
“എനിക്ക് തെറ്റുപറ്റി” എന്ന് സമ്മതിക്കുക എപ്പോഴും എളുപ്പമല്ല. പ്രത്യേകിച്ച്, മറ്റൊരാൾ നമ്മുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ വിഷമമോ ദേഷ്യമോ തോന്നാം. എന്നാൽ, സ്വന്തം തെറ്റുകൾ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്നത് വ്യക്തിവളർച്ചയുടെ പ്രധാന ഭാഗമാണ്. മറ്റുള്ളവർ നൽകുന്ന തിരുത്തലുകളെ അപമാനമായി കാണാതെ, നമ്മെ കൂടുതൽ മെച്ചപ്പെട്ടവരാക്കാനുള്ള അവസരമായി കാണാൻ നമുക്ക് കഴിയണം.
തിരുത്തലുകൾ നമ്മെ കൂടുതൽ അറിവുള്ളവരാക്കും
മറ്റൊരാൾ നമ്മുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ അതിനെ വിമർശനമായി മാത്രം കാണേണ്ടതില്ല. പലപ്പോഴും, നമ്മെ കൂടുതൽ കൃത്യമായ അറിവിലേക്ക് നയിക്കാനുള്ള ശ്രമമായിരിക്കും അത്. തെറ്റായ വിവരങ്ങൾ തിരുത്താനും ഭാവിയിൽ സമാനമായ തെറ്റുകൾ ഒഴിവാക്കാനും ഇത്തരം തിരുത്തലുകൾ സഹായിക്കും.
സ്വന്തം തെറ്റുകൾ സമ്മതിക്കാൻ തയ്യാറുള്ള ഒരാൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും മുന്നേറാനും എളുപ്പമാണ്. തെറ്റുകളിൽനിന്ന് പഠിക്കുന്ന ശീലം വളരുമ്പോൾ, അറിവിനൊപ്പം വിനയവും പക്വതയും വളരും. അതുകൊണ്ടുതന്നെ, തിരുത്തലുകൾ സ്വീകരിക്കുന്ന വ്യക്തിയോട് മറ്റുള്ളവർക്ക് കൂടുതൽ വിശ്വാസവും ബഹുമാനവും തോന്നും.
തിരുത്തലിലെ സത്യം തിരിച്ചറിയാം
എല്ലാവരും നമ്മെ തിരുത്തുന്നത് ഒരേ രീതിയിലായിരിക്കില്ല. ചിലർ സ്നേഹത്തോടെയും സൗമ്യതയോടെയും കാര്യങ്ങൾ പറഞ്ഞേക്കാം. മറ്റുചിലർ കുറച്ചുകൂടി കടുത്ത രീതിയിലായിരിക്കും സംസാരിക്കുക. എന്നാൽ, അവർ അത് എങ്ങനെ പറഞ്ഞു എന്നതിലുപരി, അവർ പറഞ്ഞതിൽ എന്താണ് സത്യമെന്ന് നോക്കുകയാണ് പ്രധാനം.
മറ്റുള്ളവരുടെ സംസാരരീതി നമുക്ക് നിയന്ത്രിക്കാനാകില്ല. എന്നാൽ, അവർ പറയുന്ന വാക്കുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് നമുക്ക് തീരുമാനിക്കാം. അവർ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ, അത് സ്വീകരിക്കാനുള്ള വിനയം കാണിക്കാം. ചിലപ്പോൾ, കേൾക്കാൻ ബുദ്ധിമുട്ടുള്ള ഒരു വാക്കുതന്നെയായിരിക്കും നമുക്ക് ഏറ്റവും ആവശ്യമായ പാഠം നൽകുന്നത്.
തിരുത്തൽ സ്വീകരിക്കുന്നവനാണ് യഥാർഥത്തിൽ വളരുന്നത്
‘പരിഹാസകനെ കുറ്റപ്പെടുത്തരുത്,അവന്‍ നിന്നെ വെറുക്കും; വിവേകിയെ കുറ്റപ്പെടുത്തുക,അവന്‍ നിന്നെ സ്‌നേഹിക്കും.’ (സുഭാഷിതങ്ങള്‍ 9: 8)
ഒരേ തിരുത്തൽ കേൾക്കുമ്പോൾ ഒരാൾ അത് നന്ദിയോടെ സ്വീകരിച്ചേക്കാം. മറ്റൊരാൾ ദേഷ്യപ്പെടുകയും എതിർക്കുകയും ചെയ്തേക്കാം. വ്യത്യാസം തിരുത്തലിലല്ല, അത് സ്വീകരിക്കുന്ന വ്യക്തിയുടെ മനോഭാവത്തിലാണ്.
സ്വന്തം തെറ്റുകൾ അംഗീകരിക്കാനും മറ്റുള്ളവരിൽനിന്ന് പഠിക്കാനും തയ്യാറാകുന്ന ഒരാൾ ക്രമേണ കൂടുതൽ ജ്ഞാനിയും പക്വതയുള്ളവനുമായി മാറുന്നു. കാരണം, തെറ്റുകൾ മറച്ചുവയ്ക്കുന്നതിലല്ല, അവയിൽനിന്ന് പഠിക്കുന്നതിലാണ് യഥാർഥ വളർച്ച.
നമ്മെ തിരുത്തുന്നവരെ വിലമതിക്കാം
നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഒരാൾ തയ്യാറാകുന്നതുതന്നെ പലപ്പോഴും കരുതലിന്റെ അടയാളമാണ്. നമ്മുടെ നന്മയും വളർച്ചയും ആഗ്രഹിക്കുന്നവരാണ് പലപ്പോഴും നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും തിരുത്താൻ സഹായിക്കുകയും ചെയ്യുന്നത്. എന്നാൽ, എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ല. നമ്മെ വേദനിപ്പിക്കേണ്ടെന്ന് കരുതി ചിലർ ഒന്നും പറയാതെ മാറിനിന്നേക്കാം.
അതുകൊണ്ട്, നല്ല ഉദ്ദേശത്തോടെ നമ്മെ തിരുത്തുന്നവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കാം. അവരുടെ വാക്കുകളിൽ സത്യമുണ്ടെന്ന് മനസ്സിലായാൽ നന്ദിയോടെ സ്വീകരിക്കാം. ഒരു ചെറിയ തിരുത്തൽ പോലും ചിലപ്പോൾ നമ്മെ വലിയൊരു തെറ്റിൽനിന്ന് രക്ഷിച്ചേക്കാം.
തിരുത്തലുകൾ സ്വീകരിക്കാൻ തയ്യാറാകുന്നത് നമ്മുടെ അറിവ് മാത്രമല്ല, നമ്മുടെ സ്വഭാവവും മെച്ചപ്പെടുത്തുന്നു. അതുകൊണ്ട്, ആരെങ്കിലും നമ്മുടെ തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഉടൻ എതിർക്കാതെ ഒരു നിമിഷം ചിന്തിക്കാം: “ഇതിൽനിന്ന് എനിക്ക് എന്താണ് പഠിക്കാനാകുന്നത്?”
ചിലപ്പോൾ, ഈ ഒരു ചിന്ത തന്നെ നമ്മുടെ തെറ്റുകൾ തിരുത്താനും കൂടുതൽ നല്ലൊരു വ്യക്തിയാകാനും സഹായിക്കും.
വിവർത്തനം: ഡിൻസി തോമസ്




