സീറോ മലങ്കര ജൂലൈ 20 മർക്കോ. 9: 9-13 ക്രിസ്തുവിനെ പ്രഘോഷിക്കുക

ഇന്ന് ഏലിയാ നിബിയയെ പ്രത്യേകം അനുസ്മരിക്കുന്നു. പഴയനിയമകാലത്തെ ശക്തനായ, പകരം വയ്ക്കാനില്ലാത്ത പ്രവാചകന്മാരിലൊരാൾ – ഏലിയാ. പല സ്ഥലങ്ങളിലും യേശുക്രിസ്തു ശിഷ്യരോടും സൗഖ്യം കിട്ടിയവരോടും പറയുന്ന ഒരു കാര്യമാണ്, കണ്ട ഈ കാര്യങ്ങൾ ആരോടും പറയരുത് എന്ന് (മർക്കോ. 7:36, 9:9).

വായിക്കുമ്പോൾ ചിലപ്പോൾ നമുക്ക് അതിശയം തോന്നാം. എന്തും പ്രസിദ്ധപ്പെടുത്തുന്ന ഈ കാലത്ത് ക്രിസ്തുവിന്റെ ഈ വാക്കുകൾ വൈരുധ്യം സൃഷ്ടിക്കുന്നില്ലേ എന്ന്. സത്യത്തിൽ അന്ധനായ മനുഷ്യർ ആനയെ കാണാൻ പോയതുപോലെയാണ് പലരും ക്രിസ്തുവിനെ അക്കാലത്ത് മനസ്സിലാക്കിയത്. ആനയുടെ കാലിൽ തൊട്ട അന്ധന്മാർക്ക് മനസ്സിലായത് ആന ഒരു തൂണാണെന്നാണ്, ദേഹത്ത് തൊട്ടവർക്ക് ആന ഒരു വലിയ പാറ… അങ്ങനെ പല വ്യാഖ്യാനങ്ങൾ. അടയാളങ്ങൾ കണ്ടുകൊണ്ടല്ല, അപ്പം ഭക്ഷിച്ച് തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത്.

ചിലർക്ക് ക്രിസ്തു സ്നാപകയോഹന്നാൻ, ചിലർക്ക് ക്രിസ്തു ഏലിയാ, ചിലർക്ക് ക്രിസ്തു പ്രവാചകന്മാരിലൊരുവൻ… ക്രിസ്തുവിനെ മനസ്സിലാക്കിയത് പലവിധം. ക്രിസ്തുവിനെ തെറ്റായി പ്രഘോഷിക്കപ്പെടരുത് എന്ന് ക്രിസ്തുവിന് നിർബന്ധമുണ്ടായിരുന്നു. പലരും മനസ്സിലാക്കിയ ക്രിസ്തു ക്രിസ്തുവല്ല. എന്താണ് യഥാർഥത്തിൽ ക്രിസ്തു എന്ന് തന്റെ മരണത്തോടും ഉയർപ്പിനോടും സ്വർഗ്ഗാരോഹണത്തോടും ബന്ധപ്പെടുത്തി മാത്രമേ മഹത്വീകരണത്തെ മനസ്സിലാക്കാൻ സാധിക്കൂ എന്ന് ക്രിസ്തുവിന് നന്നായി അറിയാമായിരുന്നു (9). ആരാണ് ക്രിസ്തു? പലരും മനസ്സിലാക്കിയിട്ടുള്ള ക്രിസ്തു ക്രിസ്തുവാണോ? എത്രയെത്ര സഭകൾ? എല്ലാവരും ക്രിസ്തുവിനെ പ്രഘോഷിക്കുന്നു. എല്ലാവരും പറയുന്നതിലും അല്പം കാര്യമുണ്ട്. ആര് എങ്ങനെ പറഞ്ഞാലും പ്രഘോഷിക്കപ്പെടുന്നത് ക്രിസ്തുവാണ്. യഥാർഥമായ ക്രിസ്തുവിനെ മനസ്സിലാക്കി ലോകത്തിന് പറഞ്ഞുകൊടുക്കാനുള്ള ഒരു ആഹ്വാനമാണ് ഈ വചനഭാഗം.

ഫാ. ചാക്കോ മേലേടത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.