
ചില മനുഷ്യർ അവർ കൈവരിച്ച വിജയങ്ങൾ കൊണ്ടു മാത്രമല്ല, ജീവിതത്തോട് അവർ കാണിച്ച സമാനതകളില്ലാത്ത ആത്മവിശ്വാസവും ധൈര്യവും കൊണ്ടു കൂടിയാണ് നമ്മുടെ മനസ്സുകളിൽ എന്നും ജീവിക്കുന്നത്. അത്തരമൊരു വ്യക്തിത്വമായിരുന്നു അയർലൻഡിന്റെ ഒളിമ്പ്യൻ അത്‌ലറ്റ് സിയാറ മഗീൻ.
ട്രാക്കിലെ വിജയങ്ങൾക്കപ്പുറം ജീവിതത്തിലെ ഏറ്റവും കഠിനമായ രോഗാവസ്ഥയെ ശാന്തതയോടും ധീരതയോടും കൂടി അഭിമുഖീകരിച്ച സിയാറ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പോസിറ്റിവിറ്റിയുടെയും പ്രത്യാശയുടെയും വലിയൊരു സന്ദേശമാണ് നൽകുന്നത്.
സ്വപ്നങ്ങളിലേക്ക് ഒരു കുതിപ്പ്
പോർട്ടാഫെറി എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ഉയർന്നുവന്ന് 2016 ലെ റിയോ, 2020 ലെ ടോക്കിയോ ഒളിമ്പിക്സുകളിൽ അയർലൻഡിനെ പ്രതിനിധീകരിക്കുകയും 800 മീറ്റർ, 1000 മീറ്റർ, 1500 മീറ്റർ, വൺ മൈൽ എന്നീ ഇനങ്ങളിൽ ദേശീയ റെക്കോർഡുകൾ സ്വന്തമാക്കുകയും 2024 ൽ റോമിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണ്ണം നേടി ചരിത്രം കുറിക്കുകയും ചെയ്ത സിയാറ, വിജയം കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ഫലമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അയർലൻഡിന്റെ അദ്ഭുതപ്രതിഭയാണ്.
വിധിക്കു മേലെ ധീരതയുടെ പുഞ്ചിരി
കളിക്കളത്തിൽ ശത്രുക്കളെ ഓടിത്തോൽപിച്ച സിയാറയ്ക്കു മുന്നിലേക്ക് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എത്തിയത് കാൻസറിന്റെ രൂപത്തിലാണ്. സ്റ്റേജ് -4 ബൗൾ കാൻസർ (Bowel Cancer) സ്ഥിരീകരിച്ചപ്പോഴും തളർന്നുപോകാതെ ജീവിതത്തോടുള്ള സ്നേഹവും വിശ്വാസവും കാത്തുസൂക്ഷിക്കാൻ അവർക്ക് കഴിഞ്ഞു.
മരണത്തിന്റെ നിഴൽ വീണുതുടങ്ങിയപ്പോഴും ചുറ്റുമുള്ളവരെ സ്‌നേഹിക്കാനും തനിക്കു ലഭിച്ച സ്നേഹത്തിൽ സംതൃപ്തയാകാനും അവർ കാണിച്ച പക്വത സാധാരണ മനുഷ്യർക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിലുള്ളതാണ്.
തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളിലും പങ്കാളി ടോമിയുടെയും കുടുംബത്തിന്റെയും സ്നേഹത്തെ സിയാറ നെഞ്ചോട് ചേർത്തുപിടിച്ചു. വിടപറയുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപ് പ്രിയതമനെ വിവാഹം കഴിച്ചുകൊണ്ട് സന്തോഷം എന്നത് വലിയ കാലയളവിലല്ല, ജീവിക്കുന്ന നിമിഷങ്ങളിലെ ആഴത്തിലാണ് ഉള്ളതെന്ന് സിയാറ തെളിയിച്ചു.
ഒളിമ്പിക്സ് വേദി മുതൽ രോഗക്കിടക്ക വരെ നേരിട്ട പ്രതിസന്ധികളെല്ലാം സിയാറ നേരിട്ടത് അവിശ്വസനീയമായ ധൈര്യത്തോടെയാണ്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും, തന്റെ ചുറ്റുമുള്ളവരുടെ സ്നേഹവും ദൈവത്തിലുള്ള വിശ്വാസവും നെഞ്ചിലേറ്റാൻ അവർക്കു സാധിച്ചു. തനിക്ക് ലഭിച്ച സ്നേഹത്തെയും പിന്തുണയെയും അവർ നന്ദിയോടെ ഓർത്തു.
ഒരു കായികതാരമെന്ന നിലയിൽ രാജ്യം അഭിമാനിക്കുന്ന നേട്ടങ്ങൾ കൈവരിക്കാനും, ഒരു സമൂഹത്തിനാകെ പ്രചോദനമാകാനും സിയാറയ്ക്കു കഴിഞ്ഞു.
’സ്വന്തം വിധിക്കു മുന്നിൽ കീഴടങ്ങാതെ, അവസാന ശ്വാസം വരെ സ്നേഹത്തോടെയും ധീരതയോടെയും ജീവിച്ചുതീർക്കുക’ എന്നാണ് സിയാറയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്. സ്പോർട്സ് ലോകത്തിനും പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിക്കും സിയാറ മഗീൻ എന്നും മായാത്ത വെളിച്ചമായി നിലകൊള്ളും. സിയാറയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.




