
പതിനേഴാം നൂറ്റാണ്ടിൽ വിശ്വാസത്തിനുവേണ്ടി ജീവൻ വെടിഞ്ഞ നാഗസാക്കിയിലെ വി. മഗ്ദലന ഒരു അഗസ്റ്റിനിയൻ തേർഡ് ഓർഡർ അംഗമായിരുന്നു. ജപ്പാനിൽ ക്രിസ്തുമതത്തിന്റെ വളർച്ച തടയാൻ ഭരണാധികാരികൾ അതിരൂക്ഷമായ പീഡനങ്ങൾ അഴിച്ചുവിട്ട കാലഘട്ടമായിരുന്നു അത്. എന്നാൽ, കടുത്ത ഭീഷണികൾക്ക് മുന്നിലും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ അവിടുത്തെ ക്രിസ്ത്യാനികൾ തയ്യാറായിരുന്നില്ല.
1611-ൽ നാഗസാക്കിക്ക് സമീപമാണ് മഗ്ദലന ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അഗസ്റ്റിനിയൻ സഭയിൽ ആകൃഷ്ടയായ ഇവരെ ഫാദർ ഫ്രാൻസിസ്, ഫാദർ വിൻസെന്റ് എന്നീ രണ്ട് വൈദികർ ആത്മീയമായി വഴിനടത്തി. പിന്നീട് ഇവർ അഗസ്റ്റിനിയൻ സഭയിലെ തേർഡ് ഓർഡർ അംഗമായി (സന്ന്യാസ മഠങ്ങളിൽ ജീവിക്കാതെ, സാധാരണ ജീവിത സാഹചര്യങ്ങളിൽ ജീവിച്ച് സഭയുടെ ആത്മീയത പിന്തുടരുന്ന രീതി). ലെയോ പതിനാലാമൻ മാർപാപ്പ അംഗമായിരിക്കുന്ന അതേ അഗസ്റ്റിനിയൻ സന്ന്യാസ കുടുംബത്തിൽപ്പെട്ട വ്യക്തി കൂടിയാണ് ഇവർ. വിവാഹം കഴിക്കാതിരുന്ന ഇവർ കുട്ടികളെ വിശ്വാസം പഠിപ്പിക്കാനും പാവപ്പെട്ടവർക്ക് ദാനധർമ്മങ്ങൾ ചെയ്യാനും സമയം കണ്ടെത്തി.
തന്റെ ആത്മീയ ഗുരുക്കന്മാരായ വൈദികർ രക്തസാക്ഷികളായപ്പോഴും മഗ്ദലന പിന്മാറിയില്ല. 1634-ൽ, തന്റെ 23-ാം വയസ്സിൽ അവർ അധികാരികൾക്ക് മുന്നിൽ ഭയം കൂടാതെ ചെന്ന് താനൊരു ക്രിസ്ത്യാനിയാണെന്ന് പ്രഖ്യാപിക്കുകയും തുടർന്ന് ക്രൂരമായി വധിക്കപ്പെടുകയും ചെയ്തു.
1987-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് മഗ്ദലനയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. അഗസ്റ്റിനിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 20-നാണ് ഇവരുടെ തിരുനാൾ ആഘോഷിക്കുന്നത് (സെപ്റ്റംബർ 28-നും അനുസ്മരിക്കുന്നു).



