നൂറ്റാണ്ട്) / സാബിനൂസ് -രക്തസാക്ഷി / വുള്‍മാര്‍ (+689).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.