
“എന്നാല്‍ അവന് പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്” (യോഹ. 2:21).
യേശുവിന്റെ ദൈവാലയ ശുദ്ധീകരണം ഇന്ന് ക്രിസ്തുവിന്റെ മൗതീകശരീരമായ തിരുസഭയുടെ ആത്മീയശുദ്ധീകരണത്തിന്റെ പ്രതീകമായെടുക്കാം. പഴയ നിയമത്തിലെ ജെറുസലേം ദൈവാലയം പുതിയ നിയമത്തിൽ ക്രിസ്തുവിന്റെ മൗതീകശരീരമായ തിരുസഭയാൽ പുനഃപ്രതിഷ്ഠിക്കപ്പെട്ടു. ഇക്കാര്യമാണ്, മൂന്നു ദിവസത്തിനുള്ളിൽ ഞാൻ ദൈവാലയം പുനരുദ്ധരിക്കും എന്നതുകൊണ്ട് യേശു അർഥമാക്കുന്നത് (യോഹ. 2:11). അംഗങ്ങളുടെ ആഴമായ സംസർഗാനുഭവത്തിൽ മാത്രമേ സഭ ക്രിസ്തുവിന്റെ മൗതീകശരീരമാവുകയുള്ളൂ.
അംഗങ്ങളുടെ ഇടയിൽ രൂപപ്പെടാറുള്ള വെറുപ്പ്, അസൂയ, വൈരാഗ്യം, സ്വാർഥത, അഹങ്കാരം തുടങ്ങിയ പാപങ്ങൾ സഭാംഗങ്ങളുടെ സംസർഗാനുഭവത്തിൽ വലിയ തടസ്സങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കാറുണ്ട്. അത്തരം അവസരങ്ങളിൽ സഭാംഗങ്ങൾ സ്വീകരിക്കുന്ന അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും വഴികളെ മൗതീകശരീരത്തിന്റെ ആത്മീയവിശുദ്ധീകരണമായി കാണാവുന്നതാണ്.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




