
പ്രിയപ്പെട്ടവർ നമ്മെ വിട്ടുപിരിഞ്ഞുപോയാലും അവർ നമ്മോടു സംസാരിച്ച വാക്കുകളും, അവർ ഉപയോഗിച്ചിരുന്ന വസ്തുക്കളും, അവർ ബാക്കിവച്ചുപോയ പുഞ്ചിരിയും നമ്മുടെ ഉള്ളിൽ എക്കാലവും അവശേഷിക്കുന്നു. മരണത്തിന് ഒരു മനുഷ്യന്റെ ഭൗതികശരീരത്തെ മാത്രമേ ഇല്ലാതാക്കാൻ കഴിയൂ; എന്നാൽ അവർ നൽകിയ സ്നേഹത്തെയും നല്ല ഓർമ്മകളെയും മായ്ച്ചുകളയാൻ കഴിയുകയില്ല. ആ ഓർമ്മകളാണ് പലപ്പോഴും ഏകാന്തതയുടെ നിമിഷങ്ങളിൽ നമുക്ക് ജീവനുള്ള സാന്ത്വനമായി മാറുന്നത്.
വിക്ടോറിയൻ കാലഘട്ടത്തിലെ പ്രശസ്തനായ ഇംഗ്ലീഷ് കവി ആൽഫ്രഡ് ലോർഡ് ടെന്നിസന്റെ വിഖ്യാതമായ ‘ഇൻ മെമ്മോറിയം’ (In Memoriam A.H.H.) എന്ന വിലാപകാവ്യം, കടുത്ത ദുഃഖത്തിന്റെ ആഴങ്ങളിൽ നിന്ന് പ്രത്യാശയുടെയും പക്വതയുടെയും പ്രകാശത്തിലേക്കു വളരുന്ന ഒരു ആത്മീയ യാത്രയാണ്. തന്റെ പ്രിയസുഹൃത്തായ ആർതർ ഹെൻറി ഹാലമിന്റെ അകാലവിയോഗത്തിൽ ഹൃദയം തകർന്നെഴുതിയ ഈ കാവ്യത്തിൽ, വിരഹത്തിന്റെ തീവ്രമായ നോവും, ‘ഒരിക്കലും സ്നേഹിക്കാതിരിക്കുന്നതിനേക്കാൾ നല്ലത് സ്നേഹിക്കുകയും പിന്നീട് നഷ്ടപ്പെടുകയും ചെയ്തതാണ്’ എന്ന തിരിച്ചറിവുമാണ് കവി ആദ്യം പങ്കുവയ്ക്കുന്നത്.
തുടക്കത്തിൽ കടുത്ത നിരാശയും പ്രകൃതിയുടെ നിസ്സംഗത ഉയർത്തുന്ന സംശയങ്ങളും കവിയെ അലട്ടുന്നുണ്ടെങ്കിലും, കാലം കടന്നുപോകുമ്പോൾ ആ വേദന പതുക്കെ ശാന്തമാകുന്നു. വർഷങ്ങൾ കഴിയുന്തോറും ആ വേർപാട് കേവലം നഷ്ടബോധം മാത്രമല്ലാതായി മാറുന്നു, മറിച്ച് തന്റെ ആത്മാവുമായി അഭേദ്യമായി ഇഴുകിച്ചേർന്നൊരു ദിവ്യാനുഭൂതിയായി അത് പരിണമിക്കുന്നു.
നഷ്ടപ്പെട്ടുപോയ സുഹൃത്ത് വെറും ശൂന്യതയിലേക്ക് മറഞ്ഞുപോയിട്ടില്ലെന്നും, മറിച്ച് ദൈവത്തിന്റെ കാരുണ്യത്തിൽ അവൻ എന്നെന്നേക്കുമായി ജീവിക്കുന്നുണ്ടെന്നുള്ള അടിയുറച്ച ആത്മീയബോധ്യത്തിലേക്ക് കവി എത്തിച്ചേരുന്നു. പ്രിയപ്പെട്ടവരുടെ വേർപാട് നമ്മെ തളർത്തുമെങ്കിലും, അവർ ബാക്കിവച്ച ഓർമ്മകൾ ഇരുണ്ട നാളുകളിൽ വഴികാട്ടുന്ന വെളിച്ചവും ഭാവിയെ ധൈര്യത്തോടെ നേരിടാനുള്ള ആത്മബലവുമാണെന്ന് ഈ കാവ്യം നമ്മെ ഓർമ്മിപ്പിക്കുന്നു.
നാം നൽകുന്ന സ്നേഹവും പങ്കുവയ്ക്കുന്ന നല്ല നിമിഷങ്ങളും ഒരിക്കലും നശിച്ചുപോകുന്നില്ല. അവ വർഷങ്ങൾക്കു ശേഷവും മറ്റുള്ളവരുടെ ഹൃദയങ്ങളിൽ തിരികെ കണ്ടെത്താനാകും. ഈ ചിന്തയാണ് നമ്മിലും നിറയേണ്ടത്.
വിശുദ്ധ ഗ്രന്ഥത്തിലും ഓർമ്മകൾക്ക് വലിയ പ്രാധാന്യമുണ്ട്. പുതിയ നിയമത്തിൽ, യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് അന്ത്യ അത്താഴവേളയിൽ ആവശ്യപ്പെടുന്നത് നാം വായിക്കുന്നു:
“എന്റെ ഓര്മ്മയ്ക്കായി ഇത് ചെയ്യുവിന്” (ലൂക്കാ 22:19) എന്നാണ് അവിടുന്ന് പറയുന്നത്.
പ്രിയപ്പെട്ടവരുടെ വേർപാടിൽ നാം കണ്ണീർ വാർക്കുമ്പോഴും, അവർ നമ്മോടൊപ്പമുണ്ടായിരുന്ന കാലത്ത് സമ്മാനിച്ച നന്മകളെയും ഓർമ്മകളെയും നെഞ്ചിലേറ്റാൻ ഈ തിരുവെഴുത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഓർമ്മകളിലൂടെ അവർ നമ്മിൽ ജീവിക്കുന്നത് തുടരുകയാണ്.
പ്രായോഗികം
ഇന്ന്, നമ്മെ വിട്ടുപിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ നല്ല ഓർമ്മകളെയും അവർ നൽകിയ ഉപദേശങ്ങളെയും നന്ദിയോടെ സ്മരിക്കാം. അവർ നമ്മെ പഠിപ്പിച്ച സ്നേഹത്തിന്റെയും കരുണയുടെയും പാഠങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നുനൽകാൻ ശ്രമിക്കാം.
ചിന്ത
നഷ്ടപ്പെട്ടു പോയവരുടെ ഓർമ്മകൾ കണ്ണീരിന്റെ മാത്രം അടയാളമല്ല, മറിച്ച് അവർ നമ്മോടൊപ്പമുണ്ടായിരുന്നു എന്നതിന്റെ മനോഹരമായ തെളിവ് കൂടിയാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS



