
2020 ൽ വാദിം പെരൽമാൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘പേർഷ്യൻ ലെസൺസ്’ (Persian Lessons) എന്ന ചലച്ചിത്രം നൽകുന്ന വൈകാരിക അനുഭവവും ചരിത്രപാഠങ്ങളും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നതാണ്. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി കോൺസെൻട്രേഷൻ ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരു മനുഷ്യൻ തന്റെ ജീവനു വേണ്ടി നടത്തുന്ന ബുദ്ധിപരമായ പോരാട്ടത്തെയും അവിടെ രൂപപ്പെടുന്ന വിചിത്രമായ ബന്ധങ്ങളെയും ഈ ചിത്രം വളരെ ശക്തമായി ആവിഷ്കരിക്കുന്നു.
ഫ്രാൻസിൽ നിന്ന് നാസിപ്പട്ടാളത്താൽ പിടിക്കപ്പെട്ട് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകപ്പെടുന്ന ജൈൽസ് (Gilles) എന്ന ബെൽജിയൻ യുവാവിന്റെ ചെറിയ ലോകത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കൂട്ടക്കൊലയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടാൻ, താൻ ജൂതനല്ലെന്നും പേർഷ്യക്കാരനാണെന്നും അവൻ നുണ പറയുന്നു. ആ ഒരു നുണ തൽക്കാലത്തേക്ക് അവന്റെ ജീവൻ രക്ഷിച്ചെങ്കിലും അതിഭീകരമായ ഒരു പരീക്ഷണത്തിലേക്ക് അത് അവനെ എത്തിക്കുകയാണ്; യുദ്ധത്തിനു ശേഷം ഇറാനിൽ പോയി റെസ്റ്റോറന്റ് തുടങ്ങാൻ ആഗ്രഹിക്കുന്ന ക്യാമ്പിലെ മുഖ്യ മേധാവി കോഹിന് പേർഷ്യൻ (ഫാർസി) ഭാഷ പഠിപ്പിച്ചുകൊടുക്കുക എന്നതാണ് ആ ദൗത്യം. യഥാർഥത്തിൽ പേർഷ്യൻ ഭാഷ ഒരക്ഷരം പോലും അറിയാത്ത ജൈൽസ്, ജീവൻ നിലനിർത്താൻ ദിവസവും പുതിയ വാക്കുകൾ സ്വന്തമായി കണ്ടുപിടിച്ച് കോഹിന് പഠിപ്പിച്ചുകൊടുക്കാൻ തുടങ്ങുന്നു.
ഏതെങ്കിലും ഒരു വാക്ക് തെറ്റിയാൽ മരണത്തിലേക്ക് നയിക്കപ്പെടുമെന്ന് അയാള്‍ക്ക് അറിയാം. താൻ പഠിപ്പിക്കുന്ന വ്യാജ വാക്കുകൾ മറന്നുപോകാതിരിക്കാൻ ക്യാമ്പിലെ അന്തേവാസികളുടെ പേരുകൾ ഓരോന്നായി ആ വാക്കുകളുമായി ബന്ധപ്പെടുത്തി മനസ്സിൽ സൂക്ഷിക്കാൻ അവൻ നിർബന്ധിതനാകുന്നു. കോഹ് ആകട്ടെ, സംശയങ്ങൾക്കിടയിലും ആ ഭാഷയോടും അധ്യാപകനോടും ഒരുതരം അടുപ്പം സ്ഥാപിക്കുന്നു. ക്രൂരനായ ഒരു നാസി ഓഫീസറും ഇരയായ ഒരു തടവുകാരനും തമ്മിൽ അപരിചിതമായ ഒരു ആത്മബന്ധം അവിടെ രൂപപ്പെടുകയാണ്.
യാത്രയ്ക്കിടയിലും അതിജീവനത്തിനിടയിലും ജൈൽസ് നിരന്തരം മാനസിക സമ്മർദങ്ങളെ നേരിടുന്നുണ്ട്. താൻ പഠിക്കുന്ന ഓരോ വ്യാജ വാക്കിന്റെയും പിന്നിൽ ക്യാമ്പിൽ വച്ച് ക്രൂരമായി കൊല്ലപ്പെടുന്ന ഓരോ മനുഷ്യന്റെയും ഓർമ്മകളാണുള്ളതെന്ന് കോഹിന് അറിയില്ല. എങ്കിലും ചില സാഹചര്യങ്ങളില്‍ അയാളില്‍ സംശയങ്ങള്‍ ഉടലെടുക്കുന്നുണ്ട്. പക്ഷേ, ജൈൽസ് ബുദ്ധിപരമായി അതിനെയെല്ലാം അതിജീവിക്കുന്നു. അടിച്ചമർത്തപ്പെട്ടവരുടെ പേരുകൾ ചരിത്രത്തിൽ നിന്ന് മാഞ്ഞുപോകാതിരിക്കാൻ അവൻ ആ വ്യാജഭാഷയെ ഒരു ഉപാധിയാക്കി മാറ്റുകയാണ്. ക്രൂരതയുടെ നടുവിലും മനുഷ്യത്വം പൂർണ്ണമായി മരിച്ചിട്ടില്ലാത്ത ചില നിമിഷങ്ങൾ ആ ക്യാമ്പിൽ ദൃശ്യമാകുന്നു.
ഒടുവിൽ യുദ്ധം അവസാനിക്കുകയും നാസി ക്യാമ്പുകൾ തകരുകയും ചെയ്യുമ്പോൾ, രക്ഷപെടുന്ന ജൈൽസ് സഖ്യസേനയുടെ മുന്നിലെത്തുന്നു. കൂടെയുണ്ടായിരുന്നവരെ തിരിച്ചറിയാൻ കഴിയുമോ എന്ന് ചോദിക്കുമ്പോൾ, ക്യാമ്പിൽ കൊല ചെയ്യപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ പേരുകൾ താൻ നിർമ്മിച്ച പേർഷ്യൻ വാക്കുകളിലൂടെ അവൻ ഓർത്തെടുത്ത് പറയുന്നു. ആ വാക്കുകൾ വെറും ഭാഷയായിരുന്നില്ല, മറിച്ച് കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ ജീവിക്കുന്ന സ്മാരകങ്ങളായിരുന്നു എന്ന തിരിച്ചറിവ് പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതാണ്.
ഈ ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ സന്ദേശം, മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഏത് ദുരന്തത്തെയും മറികടക്കാനാകും എന്നുള്ളതാണ്. ഏറ്റവും അസാധ്യമെന്നു തോന്നുന്ന സാഹചര്യങ്ങളിലും പ്രതീക്ഷ കൈവിടാതെ ബുദ്ധിപൂർവം ചിന്തിക്കാൻ കഴിഞ്ഞാൽ അതിജീവനം സാധ്യമാണ്. അതോടൊപ്പം തന്നെ, ചരിത്രത്തിൽ ക്രൂരമായി ഇല്ലാതാക്കപ്പെട്ട മനുഷ്യരുടെ ഓർമ്മകൾ ഒരിക്കലും മാഞ്ഞുപോകരുതെന്ന വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം നൽകുന്നത്. ജീവിതത്തിന്റെ ഏത് അന്ധകാരഘട്ടത്തിലും ചെറിയൊരു കനൽമതി വലിയൊരു വെളിച്ചം സൃഷ്ടിക്കാൻ എന്ന സന്ദേശമാണ് ‘പേർഷ്യൻ ലെസൺസ്’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS




