സ്കൂളും സ്വപ്നങ്ങളും കവർന്നെടുത്ത അക്രമങ്ങൾ; ക്യാമ്പുകളിൽ തളയ്ക്കപ്പെടുന്ന നൈജീരിയൻ പെൺകുട്ടികൾ

പതിനഞ്ചുകാരിയായ ഹദിസ ജോലി ചെയ്യുന്നതിനിടയിൽ ഇംഗ്ലീഷ് അക്ഷരമാല സ്വയം പാടുകയാണ്. താൻ ഏറെ ആഗ്രഹിക്കുന്ന, എന്നാൽ നഷ്ടപ്പെട്ടുപോയ വിദ്യാലയത്തെ അവൾ ഓർത്തെടുക്കുന്നത് അങ്ങനെയാണ്. “ചിലപ്പോൾ ഞാൻ നിലത്തു എഴുതി നോക്കും, ഞാൻ എഴുതുന്നത് ശരിയാണോ എന്ന് പരിശോധിക്കും,” അവൾ പറയുന്നു. രണ്ടു വർഷം മുമ്പ് ഒരു രാത്രിയിലാണ് ആയുധധാരികളായ ഒരു സംഘം അവളുടെ ഗ്രാമത്തിൽ ആക്രമണം നടത്തിയത്. കന്നുകാലികളെ തട്ടിയെടുത്ത ആ സംഘത്തിൽ നിന്നും ജീവനും കൊണ്ട് നഗ്നപാദയായി ഓടിയാണ് അവൾ അഭയാർഥി ക്യാമ്പിലെത്തിയത്. 13-ാം വയസ്സിൽ ഒരു യുവാവിനെ പരിചയപ്പെടുകയും, പിന്നീട് പഠനം ഉപേക്ഷിച്ച് വിവാഹിതയാവുകയും ചെയ്തു.”പെൺകുട്ടികൾ വിവാഹിതരായാൽ പിന്നെ അവരുടെ വിദ്യാഭ്യാസം അവസാനിച്ചു എന്നാണ് ഇവിടുത്തെ ആചാരം,” ഹദിസ വിഷമത്തോടെ പറയുന്നു.

നൈജീരിയയിൽ 18 വയസ്സിന് താഴെയുള്ളവരുടെ വിവാഹം നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അതൊന്നും പലപ്പോഴും നടപ്പിലാകാറില്ല. യുനെസ്കോയുടെ കണക്കുപ്രകാരം നൈജീരിയയിൽ ഏകദേശം 1.9 കോടി കുട്ടികളാണ് വിദ്യാഭ്യാസത്തിന് പുറത്തുള്ളത്. അതായത് രാജ്യത്തെ സ്കൂൾ പ്രായത്തിലുള്ള നാല് കുട്ടികളിൽ ഒരാൾ! അക്ഷരങ്ങൾ പഠിക്കാനും സ്കൂളിൽ പോകാനും ആഗ്രഹമുണ്ടായിട്ടും ജീവിത സാഹചര്യങ്ങൾ മൂലം അതിന് സാധിക്കാതെ പോയ കോടിക്കണക്കിന് കുട്ടികളുണ്ട് നൈജീരിയയിൽ. അത്തരത്തിലുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ ദുരിത ജീവിതത്തിന്റെ നേർക്കാഴ്ചയാണിത്.

ജീവനുവേണ്ടിയുള്ള പരക്കംപാച്ചിൽ

ക്യാമ്പിൽ കഴിയുന്ന 12 കാരിയായ റുഖയ്യയുടെ (Rukayya) കഥയും സമാനമാണ്. “മറ്റ് കുട്ടികൾ പഠിക്കാൻ സ്കൂളിൽ പോകുന്നത് കാണുമ്പോൾ എനിക്ക് വേദനയാണ്,” അവൾ കണ്ണീരോടെ പറയുന്നു. കുടുംബത്തിലെ മൂത്ത കുട്ടിയായ അവൾ, ഇളയ സഹോദരങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും കണ്ടെത്താൻ ദിവസവും വിറക് ശേഖരിക്കാനും ഭിക്ഷ യാചിക്കാനുമായി പുറത്തിറങ്ങുന്നു. അവളുടെ കൺമുന്നിൽ വച്ചാണ് സായുധ സംഘം അവളുടെ പിതാവിനെ കൊലപ്പെടുത്തിയത്. തുടർന്നാണ് ആ കുടുംബം ക്യാമ്പിലേക്ക് പലായനം ചെയ്തത്. “എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരുമായിരുന്നില്ല,” അവൾ പറയുന്നു.

ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും കാരണം വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ മാത്രം 6.7 ലക്ഷം ആളുകളാണ് ഭവനരഹിതരായിരിക്കുന്നത്.

മാറ്റത്തിന്റെ ചെറിയൊരു വെളിച്ചം

ഈ പ്രതിസന്ധികൾക്കിടയിലും കുട്ടികളിലേക്ക് വിദ്യാഭ്യാസം എത്തിക്കുന്നതിനായി ബി.ബി.സി വേൾഡ് സർവീസ് ‘ദർസ് ഹൗസ’ എന്ന പേരിൽ പുതിയൊരു വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. റേഡിയോ, സോഷ്യൽ മീഡിയ, ടെലിവിഷൻ എന്നിവയിലൂടെ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം തുടങ്ങിയ പാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇപ്പോൾ മുന്നിലുള്ള പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഹദിസയുടെ മനസ്സിൽ വലിയൊരു സ്വപ്നം ബാക്കിയുണ്ട്; “എന്റെ കൂടെയുള്ള സ്ത്രീകളെ സഹായിക്കാൻ എനിക്ക് ഭാവിയിൽ ഒരു ഡോക്ടർ ആകണം.” അക്ഷരങ്ങൾ മറന്നുപോകാതിരിക്കാൻ ഇന്നും മണ്ണിൽ വിരൽ കൊണ്ട് അക്ഷരങ്ങൾ കുറിക്കുന്ന ഹദിസമാരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്ന ഒരു നാളേക്കായി നമുക്കും പ്രത്യാശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.