അറുപത്തിയെട്ടാം വയസ്സിൽ മിഷനറിയായി; കൊള്ളക്കാരുടെ ആക്രമണത്തെ സധൈര്യം നേരിട്ടു: വ്യത്യസ്തം സി. സെബസ്റ്റിൻ മരിയയുടെ ജീവിതം

ഫാ. റോണി കിഴക്കേടത്ത് കപ്പൂച്ചിൻ

വാതിൽ തുറന്നപ്പോഴേക്കും മുഖംമൂടി ധരിച്ച മൂന്നുപേർ മുറിയിലേക്ക് ഇരച്ചുകയറി. തോക്ക്, മഴു, കമ്പിവടി എന്നിവയുമായി അവർ എനിക്കുചുറ്റും നിലയുറപ്പിച്ചു. എന്നെ പിറകിൽനിന്ന് മഴുവിന്റെ മറുവശംകൊണ്ട് ആഞ്ഞടിച്ചു. ആ അടിയുടെ ആഘാതത്തിൽ ഞാന്‍ നിലത്തു വീണു… സി. സെബസ്റ്റിൻ മരിയ എഫ്.സി.സി യുടെ ആഫ്രിക്കന്‍ അനുഭവങ്ങള്‍. തുടര്‍ന്നു വായിക്കുക.

ദൈവം തന്റെ പദ്ധതികൾ ഓരോ വ്യക്തിക്കും മുൻപിൽ വെളിപ്പെടുത്തുന്നത് വ്യത്യസ്ത മാർഗങ്ങളിലൂടെയാണ്. സി. സെബസ്റ്റിൻ മരിയ എഫ്.സി.സിയുടെ ജീവിതത്തിലും വ്യത്യസ്തതകളൊരുക്കി ദൈവം കാത്തിരുന്നു. ഭരണങ്ങാനം, അല്‍ഫോന്‍സ ജ്യോതി പ്രൊവിൻസിന്റെ കൗൺസിലർ എന്ന വലിയ ഉത്തരവാദിത്വമൊഴിഞ്ഞ് സ്വസ്ഥമാകാനുള്ള തീരുമാനത്തിനിടയിലാണ്, 2015-ല്‍ ദൈവം സി. സെബസ്റ്റിൻ മരിയയെ മിഷൻ പ്രവർത്തനത്തിന്റെ ഒരു വലിയ ദൗത്യം ഏല്പിക്കുന്നത്. അങ്ങനെ അറുപത്തിയെട്ടാം വയസ്സിൽ ഒരു മിഷനറിയായി ആ സന്യാസിനി ദക്ഷിണാഫ്രിക്കൻ മണ്ണിൽ കാലുകുത്തി. അവിടുന്നിങ്ങോട്ട് ഇന്നോളം ധാരാളം പ്രതിസന്ധികളും പ്രശ്നങ്ങളും തരണംചെയ്ത ഈ സന്യാസിനിക്ക് കൊള്ളക്കാരുടെ ആക്രമണത്തെപ്പോലും നേരിടേണ്ടിവന്നു. മിഷൻവഴികളിൽ ഒരു സമൂഹത്തിന്റെ ഡോക്ടറമ്മയായും വൈദ്യശാസ്ത്രരംഗത്ത് അനേകർക്ക്‌ തണലായും ദൈവിക ആശ്വാസത്തിന്റെ ഉറവിടമായും വർത്തിക്കുന്ന സി. സെബസ്റ്റിൻ മരിയ എഫ്.സി.സി തന്റെ അനുഭവങ്ങൾ ലൈഫ്ഡേയുമായി പങ്കുവയ്ക്കുന്നു…

അധികാരികളുടെ തീരുമാനത്തിൽ ഒളിഞ്ഞിരുന്ന ദൈവികപദ്ധതി

സന്യാസപരിശീലനത്തിനുശേഷം വൈദ്യശാസ്ത്ര പഠനത്തിന് അയയ്ക്കാനുള്ള  സഭാധികാരികളുടെ തീരുമാനത്തെ അനുസരണയോടെ ശിരസ്സാവഹിക്കുമ്പോൾ തനിക്കായി ദൈവം ഒരുക്കിയ വലിയ പദ്ധതികളെക്കുറിച്ച് സിസ്റ്ററിനു തിരിച്ചറിവുണ്ടായിരുന്നില്ല. ഇറ്റലിയിൽ വൈദ്യശാസ്ത്ര പഠനത്തിനായി പോകുമ്പോൾ സ്വന്തം ഇഷ്ടത്തേക്കാൾ അധികാരികളിലൂടെ വെളിപ്പെട്ട ദൈവികസ്വരമാണ് അതെന്നു സ്വയം ബോധ്യപ്പെടുത്തിയിരുന്നു. വൈദ്യശാസ്ത്രപഠനം പൂർത്തിയാക്കിയ സി. സെബസ്റ്റിൻ ഇറ്റലിയിൽ നിന്നുതന്നെ പീഡിയാട്രിക്സിൽ സ്പെഷ്യലൈസ് ചെയ്ത് ഉപരിപഠനം നടത്തി.

പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ സിസ്റ്ററിനെ പാലാ മരിയൻ സെന്ററിലാണ് ആദ്യം നിയോഗിച്ചത്. അവിടുത്തെ എട്ടു വർഷക്കാലത്തെ സേവനത്തിനിടയിൽ അനേകം കുഞ്ഞുങ്ങളെ ശുശ്രൂഷിച്ചു സുഖപ്പെടുത്തി. ആശുപത്രിയുടെ ഭരണകാര്യങ്ങളിലും സിസ്റ്റർ സഹായിച്ചിരുന്നു. പ്രൊവിൻസ് തിരിഞ്ഞപ്പോഴാണ് അവിടെനിന്നു മാറിയത്.

ശുശ്രൂഷയുടെ പുതിയ ഇടമായി മേരി ക്വീൻ ഹോസ്പിറ്റൽ

പാലാ മരിയൻ സെന്ററിൽനിന്നും കാഞ്ഞിരപ്പള്ളി മേരി ക്വീൻ ഹോസ്പിറ്റലിലേക്കായിരുന്നു സി. സെബസ്റ്റിൻ പോയത്. ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു ആശുപത്രി. അവിടെ സിസ്റ്ററിന്റെ സേവനം നാട്ടുകാർക്ക് വലിയൊരു അനുഗ്രഹമായിരുന്നു. രാവിലെ ഒൻപതുമണിക്കു തുടങ്ങുന്ന ഒ.പി പലപ്പോഴും നാലുമണി വരെ നീണ്ടുപോയിരുന്നു. ദീർഘനേരത്തെ ജോലിക്കിടയിൽ ഭക്ഷണം കഴിക്കാനൊന്നും പലപ്പോഴും സിസ്റ്ററിനു സമയം ലഭിച്ചിരുന്നില്ല. എങ്കിലും യാതൊരു ക്ഷീണമോ, മടുപ്പോ കാണിക്കാതെ, വരുന്ന ഓരോ കുഞ്ഞിനേയും സിസ്റ്റർ സ്വീകരിക്കും. “കുഞ്ഞുങ്ങളല്ലേ, അവരെ അധികനേരം കാത്തിരിപ്പിക്കാൻ പറ്റില്ലല്ലോ” എന്നുപറയുമ്പോഴും ആ മുഖത്ത് മായാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഒരുപക്ഷേ, ഓർമ്മകളുടെ തിരയിളക്കം ആ മനസ്സിൽ ഉയർന്നിരിക്കാം.

മേരി ക്വീനിലെ സേവനകാലത്ത് കുഞ്ഞുങ്ങൾക്കുവേണ്ടി വിവിധ കാര്യങ്ങൾ സിസ്റ്റർ ചെയ്തിരുന്നു. അവർക്കാവശ്യമായ ചികിത്സ നൽകാൻ ഒട്ടും താമസംവരുത്തിയിരുന്നില്ല. കാഷ്വാലിറ്റിയിലേക്കു ഓടുമ്പോൾ കുഞ്ഞുങ്ങൾക്കായി ‘എത്രയും ദയയുള്ള ഉള്ള മാതാവേ’ എന്ന പ്രാർഥന ചൊല്ലിയിരുന്നു. പ്രാർഥനയോടുകൂടിയുള്ള ഈ ശുശ്രൂഷകൾ എപ്പോഴും ഫലം നൽകിയിരുന്നുവെന്ന് നാളിതുവരെയുള്ള ശുശ്രൂഷാജീവിതത്തിന്റെ അനുഭവത്തിൽനിന്നും സി. സെബസ്റ്റിൻ ഓർക്കുന്നു. മേരി ക്വീൻ ഹോസ്പിറ്റലിൽ കുട്ടികൾക്കുവേണ്ടി സേവനംചെയ്ത എട്ടുവർഷക്കാലത്തെ ജീവിതത്തെയും വളരെ സംതൃപ്തിയോടാണ് സിസ്റ്റർ അനുസ്മരിക്കുന്നത്.

പുതിയ ദൗത്യത്തിലേക്ക് 

അതിനുശേഷം പ്രൊവിൻഷ്യൾ കൗൺസിലറായി സിസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള ആറു വർഷക്കാലം  പ്രൊവിൻസിന്റെ വ്യത്യസ്തങ്ങളായ ചുമതലകൾ നിർവഹിച്ചു. മേരി ക്വീൻ ഹോസ്പിറ്റലിൽ ശുശ്രൂഷചെയ്തിരുന്ന സമയത്തും കുറച്ചുകാലം സിസ്റ്റർ പ്രൊവിൻഷ്യൾ കൗൺസിലറായിരുന്നു.

ദൈവം വെളിപ്പെടുത്തിയ പുതിയ ദൗത്യം

2015 ഡിസംബർ മാസത്തോടെ പ്രൊവിൻസിന്റെ കൗൺസിലർ എന്ന നിലയിലുള്ള ചുമതലകൾ അവസാനിച്ചു. ഈ സമയത്താണ് ദൈവം പുതിയൊരു ദൗത്യം സിസ്റ്ററിനു മുന്നിലേക്കു വച്ചുനീട്ടിയത്. ഒരു മിഷനറിയാകാനുള്ള ദൗത്യമായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ മിഷൻപ്രദേശത്തുനിന്ന് ഒരു സിസ്റ്റർ നാട്ടിലേക്ക് തിരികെവന്നു. ആ സിസ്റ്ററിനു പകരക്കാരിയായി അങ്ങോട്ടേക്കു പോകാനുള്ള നിയോഗം സി. സെബസ്റ്റിൻ ഏറ്റെടുത്തു. അവിടെയുള്ള കുട്ടികൾക്ക് ഡോക്ടർ എന്ന നിലയിൽ ശുശ്രൂഷ ചെയ്യാമല്ലോ എന്ന ആത്മവിശ്വാസത്തിലാണ് മിഷൻ എന്ന നിയോഗം സിസ്റ്റർ ഏറ്റെടുത്തത്.

പുതിയ നിയോഗം ഏറ്റെടുക്കുമ്പോൾ, ഒരു വർഷത്തേക്ക് സിസ്റ്റേഴ്സ് നടത്തുന്ന ഓർഫനേജിൽ സഹായിക്കാനായിരുന്നു അധികാരികൾ ആവശ്യപ്പെട്ടത്. കാരണം മിഷൻപ്രവർത്തനത്തിനായി സിസ്റ്റർ ഒരുങ്ങുമ്പോൾ പ്രായം 68 ആയിരുന്നു; ഒപ്പം വ്രതവാഗ്ദാനത്തിന്റെ 50 വർഷം പൂർത്തിയാക്കിയ നാളുകളുമായിരുന്നു അത്. ആ നാളുകളിൽ ഏറെ പ്രാർഥനയോടെ ആരംഭിച്ച മിഷൻപ്രവർത്തനം എട്ടുവർഷങ്ങൾ പിന്നിടുകയാണ്. നെൽസൺ മണ്ടേലയുടെ ജന്മസ്ഥലമായ ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റ (Mthatha) എന്ന പ്രദേശത്തായിരുന്നു സിസ്റ്ററിന്റെ നിയമനം.

പുത്തൻ അനുഭവങ്ങൾ പകർന്ന കനീസ ചിൽഡ്രൻസ് ഹോം

ഉംറ്റാറ്റാ രൂപതയുടെ കീഴിലുള്ള കനീസ ഹൈസ്കൂളിന്റെ ഉപസ്ഥാപനമായി 2000-ാം ആണ്ടില്‍ സ്ഥാപിക്കപ്പെട്ടതാണ് കനീസ ചിൽഡ്രൻസ് ഹോം എന്ന അനാഥമന്ദിരം. ഈ സ്ഥാപനത്തിലേക്കാണ് സി. സെബസ്റ്റിൻ തന്റെ മിഷൻദൗത്യവുമായി കടന്നുവന്നത്. നവജാതശിശുക്കൾ മുതൽ ആറുവയസ്സു വരെ പ്രായമുള്ള ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയാണ് ഈ സ്ഥാപനത്തിൽ സംരക്ഷിച്ചിരുന്നത്. പൊലീസും സോഷ്യൽ ഡെവലപ്മെൻറ് ഡിപ്പാർട്ട്മെന്റും വഴിയെത്തുന്ന കുട്ടികളെയാണ് ഈ സ്ഥാപനത്തിൽ ഏറ്റെടുക്കുന്നത്. ആറുവയസ്സു കഴിയുമ്പോൾ അവരെ മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റും.

ദക്ഷിണാഫ്രിക്കയിൽ 1995 മുതൽ എഫ്.സി.സി സിസ്റ്റേഴ്സ് പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തിൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച എഫ്.സി.സി സുപ്പീരിയർ ജനറലായിരുന്ന മദർ മരിയാനോയുടെ നിർദേശപ്രകാരം ആരംഭിച്ച സാമൂഹികസേവന സംരംഭമാണ് ഈ അനാഥമന്ദിരം. ആദ്യകാലത്ത്, എയ്ഡ്സ് ബാധിതരായ കുട്ടികളും ഇവിടെയുണ്ടായിരുന്നു. 30 കുഞ്ഞുങ്ങളെ നോക്കാൻ സൗകര്യമുള്ള അവിടെ 42 കുഞ്ഞുങ്ങളെ വരെ സംരക്ഷിച്ച സമയമുണ്ട്. ഗവൺമെന്റ് അധികൃതർ തന്നെയാണ് കൂടുതൽ കുട്ടികളെ അവിടെ ഏല്പിക്കാറുള്ളത്. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 22 കുഞ്ഞുങ്ങളാണ് നിലവിൽ അവിടെ സംരക്ഷിക്കപ്പെടുന്നത്. കുഞ്ഞുങ്ങൾക്കുവേണ്ട പരിരക്ഷ നൽകുന്നത് നാട്ടുകാരായ ആയമാരുടെ സഹായത്തോടെയാണ്. അതുകൊണ്ട് അവരുടെ നാട്ടുഭാഷയും കുഞ്ഞുങ്ങൾ പഠിച്ചെടുക്കുന്നു. സർക്കാർതലത്തിൽ കുട്ടികൾക്കു നൽകുന്ന ഗ്രാൻഡും സ്കൂളിൽ പഠിപ്പിക്കുന്ന സിസ്റ്റേഴ്സിന്റെ ശമ്പളവുമാണ് അവിടെയുള്ള ആകെ വരുമാനം.

ഈ സ്ഥാപനത്തിൽ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും രോഗംവന്നാൽ സി. സെബസ്റ്റിനാണ് അവർക്ക് മരുന്നു നൽകുന്നത്. ഡോക്ടർ കൂടിയായ സിസ്റ്റർ ഒപ്പമുള്ളതിനാൽ, കിടത്തിച്ചികിത്സിക്കേണ്ടവിധം ഗുരുതരമായ അസുഖം വന്നാൽമാത്രമേ ആശുപത്രിയിൽ പോകാറുള്ളൂ. ഡോക്ടറായതിനാൽ ഈ സ്ഥാപനത്തിലുള്ള കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സി. സെബസ്റ്റിനു കഴിയുന്നു.

മിഷൻപ്രവർത്തനത്തെ ശക്തിപ്പെടുത്തുന്ന വില്ലേജ് മിനിസ്ട്രി

കനീസ ചിൽഡ്രൻസ് ഹോമിൽ കുട്ടികളെ വളരെ ചെറുപ്പത്തിൽ മാമ്മോദീസ മുക്കുന്ന പതിവില്ല. അവർക്ക് ചെറുപ്പത്തിൽ മാമ്മോദീസ നൽകേണ്ടതില്ല; മുതിർന്നുകഴിയുമ്പോൾ അവർ തങ്ങളുടെ വിശ്വാസം തെരഞ്ഞെടുക്കട്ടെ എന്നാണ് രൂപതാ ബിഷപ്പിന്റെ നിർദേശം. എന്നിരുന്നാലും ചെറിയ കുട്ടികൾക്ക് തങ്ങളാൽ കഴിയുന്ന രീതിയിൽ പ്രാർഥനകളും മറ്റും പഠിപ്പിക്കാനും ക്രിസ്തീയവിശ്വാസത്തിന്റെ അടിത്തറ ഉണ്ടാക്കാനും ഈ സന്യാസിനിമാർ ശ്രമിക്കുന്നു.

ഇതുകൂടാതെ, മിഷൻപ്രവർത്തനത്തിന്റെ മറ്റൊരു മേഖലയാണ് വില്ലേജ് മിനിസ്ട്രി. ശനി, ഞായർ ദിവസങ്ങളിൽ ഗ്രാമങ്ങളിലേക്കു പോകുന്ന സന്യാസിനിമാർ കുട്ടികളെയും മുതിർന്നവരെയും വേദപാഠം പഠിപ്പിക്കുന്നു. ഏഴ് ഔട്ട് സ്റ്റേഷനകളിലാണ് ഈ സന്യാസിനിമാർ ശുശ്രൂഷചെയ്യുന്നത്.

മാമ്മോദീസായും ആദ്യകുർബാനയും സ്വീകരിക്കാൻവേണ്ടി അവരെ പഠിപ്പിക്കുകയും ഒരുക്കുകയും ചെയ്യുന്നു. വളരെ സന്തോഷവും സംതൃപ്തിയും നൽകുന്ന ഒന്നാണിതെന്ന് സി. സെബസ്റ്റിൻ സാക്ഷ്യപ്പെടുത്തുന്നു. “ക്രിസ്തുവിനുവേണ്ടി ആളെ നേടാനുള്ള വലിയ അവസരമാണിത്. നമ്മൾ അവരെ അനുഗമിച്ചാൽ അവർ കൂടുതൽ അടുത്തുവരും. ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം.” ക്രിസ്തുവിനെ സ്വീകരിക്കാനായി പാവപ്പെട്ട ജനത്തെ ഒരുക്കുന്നതിന്റെ ആനന്ദവും സംതൃപ്തിയും സിസ്റ്ററിന്റെ വാക്കുകളിൽ പ്രകടമായിരുന്നു.

ഭീതികരമായ ആ ദിനം

പൊതുവെ, അക്രമപ്രവർത്തനങ്ങൾ കൂടുതലുള്ള സ്ഥലമാണെങ്കിലും ഈ എട്ടുവർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് സിസ്റ്ററിന് അപകടം നേരിട്ടിട്ടുള്ളത്.  2021 ഫെബ്രുവരി 26-നായിരുന്നു ആ സംഭവം നടന്നത്.

“അന്ന് രാത്രി, സമയം 9.30 കഴിഞ്ഞിട്ടുണ്ടാകും. പതിവുപോലെ പ്രാർഥനയ്ക്കായി മഠത്തിന്റെ ചാപ്പലിലേക്കു പോകാൻ തുടങ്ങുമ്പോഴാണ് എന്റെ മുറിയുടെ പുറത്ത് ഒരു ബഹളം കേട്ടത്. സെക്യൂരിറ്റിയുടെ ശബ്ദമാണെന്നാണ് ആദ്യം കരുതിയത്. പെട്ടെന്ന് ആരോ വാതിലിൽ ശക്തിയായി ഇടിച്ചുകൊണ്ട് കതകു തുറക്കാൺ ആവശ്യപ്പെട്ടു. വാതിൽ തുറന്നപ്പോഴേക്കും മുഖംമൂടി ധരിച്ച മൂന്നുപേർ മുറിയിലേക്ക് ഇരച്ചുകയറി. തോക്ക്, മഴു, കമ്പിവടി എന്നിവയുമായി അവർ എനിക്കുചുറ്റും നിലയുറപ്പിച്ചു. നാൽവർ സംഘമായിരുന്നു അവിടേക്ക് അതിക്രമിച്ചുകയറിയത്. അതിലൊരാൾ സെക്യൂരിറ്റിയെ അടിച്ചുവീഴ്ത്തി കാവൽനിന്നു. മറ്റുള്ളവരായിരുന്നു പണം ആവശ്യപ്പെട്ട് മുറിയിലേക്ക് ആയുധങ്ങളുമായി വന്നത്.

പൊലീസിനെ വിളിക്കാനായി ഫോൺ എടുത്തപ്പോഴേക്കും അവരത് തട്ടിയെടുത്തു. പണമൊന്നും മുറിയിലില്ല എന്ന് തീർത്തുപറഞ്ഞിട്ടും അവർ കൂട്ടാക്കിയില്ല. അപ്പോഴേക്കും മറ്റു മൂന്നു സിസ്റ്റർമാരെയും അവർ മുറിയിലേക്കു കൂട്ടിക്കൊണ്ടുവന്നു. പണം ആവശ്യപ്പെട്ട് തോക്കുചൂണ്ടി കൂടുതൽ ഭീഷണി മുഴക്കി. അവിടെയുണ്ടായിരുന്ന അലമാരകൾ തുറന്നുകാണിക്കാൻ അവർ ആവശ്യപ്പെട്ടു. അലമാര തുറക്കാനായി തിരിഞ്ഞ എന്നെ പിറകിൽനിന്ന് മഴുവിന്റെ മറുവശംകൊണ്ട് ആഞ്ഞടിച്ചു. ആ അടിയുടെ ആഘാതത്തിൽ തോളെല്ലു പൊട്ടിയ ഞാൻ നിലത്തു വീഴുന്നതുകണ്ട, കൂടെയുള്ള സിസ്റ്റർ അവർക്ക് തന്റെ മുറിയിലുണ്ടായിരുന്ന പണം നൽകി.

ആ അനാഥമന്ദിരത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്ന ആ സിസ്റ്റർ പിറ്റേദിവസം അവിടത്തെ കുഞ്ഞുങ്ങൾക്ക് ആഹാരസാധനങ്ങൾ വാങ്ങാനായി കരുതിവച്ചിരുന്ന ആകെയുള്ള പണമാണ് അവർക്കു കൊടുത്തത്. എന്റെ മുറിയിലുണ്ടായിരുന്ന ലാപ്ടോപ്പ്, വാച്ച് തുടങ്ങി വിലയുള്ളതെല്ലാം അവർ കവർന്നുകൊണ്ടുപോയി. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സ‍ൃഷ്ടിച്ച അവർ മടങ്ങിപ്പോയപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെ വീണത്” – ഭീതിയോടെ ആ ദിനങ്ങളെ സിസ്റ്റർ ഓർത്തെടുത്തു.

ആക്രമണത്തിൽ സിസ്റ്ററിനും സെക്യൂരിറ്റിക്കും പരിക്ക് പറ്റിയെങ്കിലും കുഞ്ഞുങ്ങളെയും മറ്റുള്ളവരെയും അവർ വെറുതെവിട്ടത് ആശ്വാസമായിരുന്നു. സെക്യൂരിറ്റിയുടെ തലയിൽ വലിയ മുറിവുണ്ടായിരുന്നു. തോളെല്ലിനു പൊട്ടൽ ഉണ്ടായിരുന്നതിനാൽ സി. സെബസ്റ്റിന് പ്ലാസ്റ്ററിട്ട് കുറേനാൾ കഴിയേണ്ടിവന്നു. കൂടെയുണ്ടായിരുന്ന സിസ്റ്റേഴ്സിനും അത് വല്ലാത്തൊരു മാനസിക ആഘാതമായിരുന്നു. കിരാതമായ ആ രാത്രിയുടെ ഓർമ്മ കുറേക്കാലം ഞങ്ങളെ വേട്ടയാടിയിരുന്നു എന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു.

സംതൃപ്തമായ സന്യാസജീവിതം

“കമ്മ്യൂണിറ്റി ലൈഫ് എനിക്കിഷ്ടമാണ്. സമൂഹത്തിൽ സഹോദരങ്ങൾക്കൊപ്പമുള്ള ജീവിതം നൽകുന്ന ബലമാണ് സന്യാസം ജീവിക്കാൻ സഹായിക്കുന്നത്. വളരെ തൃപ്തിയോടെയാണ് ഇപ്പോൾ ശുശ്രൂഷചെയ്യുന്നത്. തിരിഞ്ഞുനോക്കുമ്പോഴും നാട്ടിലും മിഷനിലും ഇത്രയുമൊക്കെ ചെയ്യാൻകഴിഞ്ഞല്ലോ എന്ന തൃപ്തി മാത്രം” – സിസ്റ്റർ പറയുന്നു.

പ്രാർഥനാജീവിതം

ജോലിത്തിരക്കുമൂലം സമൂഹത്തിന്റെ പ്രാർഥനകളിൽ പങ്കെടുക്കാൻ പലപ്പോഴും കഴിയാറില്ലെങ്കിലും വ്യക്തിപരമായ പ്രാർഥനകളിലാണ് സിസ്റ്റർ ജീവിക്കുന്നത്. ജോലി ചെയ്യുമ്പോഴും ദൈവസാന്നിധ്യസ്മരണ നിലനിർത്താൻ പരിശ്രമിക്കുന്ന സിസ്റ്റർ, ജീവിതവും ജോലിയുമൊക്കെ പ്രാർഥനയാക്കി മാറ്റുന്നു. ദൈവിക ഇടപെടലിനുവേണ്ടിയുള്ള പ്രത്യേക പ്രാർഥനയോടെയാണ് കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നത്.

ഇനിയും ധാരാളം ജോലി ചെയ്തുതീർക്കാനുള്ള തീക്ഷ്ണതയും തിടുക്കവും സി. സെബസ്റ്റിനിൽ പ്രകടമാണ്. മിഷൻനാട്ടിൽ സുവിശേഷവൽക്കരണത്തിനും സാമൂഹികപ്രവർത്തനത്തിനുമുള്ള അനേകം അവസരങ്ങൾ സിസ്റ്റർ കണ്ടെത്തുന്നു. ചുറുചുറുക്കോടെ പ്രവർത്തിക്കാൻ കഴിയുന്ന ധാരാളം സഹോദരിമാർ മിഷനിലേക്കു വരുമെന്ന് സിസ്റ്റർ പ്രത്യാശിക്കുന്നു.

തൊടുപുഴ മൂലമറ്റത്തിനടുത്തുള്ള അറക്കുളമാണ് സി. സെബസ്റ്റിൻ മരിയയുടെ സ്വദേശം. പനച്ചിക്കൽ ദേവസ്യയുടെയും റോസയുടെയും എട്ടുമക്കളിൽ മൂന്നാമത്തെ മകളായി ജനിച്ചു. മറ്റൊരു സഹോദരി സി. സെസിൽ മരിയ എസ്.എച്ച് മഠത്തിലെ അംഗമാണ്.

ജീവന്റെ ഉറവയായ ക്രിസ്തുവിനെ നെഞ്ചോടുചേർത്ത് സി. സെബസ്റ്റിൻ തന്റെ ശുശ്രൂഷാജീവിതം തുടരുകയാണ്. ഈ മിഷൻജീവിതത്തിൽ അനേകർക്ക്‌ സൗഖ്യദായകനായ ദൈവത്തിന്റെ സാമീപ്യം പകരാൻ സിസ്റ്ററിനു സാധിക്കട്ടെ.

ഫാ. റോണി കിഴക്കേടത്ത് കപ്പൂച്ചിൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.