വി. എവുപ്രാസ്യ: 28-ാം ദിനം – വിശ്വാസജീവിതത്തിന്റെ മാതൃക

സി. ജിയ CMC

“വിശ്വാസം വ്യക്തിപരമായ ഒരു പ്രവൃത്തിയാണ്. സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ മുൻകൈയെടുക്കലിന് മനുഷ്യൻ നൽകുന്ന സ്വതന്ത്രപ്രത്യുത്തരമാണ് വിശ്വാസം. എങ്കിലും വിശ്വാസം ഒരു ഒറ്റപ്പെട്ട പ്രവൃത്തിയല്ല. വിശ്വാസി മറ്റുള്ളവരിൽനിന്ന് വിശ്വാസം സ്വീകരിച്ച് അയാൾ അത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയും വേണം. ഇങ്ങനെ ഓരോ വിശ്വാസിയും വിശ്വാസികളുടെ വലിയ ശൃംഖലയുടെ ഒരു കണ്ണിയാണ്. മറ്റുള്ളവരുടെ വിശ്വാസത്താൽ ഉത്തേജിതനാകാതെ വിശ്വസിക്കാൻ ആർക്കും കഴിയുകയില്ല” (CCC:166).

ഭാരതത്തിന്റെ അപ്പസ്തോലനായ വി. തോമാശ്ലീഹായിൽനിന്നും വിശ്വാസം സ്വീകരിച്ച പാരമ്പര്യമുള്ള കാട്ടൂരിലെ എലുവത്തി ങ്കൽ തറവാട്ടിൽ പിറന്ന എവുപ്രാസ്യമ്മ, തന്റെ കാരണവന്മാരിൽനിന്നും പൈതൃകമായി വിശ്വാസം സ്വീകരിച്ചു വളർന്നു. പൈതൽപ്രായത്തിൽത്തന്നെ അമ്മയുടെ ശിക്ഷണത്തിൽ പടിപടിയായി ക്രൈസ്തവ വിശ്വാസത്തിൽ അവൾ പരിശീലിക്കപ്പെട്ടു. ഹെബ്രായക്കാർക്കുള്ള ലേഖനത്തിൽ ഇപ്രകാരം പറയുന്നു :”വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയിൽ ശരണംപ്രാപിക്കുന്നവർ ദൈവമുണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കണം.”

ആഴമായ വിശ്വാസമുണ്ടായിരുന്ന എവുപ്രാസ്യമ്മ പ്രതിസന്ധികളിലും മാരകമായ രോഗങ്ങളിലും കർത്താവിൽ കണ്ണുനട്ട് കാത്തിരുന്നു, ദിവ്യകാരുണ്യ ഈശോയിൽ ആശ്രയം തേടി. പ്രാർഥനയിൽ അവൾ ദൈവത്തോടു ചേർന്നുനിന്നു. അമ്മ പറയുന്നു: “എനിക്ക് ഏക ആശ്വാസം എന്റെ ഈശോയുടെ അടുക്കൽ ചെല്ലുന്നതാകുന്നു.”

അമ്മ മഠത്തിൽ ചേർന്നതിനുശേഷം അമ്മയുടെ തറവാട്ടിലെ സമ്പത്തെല്ലാം നഷ്ടപ്പെട്ട അവസ്ഥയുണ്ടായി. ഇക്കാര്യമറിഞ്ഞപ്പോൾ അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “സമ്പത്തിൽ കുറഞ്ഞാലും പുണ്യത്തിൽ കുറയരുത്.” ദൈവത്തിന്റെ സ്നേഹത്തിലും പരിപാലനയിലും ഉറച്ച വിശ്വാസമുണ്ടായിരുന്ന അമ്മ, സഹോദരങ്ങളെ ആശ്വസിപ്പിച്ച് ദൈവംതമ്പുരാൻ നമ്മളെ കൈവിടില്ല എന്നുപറഞ്ഞ് ധൈര്യപ്പെടുത്തി.

വിശ്വസിക്കുന്നവരോടു കൂടെയുണ്ടായിരിക്കുന്ന അടയാളങ്ങളെക്കുറിച്ച് സുവിശേഷം ഇങ്ങനെ രേഖപ്പെടുത്തുന്നു. “അവർ എന്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകൾ സംസാരിക്കും. അവർ സർപ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവർ രോഗികളുടെമേൽ കൈകൾ വയ്ക്കും, അവർ സുഖം പ്രാപിക്കുകയും ചെയ്യും” (മർക്കോ. 16: 17-18). ദൈവവചനം സാക്ഷ്യപ്പെടുത്തുന്ന ഈ അടയാളങ്ങൾ എവുപ്രാസ്യമ്മയിൽ പ്രകടമായിരുന്നു. തിന്മയുടെ ഒരു ശക്തിക്കും അവളെ കീഴടക്കാനോ, ഭയപ്പെടുത്താനോ കഴിഞ്ഞില്ല. മാത്രമല്ല, പ്രാർഥനകൊണ്ടും തപസുകൊണ്ടും അവയുടെ ആധിപത്യത്തെ ഇല്ലാതാക്കുന്നതും സാക്ഷ്യങ്ങളിൽ കാണാം.

വിശ്വാസം എന്നാൽ ദൈവമഹത്വത്തെ അംഗീകരിക്കലാണ് (സി. സി. സി. 223). എല്ലാക്കാര്യങ്ങളിലും ദൈവത്തിനു മഹത്വം നൽകുന്ന ഒരു നലംതികഞ്ഞ വിശ്വാസിയായിരുന്നു ഈ അമ്മ. “ദൈവമേ, നിന്റെ തിരുമനസ്സ് എന്നിൽ നിറവേറ്റണമേ” എന്ന പ്രകരണം, എന്റെ ഹൃദയത്തിന്റെ മധുരമുള്ള ഭക്ഷണംപോലെയാണ് ഞാൻ അനുഭവിക്കുന്നത്” എന്ന അമ്മയുടെ വാക്കുകൾ ദൈവഹിതത്തിന് സമ്പൂർണ്ണമായി വിശ്വാസപൂർവം വിധേയപ്പെടുന്നതിന്റെ ഉദാഹരണമാണ്. വിശ്വാസമെന്നാൽ കൃതജ്ഞതയുടെ ജീവിതമാണ് (സി. സി. സി. 224). എന്റെ ദൈവം എല്ലാം എന്റെ നന്മയ്ക്കായി ക്രമീകരിക്കുന്നുവെന്ന് ആഴത്തിൽ വിശ്വസിക്കുന്ന ആത്മാവ് തന്റെ എല്ലാ അനുഭവങ്ങളിലും കൃതജ്ഞതയോടെ ദൈവതിരുസന്നിധിയിൽ കൈകൾ കൂപ്പും. വിശ്വാസം ജീവിച്ച ഈ അമ്മ എന്നും നന്ദിയുടെ മനോഭാവം ഹൃദയത്തിൽ കൊണ്ടുനടന്നവളാണ്. എല്ലാ മനുഷ്യരുടെയും നന്മയെ അംഗീകരിക്കുക എന്നതും വിശ്വാസത്തിന്റെ മറ്റൊരു അർഥതലമാണ് (സി. സി. സി. 225). അമ്മയുടെ നിരവധി കത്തുകളിൽനിന്നും, അവൾ തന്റെ വിനീതാവസ്ഥയും മറ്റുള്ളവരുടെ ശ്രേഷ്ഠതയും എടുത്തുപറയുന്നത് നമുക്കു കാണാൻ കഴിയും. തന്റെതന്നെ നോവിസ് തനിക്കെതിരെ പറഞ്ഞിട്ടും, ഇത് കുട്ടിയുടെ തെറ്റല്ല, അവളിലെ പാപമാണ് ഇങ്ങനെ പറയിപ്പിക്കുന്നത് എന്ന് ന്യായീകരിക്കാനുള്ള ഹൃദയവിശാലതയും മറ്റുള്ളവരിലെ നന്മയും മഹത്വവും തിരിച്ചറിയാനുള്ള സന്നദ്ധതയും എത്രയോ ശ്രേഷ്ഠമാണ്.

“വിശ്വാസം എന്നത് സ്രഷ്ടവസ്തുക്കളുടെ ശരിയായ വിനിയോഗമാണ്” (സി. സി. സി. 226). ദൈവം മാത്രം മതി എന്നു ചിന്തിച്ച് സൃഷ്ടവസ്തുക്കളെ അത്യാവശ്യത്തിനുമാത്രം ഉപയോഗിക്കുന്ന ഒരു ജീവിതശൈലി ആയിരുന്നു അമ്മയുടേത്. സ്രഷ്ടവസ്തുക്കളെല്ലാം അമ്മയെ ദൈവത്തിലേക്ക് ഉയർത്തുന്ന ഉപകരണങ്ങളായിരുന്നു. എല്ലാവരിലും, എല്ലാറ്റിലും ദൈവത്തെ കണ്ടു, ദൈവപരിപാലനയിൽ ഉറച്ചുവിശ്വസിച്ചു ജീവിച്ച ഈ അമ്മയോടു ചേർന്ന് നമുക്കും പ്രാർഥിക്കാം, “കർത്താവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ.”

സി. ജിയ CMC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.